സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label poem. Show all posts
Showing posts with label poem. Show all posts

Wednesday, April 04, 2012

കവിത--ഇനിയെത്രനാള്‍





 
 
ഇനിയെത്ര നാള്‍ നമ്മള്‍ ഈ ഭൂവിലൊന്നിച്ചു
കഴിയുമെന്നറിയില്ല കൂട്ടുകാരാ
ഇടനെഞ്ചിലൂറുമീ സ്നേഹവും, പരിഭവ -ക്കരടും, പിണക്കവും എത്രനേരം
ഒന്നു പിണങ്ങിയാല്‍ പിന്നെയിണങ്ങുവാന്‍
നേരമുണ്ടാകുമോ കൂട്ടുകാരാ.....

മിണ്ടാതെ നമ്മള്‍ കഴിച്ചു കൂട്ടി- പല
വല്ലായ്മയുള്ളില്‍ പൊതിഞ്ഞു കെട്ടി
മുനയുള്ള വാക്കിനാല്‍ മുറിവേകി നാം തമ്മില്‍
അകലുന്നതീ സൂര്യന്‍ സാക്ഷിയായി.
 
ഉള്ളിലപ്പോഴും നനുത്ത മഴച്ചാറ്റ-ലെന്നപോല്‍ സ്നേഹം പൊടിഞ്ഞിരുന്നു.ഇല്ലെന്നു താനേ വിളിച്ചു ചൊല്ലുമ്പോഴും
വല്ലാത്തൊരനുഭൂതിയായിരുന്നു.നീയടുത്തെത്തുമ്പോ, ളേതോ പുരാതന
സൗഹൃതം താനേ തളിര്‍ത്തിരുന്നു.എങ്കിലും, ആശ്ലേഷണത്തിന്‍ മധുരമായ്
പെയ്യാതെ നമ്മള്‍ പറന്നുപോയി.


ഞാനെന്നഹംബോധ മത്സരച്ചൂളയില്‍
നാംതമ്മിലങ്കം കുറിച്ചതല്ലേ
പോര്‍വിളിച്ചെത്തിയ പോരായ്മയാകെയും
കാലം നരപ്പിച്ചിരുത്തിയില്ലേ
ഓര്‍മ്മച്ചതുപ്പില്‍ ഞാന്‍ തീതുപ്പി നിന്നൊരാ
പ്രായം ചികഞ്ഞെടുക്കുന്നു
ഓരോന്നുരച്ചു കൊഴുത്തൊരീ ജീവിതം
ഓടിത്തളര്‍ന്നു വീഴുന്നു....

തനുവും, തരളാവബോധങ്ങളും തളര്‍-ന്നവിടെ നീ തനിയെയാകുമ്പോള്‍,അരുകിലേയ്ക്കെത്തുവാ, നാകാതെ ഞാന്‍ദൂരെ
കേവലത തന്നിലുറയുന്നു.

ഇനിയെത്രനാള്‍ നമ്മള്‍, ഈ ഭൂവിലൊന്നിച്ചു
കഴിയുമെന്നറിയില്ല കൂട്ടുകാരാ
കലഹമൊരു കലയല്ല....! സ്നേഹമൊരു കവിതയായ്
എഴുതാന്‍ മറന്നു നാം കൂട്ടുകാരാ.