മെറിറ്റുണ്ടായാലും നിയമനം സംവരണത്തില്‍
സുദേഷ് എം ആര്‍
പട്ടിക
ജാതി/വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് എത്ര മാര്‍ക്കുണ്ടായാലും അവരെ സംവരണത്തിലേ അവിടെ നിയമിക്കൂ. അപവാദങ്ങള്‍ ഇല്ലെന്നല്ല.മെയിന്‍ റൊട്ടേഷന്‍
(MR) തുടങ്ങുന്ന ആദ്യ യൂണിറ്റാണ് ആ അപവാദം. അവിടെ സംവരണ സമുദായ
ഉദ്യോഗാര്‍ഥികള്‍ക്കും മെറിറ്റില്‍ നിയമനം കിട്ടാം. പിന്നങ്ങോട്ട് മെറിറ്റ്
സീറ്റെന്നത് സംവരണ സമുദായക്കാരെ സംബന്ധിച്ചിടത്തോളം ബാലികേറാമലയാണ്.
രണ്ടാമത്തെ യൂണിറ്റു മുതല്‍ പിന്നോക്ക-പട്ടികജാതി/വര്‍ഗ ഉദ്യോഗാര്‍ഥികളെ
സംവരണത്തില്‍ മാത്രം തിരഞ്ഞെടുക്കുകയും അവരേക്കാള്‍ മാര്‍ക്കു കുറഞ്ഞ
മുന്നോക്ക സമുദായ ഉദ്യോഗാര്‍ഥികളെ മെറിറ്റിലും തിരഞ്ഞെടുക്കുന്ന
ഏര്‍പ്പാടാണ് കേരള പി.എസ്.സിയില്‍ കണ്ടു വരുന്നത്.
മിക്കവരുടെയും ധാരണ, പി.എസ്.സി മുഖേനയുള്ള നിയമനങ്ങളില്‍ എസ്. സി -എസ്.റ്റി -ഓ.ബീ.സീ വിഭാഗങ്ങള്‍ക്ക് അഥവാ സംവരണ സമുദായക്കാര്‍ക്ക് സംവരണ സീറ്റുകള്‍ കൂടാതെ മെറിറ്റിലും കാര്യമായി സീറ്റുകള്‍ ലഭിക്കുമെന്നാണ്. എന്നാല്‍ വാസ്തവം അങ്ങനെയല്ല. റാങ്ക് ലിസ്റ്റില്‍ എത്ര മുന്നിലെത്തിയാലും മെറിറ്റ് സീറ്റുകള്‍ സംവരണ സമുദായക്കാര്‍ക്ക് ഇപ്പോഴും മരീചിക തന്നെയാണ്. പി.എസ്.സി.യുടെ കുപ്രസിദ്ധമായ 20 യൂണിറ്റ് റൊട്ടേഷന്‍ സമ്പ്രദായത്തിന്റെ തകരാറുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഈ
വിഷയകമായി ചില പിന്നോക്ക സമുദായ സംഘടനകളും ഉദ്യോഗാര്‍ഥികളും സുപ്രീം കോടതി
വരെ നിയമ പോരാട്ടം നടത്തിയെങ്കിലും പി.എസ്.സിയുടെ നിയമനരീതിയില്‍ മാറ്റം
വരുത്താന്‍ സാധിച്ചില്ല. നിയമനരീതിയില്‍ മാറ്റം വരുത്തേണ്ടത് കോടതിയല്ല മറിച്ച് സര്‍ക്കാരാണെന്നും മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരായ പട്ടിക ജാതി-പട്ടിക വര്‍ഗ-മറ്റു
പിന്നോക്ക സമുദായ ഉദ്യോഗാര്‍ഥികള്‍ സംവരണ സീറ്റു് കവരാനിടവരരുതെന്നും
അവര്‍ക്ക് ഓപ്പണ്‍ മെറിറ്റ് സീറ്റു തന്നെ നല്‍കണമെന്നും
വ്യക്തമാക്കിക്കൊണ്ടു് പ്രസിദ്ധമായ 50:50 കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായം വന്നിട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് മൂന്നു വര്‍ഷം തികഞ്ഞു. എന്നിട്ടും സംഗതികളില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്നു സൂചിപ്പിക്കാനാണ് മുകളില്‍ ‘ഇപ്പോഴും‘ എന്നതിന് അല്പം ഊന്നല്‍ നല്‍കിയത്.
മാര്‍ക്കു
കൂടിയവരെ മെറിറ്റിലും മാര്‍ക്കു കുറഞ്ഞവരെ സംവരണത്തിലും നിയമിക്കുക
എന്നതാണല്ലോ ഏതു നിയമനരീതിയിലും സ്വീകരിച്ചു പോരുന്ന സാമാന്യ തത്ത്വം! നിരവധി കോടതിവിധികളും അക്കാര്യം ഊന്നിപ്പറഞ്ഞിട്ടുള്ളതുമാണ്. മെറിറ്റില്‍ നിയമിക്കേണ്ടവരെ സംവരണത്തില്‍ നിയമിച്ചാല്‍ സംവരണ സീറ്റില്‍ നിയമിക്കേണ്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുന്നു. അതു നഷ്ടമാകരുതെന്നാണ് മേല്‍പ്പറഞ്ഞ സുപ്രീം കോടതിവിധിയും സ്പഷ്ടമാക്കുന്നത്. എന്നാല്‍ കേരള പി എസ് സിയില്‍ കാര്യങ്ങള്‍ക്കു വ്യത്യാസം വന്നിട്ടില്ല. പിന്നോക്ക- പട്ടിക ജാതി/വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് എത്ര മാര്‍ക്കുണ്ടായാലും അവരെ സംവരണത്തിലേ അവിടെ നിയമിക്കൂ.അപവാദങ്ങള്‍ ഇല്ലെന്നല്ല.മെയിന്‍ റൊട്ടേഷന്‍ (MR) തുടങ്ങുന്ന ആദ്യ യൂണിറ്റാണ് ആ അപവാദം.അവിടെ സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ക്കും മെറിറ്റില്‍ നിയമനം കിട്ടാം. പിന്നങ്ങോട്ട് മെറിറ്റ് സീറ്റെന്നത് സംവരണ സമുദായക്കാരെ സംബന്ധിച്ചിടത്തോളം ബാലികേറാമലയാണ്. രണ്ടാമത്തെ യൂണിറ്റു മുതല്‍ പിന്നോക്ക-പട്ടികജാതി/വര്‍ഗ
ഉദ്യോഗാര്‍ഥികളെ സംവരണത്തില്‍ മാത്രം തിരഞ്ഞെടുക്കുകയും അവരേക്കാള്‍
മാര്‍ക്കു കുറഞ്ഞ മുന്നോക്ക സമുദായ ഉദ്യോഗാര്‍ഥികളെ മെറിറ്റിലും
തിരഞ്ഞെടുക്കുന്ന ഏര്‍പ്പാടാണ് കേരള പി.എസ്.സിയില്‍ കണ്ടു വരുന്നത്.
ഇതൊക്കെ ഇതെഴുതുന്നയാളിന്റെ ഭാവനാ സൃഷ്ടിയാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം. അവര്‍ക്കായി, ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍(എം .ബി.ബി.എസ്. ഡോക്റ്റര്‍മാരുടെ പ്രവേശന തസ്തികയാണ് അസിസ്റ്റന്റ് സര്‍ജന്‍ )മാരെ തിരഞ്ഞെടുക്കാനായി 2008ലും 2011ലും പ്രാബല്യത്തില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ ഇവിടെ വിശകലന വിധേയമാക്കുകയാണ്.(ഈ രണ്ടു ലിസ്റ്റുകളും അവയില്‍ നിന്നുള്ള നിയമന ശുപാര്‍ശയും പി.എസ്.സിയുടെ വെബ്സൈറ്റില്‍ ഇപ്പോഴും ലഭ്യമായതിനാല്‍ വായനക്കാര്‍ക്ക് ഇക്കാര്യം സ്വയം പരിശോധിച്ചു ബോധ്യപ്പെടാവുന്നതുമാണ്.)
2008 മാര്‍ച്ച് 3നു പ്രാബല്യത്തില്‍ വന്ന റാങ്ക് ലിസ്റ്റില്‍(മെയിന്‍ ലിസ്റ്റില്‍) 1911 പേരാണുള്ളത്. അതില്‍ 791 പേര്‍ സംവരണ സമുദായങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളാണ്.അതായത് 41.39 % പേര്‍.സമുദായം തിരിച്ചുള്ള പട്ടിക താഴെ കാണാം.(ടേബിള്‍ 1 കാണുക)
ഇനി 2011ല്‍ (ജനുവരി 13ന്) പ്രാബല്യത്തില്‍ വന്ന റാങ്ക് ലിസ്റ്റിലെ അവ സ്ഥ നോക്കാം. മൊത്തം 2145 പേരുള്ള മെയിന്‍ ലിസ്റ്റില്‍ 900 പേരാണ് സംവരണ സമുദായക്കാര്‍. ശതമാനത്തില്‍ നേരിയ വര്‍ധന ഉണ്ട്. 41.96 %.സമുദായം തിരിച്ചുള്ള അവസ്ഥ ഇങ്ങനെയാണ്.(ടേബിള്‍ 2 കാണുക)
ഈ രണ്ടു പട്ടികകള്‍ വിശകലനം ചെയ്താല്‍ മനസ്സിലാക്കാനാവുന്ന വസ്തുതകള്‍ ഇവയാണ്:
1.ജനസംഖ്യയില്‍ ഏതാണ്ട് 85 ശതമാനം
ഉണ്ടെന്നു പറയപ്പെടുന്ന സംവരണ സമുദായക്കാര്‍ മുന്നോക്ക സമുദായക്കാരെ
അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും ഇപ്പോഴും
വളരെ പിന്നണിയില്‍ത്തന്നെയാണെന്നു കരുതേണ്ടിയിരിക്കുന്നു.കേവലം 41.5 ശതമാനം പ്രാതിനിധ്യം മാത്രമാണ് അവര്‍ക്ക് ഈ ലിസ്റ്റിലുള്ളത്.അതായത്
പ്രൊഫഷനല്‍ യോഗ്യതയാവശ്യമുള്ള ഒന്നാം ക്ലാസ് ഉദ്യോഗങ്ങളുടെ റാങ്ക്
ലിസ്റ്റില്‍ തങ്ങളുടെ ജനസംഖ്യയുടെ പകുതി പ്രാതിനിധ്യം പോലും നേടാന്‍
കേരളത്തിലെ പിന്നോക്ക സമുദായങ്ങള്‍ക്ക് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും
ആവുന്നില്ല.
2.ജനസംഖ്യാനുപാതിക പ്രാതിനിധ്യം പോയിട്ട് തങ്ങളുടെ സംവരണ വിഹിതത്തിനനുസരിച്ചുള്ള പ്രാതിനിധ്യം പോലും നേടാന്‍ ഈഴവരുള്‍പ്പെടെയുള്ള ഓ.ബീ.സീകള്‍ക്കായിട്ടില്ല.* മുസ്ലിങ്ങളും ഓ.ബീ.സീകളും മാത്രമാണ് തങ്ങളുടെ സംവരണവിഹിതത്തിനപ്പുറമുള്ള പ്രാതിനിധ്യം റാങ്ക് ലിസ്റ്റിലെങ്കിലും നേടിയെടുത്തിട്ടുള്ളത്. ഉദാഹരണമായി, ഈഴവര്‍ക്ക് 2008 ല്‍ 12.45% പ്രാതിനിധ്യം ലിസ്റ്റിലുണ്ടായിരുന്നു. ജനസംഖ്യയില്‍ 25-30 ശതമാനമുണ്ടെന്ന് അവകാശപ്പെടുന്ന ആ സമുദായത്തിന് തങ്ങളുടെ സംവരണവിഹിതമായ 14 ശതമാനം പ്രാതിനിധ്യം പോലും ലിസ്റ്റില്‍ നേടാനായില്ലെന്നു മാത്രമല്ല, 2011 ആയപ്പോഴേക്കും അതു പോലും കുറഞ്ഞ് 11.98 ശതമാനം ആയി. ഇക്കാര്യത്തില്‍ പട്ടികജാതി-പട്ടിക വര്‍ഗക്കാരേക്കാള്‍ പരിതാപകരമാണ് ഈഴവരുടെയും ചില പിന്നോക്ക സമുദായങ്ങളുടെയും സ്ഥിതി. പട്ടിക ജാതിക്കാര്‍ക്ക് രണ്ടിലും ഏതാണ്ട് തങ്ങളുടെ സംവരണ വിഹിത(8%)ത്തിന് അടുത്തുവരുന്ന പ്രാതിനിധ്യം, അതായത് ഏഴര ശതമാനത്തോളം ,നേടാനായിട്ടുണ്ട്. എന്നാല്‍
നാലു ശതമാനം സംവരണവിഹിതമുള്ള ലത്തീന്‍ കത്തോലിക്കര്‍ക്കോ മൂന്നു ശതമാനം
സംവരണ വിഹിതമുള്ള വിശ്വകര്‍മ ജര്‍ക്കോ അതിന്റെ പകുതി പ്രാതിനിധ്യം പോലും ലിസ്റ്റില്‍ നേടാനായിട്ടില്ല.
(കേവലം രണ്ടു ലിസ്റ്റുകള്‍ വച്ച് സാമാന്യവത്കരണത്തില്‍ എത്തുകയല്ല ഇവിടെ.മറ്റു ലിസ്റ്റുകളിലെ നിയമനം പരിശോധിച്ചാലും അവയും വലിയ വ്യത്യാസം കാണിക്കുന്നില്ലെന്നു കാണാം.)
ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര സംവരണ സമുദായക്കാര്‍ക്ക് മെറിറ്റില്‍ നിയമനം കിട്ടി എന്ന് ഇനി നമുക്കു പരിശോധിക്കാം. 2008ലെ ലിസ്റ്റില്‍ നിന്നു നിയമനം ആരംഭിക്കുന്നത് 12.5.2008ലാണ്. 2010 ഒക്റ്റോബര്‍ 7 വരെ ആകെ 1665 പേരെയാണ് പി എസ് സി അഡ്വൈസ് ചെയ്തത്. 808പേരെ മെറിറ്റിലും അതായത് ഓ സി ടേണിലും 808 പേരെ സംവരണ(റിസര്‍വേഷന്‍)ടേണിലും തിരഞ്ഞെടുത്തു.49പേരെ വികലാംഗ സംവരണത്തിലും തിരഞ്ഞെടുത്തു. മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട 808 പേരില്‍ ആകെ 9 സംവരണ സമുദായ ഉദ്യോഗാര്‍ഥി കളെ ( 7മുസ്ലിം, 2 ധീവര)മാത്രമാണ് പി എസ് സി ഓ. സി.(മെറിറ്റ്) ടേണില്‍ നിയമനത്തിനായി ശിപാര്‍ശ ചെയ്തത്. ബാക്കി 799 പേരും സംവരണേതര സമുദായക്കാര്‍ മാത്രം. ഈ ഏഴു മുസ്ലിങ്ങള്‍ തന്നെ വരാന്‍ കാരണം, ഏറ്റവും
അവസാ നത്തെ കുറച്ചു റാങ്കുകാര്‍ അടുപ്പിച്ച് മുസ്ലിങ്ങള്‍ തന്നെയായതിനാലും
അവസാനത്തെ മുന്നോക്ക സമുദായ ഉദ്യോഗാര്‍ഥിയ്ക്കു വരെ അതിനകം നിയമനം
കിട്ടിയിരുന്നതിനാലും ആണ്. ഈ ലിസ്റ്റ് വായനക്കാര്‍ ദയവായി ഒന്നു പരിശോധിക്കുക. ആദ്യത്തെ നൂറു റാങ്കുകാരില്‍ 19 സംവരണ സമുദായക്കാരു(8ഈഴവര്‍, 6മുസ്ലി ങ്ങള്‍, 2 ഓ ബീ സീക്കാര്‍, 1 ലത്തീന്‍ കത്തോലിക്കന്‍, 1പട്ടികജാതിക്കാരന്‍, 1 വിശ്വകര്‍മ)ണ്ട്. ഇവരേക്കാള്‍ എത്രയോ മാര്‍ക്കു കുറഞ്ഞ ഏറ്റവും അവസാനത്തെ (1907-ാം റാങ്ക്) മുന്നോക്ക സമുദായ ഉദ്യോഗാര്‍ഥിയെ വരെ ഓ.സി. ടേണില്‍ തിരഞ്ഞെടുത്തപ്പോള്‍ ഈ 19പേരില്‍ ഭൂരിപക്ഷത്തെയും അതിനു ശേഷം വരുന്ന ഏതാണ്ടെല്ലാ പിന്നോക്ക സമുദായക്കാരെയും സംവരണ ടേണിലാണു തിരഞ്ഞെടു ത്തത്. 808 പേരെ ഓ.സി. ടേണില്‍ നിയമിക്കുമ്പോള്‍ നിയമപരമായി റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 808 പേര്‍ക്കാണ് ആ ടേണുകള്‍ ലഭിക്കേണ്ടത്.ആ 808 പേരില്‍ വരുന്ന ഉദ്യോഗാര്‍ഥികളുടെ സമുദായം അവിടെ പരിഗണിക്കാന്‍ പാടില്ല. ആ നിലയ്ക്ക് ആദ്യത്തെ 808 പേരില്‍ വരുന്ന മുഴുവന്‍ സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ക്കും ഓ.സി.ടേണ്‍ തന്നെ ലഭിക്കണം.അതായത് 281 സംവരണ
സമുദായ ഉദ്യോഗാര്‍ഥികള്‍ക്ക് മെറിറ്റ് നിയമനം കിട്ടേണ്ടതുള്ളപ്പോളാണ്
കേവലം ഒമ്പതുപേര്‍ക്ക് മെറിറ്റില്‍ നിയമന ശിപാര്‍ശ ലഭിച്ചതെന്നര്‍ഥം.(പി.എസ്.സി യുടെ വെബ്സൈറ്റില്‍ 21/8/2008 നും 30/12/2009നുമിടയ്ക്കുള്ള ശിപാര്‍ശയുടെ വിവരങ്ങളില്ല. അതുണ്ടായിരുന്നാലും ഈ കണക്കില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോണില്ല)
13-01-2011നുപ്രാബല്യത്തില്‍ വന്നലിസ്റ്റില്‍ നിന്ന് 17-02-2011 മുതലാണു നിയമന ശിപാര്‍ശ ആരംഭിക്കുന്നത്. 12-12-2011 വരെ ആകെ 866 പേര്‍ക്ക് ശിപാര്‍ശ നല്‍കി. 323 പേരെ ഓ.സി.(മെറിറ്റ്) ടേണിലും അത്രയും തന്നെ പേരെ സംവരണ ടേണിലും തിരഞ്ഞെടുത്തു. 200 എണ്ണം എന്‍.ജെ.ഡിയും 20 എണ്ണം വികലാംഗ സംവരണവുമാണ്. എല്ലാത്തിലും കൂടിയായി വെറും ഏഴു സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍(2ഈഴവ, 2 ഓ.ബീ.സീ., 3എസ്.സി.) ക്കാണ് മെറിറ്റ് ടേണില്‍ നിയമന ശിപാര്‍ശ ലഭിച്ചത്. ബാക്കി ഓ.സി.ടേണില്‍ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പേരും സംവരണേതര സമുദായങ്ങളില്‍ നിന്നാണ്. ഈ ലിസ്റ്റിലും ആദ്യത്തെ നൂറുപേരില്‍ 32 സംവരണ സമുദായ ഉദ്യോഗാര്‍ഥികളുണ്ട്. അവരില്‍ കേവലം 6 പേരെയാണ് മെറിറ്റില്‍ നിയമനത്തിനായി ശിപാര്‍ശ ചെയ്തത്. ബാക്കിയുള്ള സകലരെയും സംവരണ ടേണില്‍ നിയമിച്ചപ്പോള്‍ 685 -ാമത്തെ റാങ്കുള്ള സംവരണേതര സമുദായ ഉദ്യോഗാര്‍ഥിനി വരെ മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടുവന്നോര്‍ക്കണം.ഇവിടെയും 112 സംവരണ സമുദായക്കാര്‍ക്ക് മെറിറ്റില്‍ നിയമന ശിപാര്‍ശ നല്‍കേണ്ടതുള്ളപ്പോളാണ് വെറും ആറു പേര്‍ക്ക് ഓ.സി. ടേണില്‍ നിയമനം നല്‍കിയത്. തികഞ്ഞ അനീതിയല്ലാതെ മറ്റെന്താണിത്?
ഈ അനീതിയാണ് കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി കേരള പി എസ് സി മുഖേനയുള്ള നിയമനങ്ങളില്‍ നടന്നുവരുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗങ്ങളാണ് ഇതുമൂലം പിന്നോക്ക-ദലിത് വിഭാഗങ്ങള്‍ക്ക് ഇതിനകം നഷ്ടമായിട്ടുള്ളത്; ഇപ്പോഴും നഷ്ടമായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ കേരളത്തിലെ പിന്നോക്ക സമുദായ സംഘടനകള്‍ക്കോ ഉദ്യോഗാര്‍ഥികള്‍ക്കോ ഇതേക്കുറിച്ച് ഒരു ധാരണയുമില്ല. സംഘടനകളിപ്പോഴും ‘സംവരണ അട്ടിമറി അനുവദിക്കില്ല‘ , ‘നിയമനത്തിന്റെ യൂണിറ്റ് 100 അല്ലെങ്കില്‍ ഒറ്റ യൂണിറ്റ് ആക്കണം, ‘എന്നെല്ലാം ദിനേനെ പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കയാണ്. ഉദാഹരണമായി മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക),എറണാകുളത്ത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ 22ാം വാര്‍ഷിക സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയം പരിശോധിക്കുക:
“സംസ്ഥാനത്തു നിലവിലുള്ള ഉദ്യോഗ സംവരണ റൊട്ടേഷന്‍ പിന്നാക്ക വിഭാഗ ങ്ങളുടെ സര്‍വീസിലെ പ്രാതിനിധ്യം പരിഗണിച്ച് പുന:പരിശോധിച്ച് കെ.എസ്. &എസ്.എസ്.ആറില്‍ ഭേദഗതി വരുത്തുക. നിയമനങ്ങളില്‍ 50:50 ഉറപ്പുവരുത്തു ന്നതിന് സമീപകാല കോടതിവിധികളുടെ അടിസ്ഥാനത്തില്‍ , റിപ്പോര്‍ട്ട് ചെയ്യ പ്പെടുന്ന മുഴുവന്‍ വേക്കന്‍സികളും ഒറ്റ യൂണിറ്റ് ആയി പരിഗണിക്കുകയും 20 യൂണിറ്റ് റൊട്ടേഷന്‍ ഒഴിവാക്കി കെ.എസ്.&എസ്.എസ്.ആര്‍ പരിഷ്കരിക്കുകയും വേണം“
|
നിയമനങ്ങളില്‍ 50:50 ഉറപ്പു വരുത്തണമത്രേ. ഇതു കേട്ടാല്‍ത്തോന്നും നിയമനങ്ങളില്‍ ഇപ്പോള്‍ അങ്ങനെയല്ലെന്ന്.പിഎസ് സിയില്‍ എക്കാലത്തും 50 ശതമാനം സംവരണവും 50 ശതമാനവും മെറിറ്റുമാണ് നടപ്പാക്കി വരുന്നത്. അത് ഉറപ്പാക്കാന്‍ ആരും പ്രമേയം പാസാക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ അവിടെ നടന്നുവരുന്ന കാര്യമാണത്. വാസ്തവത്തില്‍ പി.എസ്.സി നിയമനങ്ങളില്‍ നേരിട്ടുള്ള ഒരു സംവരണ അട്ടിമറിയും നടക്കുന്നില്ല. നേരിട്ടുള്ള ഒരു സംവരണ അട്ടിമറിയും നടക്കുന്നില്ല. എന്നുവച്ചാല്‍ ഓരോരുത്തര്‍ക്കും എത്ര സംവരണ സീറ്റുകളുണ്ടോ അത്രയും സീറ്റുകള്‍ എന്തായാലും ലഭിച്ചിരിക്കും എന്നര്‍ഥം. അതിലൊരു തട്ടിപ്പും പി. എസ്.സി യില്‍ നടക്കുന്നില്ല. മറിച്ച് മെറിറ്റില്‍ നിയമന ശിപാര്‍ശ ലഭിക്കേണ്ടവര്‍ക്ക് സംവരണ ടേണ്‍ നല്‍കുന്ന ,ഈ ലേഖനത്തില്‍ വിവരിച്ച അട്ടിമറിയാണ് പി.എസ്.സി യില്‍ നടക്കുന്നത്. അതുമൂലം സംവരണത്തില്‍ നിയമനം ലഭിക്കേണ്ടവര്‍ക്ക് സീറ്റുകള്‍ ലഭിക്കാതെ പോവുന്നുണ്ട്. ആ നിലയില്‍-ആ നിലയില്‍ മാത്രം-ഒരു സംവരണ അട്ടിമറിയും നടക്കുന്നുണ്ടെന്നു പറയാം. അതു പരിഹരിക്കാന്‍ പക്ഷേ യൂണിറ്റ് നൂറാക്കിയതു കൊണ്ടോ മൊത്തം ഒറ്റ യൂണിറ്റാക്കിയതുകൊണ്ടോ പ്രയോജനമില്ല. പക്ഷേ, പി. എസ്.സി യില്‍ വളരെ ഭംഗിയായി നടന്നുവന്നിരുന്ന, എന്‍. സി.എ.ടേണുകള്‍ നികത്തുന്ന ഏര്‍പ്പാട് നരേന്ദ്രന്‍ കമീഷന്‍ പാക്കേജ് കൊണ്ടുവന്നു നിര്‍ത്തലാക്കിയതുപോലുള്ള ആനമണ്ടത്തരം ആവര്‍ത്തിക്കാനാണ്, യൂണിറ്റിന്റെ
വലുപ്പം കൂട്ടി പ്രശ്നം പരിഹരിക്കാമെന്ന നിര്‍ദേശം വച്ചുകൊണ്ട് കേരളത്തിലെ
പിന്നോക്ക സമുദായ സംഘടനാ നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്. ആത്മഹത്യാപരമായിരിക്കും അത്തരമൊരു നീക്കം.
*പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കുമാത്രമാണ് ഏതാണ്ട് ജനസംഖ്യാനുപാതി കമായ സംവരണ വിഹിതം ഉള്ളത്. ഈഴവര്‍ക്കോ മുസ്ലിങ്ങള്‍ക്കോ മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്കോ ജനസംഖ്യാനുപാതികമായി സംവരണം ഇല്ലെന്നോര്‍ക്ക ണം.അതുപോലും നേടാനായിട്ടില്ലെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഒന്നാം റാങ്കുകാരനെ വരെ സംവരണത്തില്‍ നിയമിച്ച കേസുകളുണ്ട്. 800/2007 നവംബര്‍ റിവ്യൂ ഹര്‍ജിയില്‍ 24-8-2007ല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെത്തുടര്‍ന്ന് ടി.പി.ഓ. ടേണുകള്‍ നികത്തുന്ന രീതിയില്‍ മാറ്റം വരുത്തിയ 2007 നവംബര്‍ 14 മുതല്‍ മാത്രമാണ് ആ തോന്ന്യാസം നിര്‍ത്തലായത്)
Sources:
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on