സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Wednesday, November 13, 2013

സന്ധ്യാ പ്രാര്‍ഥനയുടെ പ്രസക്തി

സന്ധ്യാ പ്രാര്‍ഥനയുടെ പ്രസക്തി




കേരളത്തിന്റെ ഒരു പ്രത്യേകത യാണല്ലോ സന്ധ്യാ പ്രാര്‍ത്ഥന. നിലവിളക്ക് കൊളുത്തി വച്ചുള്ള പ്രാര്‍ഥനാ രീതി ഇന്ന് ഹിന്ദുക്കള്‍ മാത്രമല്ല ചെയ്യുത് വരുന്നത്. ഇത് തന്നെ സന്ധ്യാ സമയത്തെ ആ നിലവിളക്കിന്റെ സാന്നിധ്യം എത്ര മഹത്തരം ആണെന്നതിന്റെ തെളിവാണ്. നമ്മുടെയെല്ലാം സ്രഷ്ടാവും നമ്മെ നിയന്ത്രിക്കുന്ന ആ പരമാത്മാവ്‌ ഒരു വലിയ വെളിച്ചമാണ്. ആ വെളിച്ചത്തിന്റെ ചെറു കണികകളാണ് നമ്മുടെയുള്ളില്‍ വിളങ്ങുന്നതും. അങ്ങനെയുള്ള ഈസ്വരനാകുന്ന വെളിച്ചത്തിന്റെ പ്രതീകമാണ് നമ്മുടെ വിളക്ക്. സന്ധ്യാ സമയത്ത് നാമ ജപം കേരളത്തിന്റെ ഒരു ട്രേഡ് മാര്‍ക്ക്‌ ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നത്തെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. ഇന്ന് കേരളത്തില്‍ സന്ധ്യാ സമയത്ത് വീടുകളില്‍ നിന്നും ഉയരുന്നത് (എല്ലായിടത്തുമല്ല) ഈശ്വര മന്ത്രങ്ങള്‍ അല്ല! മറിച്ച് അട്ടഹാസങ്ങളും വെല്ലുവിളികളും കരച്ചിലും ആളുകളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഉപദേശങ്ങളും ഉപജാപങ്ങളുടെയും അവിഹിത ബന്ധങ്ങളുടെയും നിറം പിടിപ്പിച്ച കഥകളുമാണ്‌ - ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല TV സീരിയലുകളുടെ ചാനല്‍ പ്രവാഹങ്ങളാണ്. നമ്മള്‍ പേരിനു ഒരു നിലവിളക്ക് കത്തിച്ചു വയ്ക്കും. കൂടെ ഒരു സീരിയലും. നിലവിളക്കിന്റെ മുന്നില്‍ പിന്നെ കേള്‍ക്കുന്നത് കൂട്ട "നിലവിളികള്‍"ആണ്. വിളക്ക് കത്തിക്കുന്ന സമയത്തെങ്കിലും TV നിര്‍ത്തിക്കൂടെ?

പൊതുവേ വീടുകളില്‍ ഒരു വിചാരം ഉള്ളത് സന്ധ്യാ നാമം കേവലം സ്ത്രീകളുടെയും കുട്ടികളുടെയും മാത്രം "ജോലി" ആണെന്നാണ്‌. വീട്ടിലെ പുരുഷന്മാര്‍ എന്തുകൊണ്ട് സന്ധ്യാനാമം ചൊല്ലുന്നില്ല?(ഞാന്‍ കാടടച്ചു വെടിവയ്കുകാണെന്ന് വിചാരിക്കരുത്, ചെയ്യാത്തവരെ മാത്രമാണ് ഉദ്ദേശിക്കുന്നത്)

നമ്മുടെയെല്ലാം ജീവന്റെ അടിസ്ഥാനമായ ഈശ്വരനോട് കൂടുതല്‍ അടുത്ത് ജീവിക്കാന്‍ കിട്ടുന്ന ഒരു അവസരമാണ് പ്രാര്‍ത്ഥന സമയം. മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തി തന്നെ തന്നെ ഈശ്വരന് അര്‍പ്പിച്ചു കൊണ്ട് ചെയ്യുന്ന പ്രാര്‍ഥനയാണ് ഏറ്റവും ഉത്തമം എന്ന് ഗുരുദേവന്‍ ആത്മോപദേശ ശതകത്തിലെ 29 ആം ശ്ലോകത്തില്‍ പറയുന്നത് നോക്കൂ:

മനമലര്‍ കൊയ്ത്തു മഹേശ പൂജ ചെയ്യും

മനുജന് മറ്റൊരു വേല ചെയ്യ്തിടെന്ട

വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ

മനുവുരുമിട്ടു മിരിക്കില്‍ മായ മാറും"

ജഗദീശ്വരന്റെ ഉത്തമ പൂജക്ക്‌ ഏറ്റവും നല്ലത് തന്നെതന്നെഈശ്വരന് ഒരു പുഷ്പം അര്‍പ്പിക്കുന്നതിനു സമാനമായി അര്‍പ്പിച്ചു കൊണ്ട്ചെയ്യുന്ന പൂജആണെന്നാണ്‌. അങ്ങിനെയുള്ള പ്രാര്‍ത്ഥന നാം കേവലംനമ്മുടെമാത്രം സുഖത്തിനും സുഭിക്ഷതക്കും വേണ്ടി മാത്രമല്ല "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാ വിശാല ആഗ്രഹത്തോടെ ചെയ്യുമ്പോള്‍ നമ്മുടെപ്രാര്‍ഥനയുടെ അര്‍ത്ഥവും വ്യാപ്തിയും ഫലവും പതിന്‍ മടങ്ങ്‌ വര്‍ധിക്കുന്നു.

എല്ലാവര്ക്കും സന്ധ്യാ സമയത്ത് വീട്ടില്‍ എത്താന്‍ സാധിക്കുകയില്ല.ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വ്യവസായ വാണിജ്യ മേഘലയിലും മറ്റു സേവന മേഘലകളിലും ജോലി ചെയ്യുന്നവര്‍ ഒക്കെയും പക്ഷെ സൌകര്യ പ്രദമായ സമയം ദിവസവും പ്രാര്‍ത്ഥനക്കായി മാറ്റി വയ്ക്കേണ്ടതാണ്.കുടുംബാഗങ്ങലെല്ലാം കൂടി ഒരുമിച്ചു ഈശ്വരനെ സ്മരിക്കുമ്പോള്‍ ആ കുടുംബത്തിലെ ഈശ്വര ചൈതന്യം കൂടുതല്‍ തെളിമയുള്ളതാകുന്നു.അത് നമ്മുടെ ജീവിതചര്യ ആകുമ്പോള്‍ "അപരന് വേണ്ടി അഹര്‍ന്നിശം കൃപണത വിട്ടു പ്രയത്നം ചെയാനുള്ള കൃപ" നമ്മളില്‍ ഉണ്ടാകും.

സന്ധ്യാ നേരത്ത് നമ്മുടെ ഭവനങ്ങള്‍ ഈശ്വര മന്ത്രങ്ങളാല്‍ അനുഗ്രഹീതമാകുവാനും ജഗദീശ്വരന്റെസാന്നിധ്യം ഏവര്‍ക്കും അനുഭവിച്ച റിയാനും കഴിയുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

കടപ്പാട് : പ്രഭാകരന്‍ രുമോന്‍ : www.gurudevan.net

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on