സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Tuesday, June 26, 2012

ഇന്റര്‍നെറ്റിന് പുതിയ വിലാസം

ജൂണ്‍ ആറ് ഒരു സാധാരണ ദിവസംപോലെ കടന്നുപോയെങ്കിലും ഇന്റര്‍നെറ്റിന് അത് ഒരു പ്രധാന ദിവസമായിരുന്നു. ഇന്റര്‍നെറ്റ് 16 വര്‍ഷമായി കാത്തിരിക്കുന്ന ഒരു പുതിയ കാലഘട്ടമാണ്ജൂണ്‍ ആറിന് ഐപിവി ആറാം പതിപ്പി (IPV Version 6)ന്റെ ആരംഭത്തിലൂടെ പിറവിയെടുത്തത്. എന്താണ് ഐപിവി-6 (IPV6), അതുകൊണ്ട് എന്തുവ്യത്യാസമാണ് ഇന്റര്‍നെറ്റിന് ഉണ്ടാകുന്നത് എന്നിവ അറിയണമെങ്കില്‍ കുറച്ചു പഴയകഥകള്‍ പറയേണ്ടിവരും. എഴുപതുകളില്‍ ഒരു പരീക്ഷണമായി തുടങ്ങിയ ഇന്റര്‍നെറ്റ് എന്ന വിവരവിനിമയ ശൃംഖല അതിന്റെ പ്രായോഗികതലത്തില്‍ എണ്‍പതുകള്‍മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
നിങ്ങളുടെ ഫോണ്‍നമ്പര്‍പോലെ ഇന്റര്‍നെറ്റിലെ ഓരോ കംപ്യൂട്ടറുകളെയും തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു സംഖ്യയാണ് ഐപി വിലാസം (IP address). 1981ല്‍ നിലവില്‍വന്ന ഐപിവി-4 (IPV4) എന്ന സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഈ സംഖ്യ ഒരു 32 ബിറ്റ് ബൈനറി സംഖ്യയാണ്. 32 ബിറ്റുകള്‍കൊണ്ട് നിങ്ങള്‍ക്കുണ്ടാക്കാവുന്ന കോമ്പിനേഷനുകള്‍ 232 ആണ്. ഗണിതശാസ്ത്രപ്രകാരം ഇത് ഏകദേശം 430 കോടി ആണ്. അതായത് ലോകത്ത് മൊത്തം 430 കോടി കംപ്യൂട്ടറുകള്‍ ഇന്റര്‍നെറ്റില്‍ ഘടിപ്പിക്കപ്പെട്ടാലും കുഴപ്പമില്ലാതെ അവയെ അഭിസംബോധനചെയ്യാന്‍ പറ്റും എന്നര്‍ഥം. 1981ല്‍ ലോകത്ത് മൊത്തം ഇന്റര്‍നെറ്റിലുള്ള കംപ്യൂട്ടറുകളുടെ എണ്ണം 500ല്‍ താഴെയാണെന്നിരിക്കെ 430 കോടി എന്നത് ഏകദേശം അനന്തത എന്നതിനു തുല്യമായി അന്നത്തെ ശാസ്ത്രജ്ഞര്‍ക്ക് തോന്നിയിരിക്കണം. എന്നാല്‍ 1987 ആയപ്പോഴേക്കും ഉപയോഗിക്കുന്ന കംപ്യൂട്ടറുകളുടെ എണ്ണം 10,000 കടന്നു. “89ല്‍ ഒരുലക്ഷവും “92ല്‍ 10 ലക്ഷവും “94ല്‍ 30 ലക്ഷവും ആയി ഇത് ഉയര്‍ന്നപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതായി എല്ലാവര്‍ക്കും മനസ്സിലായി. 1994ല്‍ ചേര്‍ന്ന യോഗത്തില്‍ത്തന്നെ IPV6 നെക്കുറിച്ച് വ്യക്തമായ ആശയരൂപീകരണം നടന്നു.
മൈക്രോസോഫ്റ്റ് 1996ല്‍ പുറത്തിറക്കിയ വിന്‍ഡോ എന്‍ടി 4.0 എന്ന നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു. നേരത്തെ സൂചിപ്പിച്ചപോലെ ഐപിവി 4ല്‍ 32 ബിറ്റ് സംഖ്യയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഐപിവി 6ല്‍ ഇത് 128 ബിറ്റുകളായി വര്‍ധിച്ചു. 32 ബിറ്റ് എന്നത് വെറും ഒരു ബിറ്റ് വര്‍ധിപ്പിച്ച് 33 ബിറ്റ് ആക്കിയാല്‍തന്നെ 430 കോടി എന്നത് 860 കോടി ആയി മാറും എന്ന് ഓര്‍ക്കുക. അപ്പോള്‍ 2128 എന്ന സംഖ്യ എഴുതിയാല്‍ കിട്ടുന്നത് എത്രയെന്ന് സമയംകിട്ടുമ്പോള്‍ എഴുതി നോക്കാനേ പറ്റൂ. അതായത് ഭൂമിയുടെ ഓരോ ചതുരശ്ര ഇഞ്ചിലും 10 ലക്ഷം ഐപി വിലാസം ഉള്‍ക്കൊള്ളിക്കാന്‍ മാത്രം വലിയൊരു സംഖ്യയാണിത്. ഇത്രയും പ്രയോജനങ്ങളുള്ള ഈ ഐപിവി-6 ലേക്കു മാറാന്‍ 1996-ല്‍ ഇന്റര്‍നെറ്റ്സമൂഹം തയ്യാറായില്ല. അതിനു പകരം മറ്റു ചില സാങ്കേതികരീതികളിലൂടെ ഐപി വിലാസത്തിന്റെ ക്ഷാമം പരിഹരിച്ച് താല്‍ക്കാലികമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചത്. പ്രൈവറ്റ് ഐപി, ഡിഎച്ച്സിപി, നാറ്റ്, സബ്നെറ്റിങ് (Private IP, DHCP, NAT, Subnetting) തുടങ്ങിയ സാങ്കേതികവിദ്യകളൊക്കെ അതിനുവേണ്ടി കണ്ടുപിടിക്കപ്പെട്ടവയാണ്. ഐപിവി-6 ലേക്കു മാറാനുള്ള പ്രധാന തടസ്സം ലോകത്തുള്ള ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട എല്ലാ ഉപകരണങ്ങളും ഇതിനുവേണ്ടി സജ്ജമാക്കാന്‍ വേണ്ടിവരുന്ന പ്രയത്നവും പിന്നെ നിലവിലുള്ള രീതിമാറ്റി പുതിയതിലേക്കു മാറാനുള്ള മടിയും ആയിരുന്നു. അതായത് 16 വര്‍ഷമായി ഈ ആശയത്തെ പൂര്‍ണമായി നടപ്പാക്കാന്‍ മടികാണിച്ചാണ് ഇന്റര്‍നെറ്റ് പ്രവര്‍ത്തിച്ചത്.
എന്നാല്‍ ഈ നില തുടര്‍ന്നാല്‍ 2013-ഓടെ നിലവിലുള്ള ഐപി വിലാസങ്ങളുടെ ലഭ്യത പൂര്‍ണമായും അവസാനിക്കും എന്ന അവസ്ഥയാണ് ഐപിവി-6 ലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തിയത്. ജൂണ്‍ ആറുമുതല്‍ ലോകത്തിന്റെ എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കളും ഗൂഗിള്‍ അടക്കമുള്ള പ്രമുഖ വെബ്സൈറ്റുകളും സിസ്കോ ഉള്‍പ്പെടെയുള്ള ഉപകരണനിര്‍മാതാക്കളും പൂര്‍ണമായി ഐപിവി-6 ലേക്കു മാറി. അതായത് 74.125.236.196 എന്ന ഐപി വിലാസത്തിലുള്ള google.com എന്ന വെബ്സൈറ്റ് 2001:4860:6002:0000:0000:0000:00068 എന്ന മാതൃകയിലേക്കുള്ള ഐപിയിലേക്കു മാറി.

എഴുതിയത് shyamlal.t.pushpan

Network professional, Entrepreneur, technology enthusiast, still not a geek - Website: www.AskShyam.com



No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on