വിപണി
മൂല്യസംസ്‌കാരം
==================
ആഗോളവിപണിയും കുടുംബവും
പ്രേമവിവാഹങ്ങള്‍
ചിലപ്പോഴൊക്കെ ഇതിനപവാദമായി സംഭവിക്കാറുണ്ടെങ്കിലും ഭൂരിഭാഗം വിവാഹങ്ങളും
പണത്തെ ആശ്രയിച്ചുതന്നെയാണ് നിലനില്‍ക്കുന്നത്. കുടുംബം, കുലമഹിമ,
ആഭിജാത്യം എന്നിവയെല്ലാം ഇന്ന് വലിയ ഗുണങ്ങളല്ലാതാവുകയും ഇവയെയെല്ലാം
നിയന്ത്രിക്കപ്പെടുകയോ അപ്രസക്തങ്ങളാക്കുകയോ ചെയ്യുന്നത് പണമായിത്തീരുകയും
ചെയ്തു. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന നിയമം
നിലവിലുള്ളപ്പോള്‍ തന്നെ അത് യഥേഷ്ടം നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നു.
മനുഷ്യബന്ധങ്ങളുടെ കൂട്ടായ്മയ്ക്കുപകരം കമ്പോളലാഭത്തിന്റെ കൂട്ടായ്മകള്‍
സ്ഥാനം പിടിച്ചു. പണംകൊടുത്തുവാങ്ങുന്ന ഭര്‍ത്താവിന്റെ അഭിപ്രായങ്ങള്‍ക്ക്
എന്തുപ്രസക്തി എന്ന ചോദ്യം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. വികാരവിചാരങ്ങളുടെ
ബന്ധത്തിനപ്പുറം വിനിമയം ചെയ്യപ്പെടുന്നത് ക്യാപിറ്റലിസ്റ്റ് മോഹങ്ങളാണ്.
കുട്ടികളുണ്ടാകുന്നതും വളര്‍ത്തുന്നതുമെല്ലാം കുലംനിലനിര്‍ത്താന്‍,
തലമുറകളുടെ ആവശ്യങ്ങള്‍ക്ക് എന്നതിനപ്പുറം ഒരു തരം സൗന്ദര്യാത്മക
പ്രവര്‍ത്തനമായിമാറി. കുട്ടികളുണ്ടാകുന്നത് ഒരു കുറ്റമായി കരുതുന്ന
ദമ്പതികളും ഇല്ലാതില്ല. അച്ഛനമ്മമാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും
സ്വാതന്ത്ര്യത്തിനും കുട്ടികള്‍ വിഘാതമായിമാറുന്നതാതി അവര്‍
വിശ്വസിക്കുന്നു.

വിവാഹാലോചനകള്‍,
പെണ്ണുകാണല്‍, നിശ്ചയിച്ചുറപ്പിക്കല്‍ തുടങ്ങിയവയിലെല്ലാം ഏറെ മാറ്റങ്ങള്‍
സംഭവിച്ചുകഴിഞ്ഞു. ‘പെണ്ണുകാണല്‍’ എന്ന പദംതന്നെ മാറി ഇനി ‘ആണുകാണല്‍’
എന്നപദം സ്ഥാനം നേടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. മുന്‍പെല്ലാം പെണ്ണിനെ
കാണാന്‍ പുരുഷനെത്തുമ്പോള്‍ പെണ്ണ് ലജ്ജാവിവശയായി പുരുഷന്റെ മുഖത്തുപോലും
നോക്കാതെ നില്‍ക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ പുരുഷന്‍ പെണ്ണിനെ
കാണാന്‍പോകുന്നത് അല്‍പം പരുങ്ങലോടെയാണെന്നു പറയാം. പെണ്ണ് മുന്നോട്ടു
വയ്ക്കുന്ന പല അഭിപ്രായങ്ങളും പുരുഷനെ തെല്ല് ആശങ്കപ്പെടുത്തിയേയ്ക്കാം.
പുരുഷന്‍ ഏതുതരം വസ്ത്രം ധരിക്കണം എന്തെല്ലാം ശീലങ്ങള്‍ സ്വീകരിക്കണം,
എന്തെല്ലാം ശീലങ്ങള്‍ വെടിയണം എന്നെല്ലാം കല്‍പിക്കുവാന്‍ ധൈര്യമുള്ളവളാണ്
ഇന്നത്തെ സ്ത്രീ. അതുപോലെ ഏതുതരം സൗന്ദര്യവര്‍ദ്ധകവസ്തു അണിഞ്ഞാലാണ് സ്ത്രീ
കൂടുതല്‍ സുന്ദരിയാകുന്നതെന്ന അഭിപ്രായങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതില്‍
മിടുക്കന്മാരായ യുവാക്കന്മാരും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസവും
സംസ്‌കാരവും നാഗരികതയുമെല്ലാം ഒരുപോലെ സ്വാധീനിക്കപ്പെട്ട പുതുതലമുറയ്ക്ക്
സങ്കോചമില്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് കൂടുതലാണെന്നു
സമ്മതിച്ചേ തീരൂ. അച്ഛനമ്മമാരുടെയോ കാരണവന്മാരുടെയോ അഭിപ്രായം
കാത്തിരിക്കുന്ന കാലം കഴിഞ്ഞുപോയി. സ്വന്തം കാലില്‍ നിന്നു പറയാനും
പ്രവര്‍ത്തിക്കാനുമുള്ള ശക്തി വേഗത്തില്‍ സമ്പാദിക്കുന്നവരായി അവര്‍
മാറപ്പെട്ടു. അതിന്റെ ഫലമായി ഞാന്‍ എന്ന ചിന്തയും സ്വയം എന്ന ബോധവും
കൂടുതലായിത്തീര്‍ന്നു.
ഇതിന്റെ
ഫലമായി സാമൂഹ്യബോധം തീരെ മുറിഞ്ഞ് ‘വ്യക്തി’ എന്ന സങ്കല്‍പം മാത്രം
ശ്രദ്ധിക്കപ്പെട്ട ഒരവസ്ഥ ജീവിതത്തിന് കൈവന്നു. വലിയ ശംമ്പളം കിട്ടുന്ന
ജോലിയും ഉന്നതനിലവാരത്തിലുള്ള ജീവിതരീതികളും ആധുനിക ഫാഷന്‍
ജീവിതമോഹങ്ങളുമെല്ലാം യുവത്വത്തെ പാരമ്പര്യനിഷേധികളാക്കിമാറ്റുവാന്‍
പര്യാപ്തമാക്കിത്തീര്‍ന്നു.
അല്‍പസുഖത്തിനുവേണ്ടിയുള്ള അമിതാവേശം
പോലെ പാഞ്ഞുപോകുന്ന ആധുനികജീവിതംക്ഷമയോ സഹിഷ്ണുതയോ ഇല്ലാത്തവരുടെ
കൂത്തരങ്ങായി മാറപ്പെട്ടു. കമ്പോളത്തിലെ ഉല്‍പന്നങ്ങള്‍ എന്നതിനപ്പുറം
ജീവിതത്തിന് അര്‍ത്ഥമില്ലാതായി. ഒരു പക്ഷേ ഇതാണ് ഇന്നത്തെ ജീവിതം
അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് സമ്മതിച്ചേ പററൂ. വേഗത്തില്‍
തകരുന്ന കുടുംബദാമ്പത്യ ബന്ധങ്ങുളുടെ പട്ടിക പരിശോധിച്ചാല്‍ അവയുടെ ‘വിപണി
മൂല്യസംസ്‌കാരം’ വ്യക്തമാകും.
എഴുതിയത്: സുധാകരന്‍ ചന്തവിള

No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on