അഴിമതിക്കെതിരേ
ജനങ്ങളെ ഉണര്‍ത്തുന്നതില്‍ സമീപകാലത്ത് മുന്‍നിരയില്‍ നിന്നു
പ്രവര്‍ത്തിച്ചവരില്‍ പ്രധാനികളായിരുന്നു മുന്‍ പ്രധാനമന്ത്രി വി.പി.
സിംഗ് , ഗാന്ധിയനായ അണ്ണാ ഹസാരെ, വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ഉള്‍പ്പെട്ട
ബോഫോഴ്‌സ് കുംഭകോണമാണു വി.പി. സിംഗിനെ കോണ്‍ഗ്രസ് വിട്ട് പുറത്തു
വരാന്‍ പ്രേരിപ്പിച്ചതും ജനമോര്‍ച്ച എന്ന രാഷ്‌ട്രീയ കക്ഷിയുണ്ടാക്കി
രാജ്യത്താകമാനം രാഷ്‌ട്രീയ രംഗത്തെ അഴിമതിക്കെതിരേ പ്രചാരണമഴിച്ചുവിട്ടതും.
ഈ അഴിമതി വിരുദ്ധ പോരാട്ടത്തെ തുടര്‍ന്ന് 1989-ലെ പൊതു
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നു പുറത്താകുകയും വി.പി.
സിംഗ് പ്രധാനമന്ത്രിയാകുകയും ചെയ്‌തു.
ദേശീയ രാഷ്‌ട്രീയത്തില്‍
വി.പി. സിംഗിന് ലഭിച്ച അഴിമതി വിരുദ്ധ പ്രതിച്‌ഛായ കോണ്‍ഗ്രസിനെ
മാത്രമല്ല, ബി.ജെ.പിയേയും അസ്വസ്‌ഥമാക്കി. പൊതുസമൂഹത്തില്‍ വി.പി.
സിംഗിന്റെ ഇമേജ് തകര്‍ക്കുന്നതിനു വിവിധ കേന്ദ്രങ്ങളില്‍ നടന്ന
ഗൂഡാലോചനയുടെ ഫലമായിരുന്നു കുപ്രസിദ്ധമായ 'സെന്റ് കിറ്റ്‌സ് കേസ്'.
സിംഗിന്റെ മകന്‍ അജയ് സിംഗിന് ദ്വീപ് രാഷ്‌ട്രമായ സെന്റ കിറ്റ്‌സിലെ ഒരു
ബാങ്കില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന് വ്യാജരേഖ ചമച്ചതാണു കേസ്.
പിന്നീട് പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹ റാവുവിന്റെ
നേതൃത്വത്തിലാണ് ഇതിനുള്ള ഗൂഢാലോചന അരങ്ങേറിയത്.
ഇതിനായി
ഉപയോഗപ്പെടുത്തിയതാകട്ടെ കപട സന്യാസി ചന്ദ്രസ്വാമിയേയും. ഈ കള്ളക്കേസ്
വൈകാതെ പൊളിയുകയും നരസിംഹ റാവുവും ചന്ദ്രസ്വാമിയും സി.ബി.ഐ. കേസില്‍
പ്രതിയായി ദീര്‍ഘകാലം കോടതിയുടെ വരാന്ത നിരങ്ങുകയും ചെയ്‌തതു
രാജ്യത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിന്റെ ഭാഗമായി.
മുന്‍ സൈനികനും
ഗാന്ധിയനുമായ അണ്ണാ ഹസാരെ അഴിമതിക്കെതിരേ തന്റെ പതിനൊന്നാമത്തെ ഉപവാസ സമരം
നടത്തിയതു രാജ്യത്തെ ഞെട്ടിച്ച സ്‌പെക്‌ട്രം അഴിമതിയുടെ
പശ്‌ചാത്തലത്തിലായിരുന്നു. 1989 ഫെബ്രുവരിയില്‍ മഹാരാഷ്‌ട്രയിലെ ഡ്രിപ്പ്
ഇറിഗേഷനിലെ ക്രമക്കേടിനെതിരേയാണു ഹസാരെ തന്റെ ജീവിതത്തിലെ ആദ്യത്തെ നിരാഹാര
സമരം നടത്തിയത്. 2011 ഏപ്രില്‍ അഞ്ചിനാണു 'ജന്‍ലോക്‌പാല്‍ '
ബില്ലിനുവേണ്ടിയുള്ള സമരം ആരംഭിച്ചത്. ഈ സമരം ഭാഗികമായേ
വിജയിച്ചിട്ടുള്ളുവെങ്കിലും അഴിമതിക്കെതിരേ രാജ്യത്തെ ഉണര്‍ത്താന്‍
ഹസാരെയുടെ സമരം സഹായിച്ചു.
എന്നാല്‍ കോണ്‍ഗ്രസും
തല്‍പ്പരകക്ഷികളും അദ്ദേഹത്തിന്റെ ടീമിലെ അംഗങ്ങളെയും നേരിട്ടതു
വി.പി.സിങ്ങിനെ നേരിട്ടതിനെക്കാളും വൃത്തികെട്ട നിലയിലായിരുന്നു. ഹസാരെയെ
ഭൂമി തട്ടിപ്പുകാരനായും അഴിമതിക്കാരനായും കേന്ദ്ര മന്ത്രിമാര്‍ തന്നെ
ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ ടീമിലെ പ്രധാന അംഗങ്ങളായ കിരണ്‍ ബേദി,
ശാന്തിഭൂഷന്‍, പ്രശാന്ത് ഭൂഷന്‍, കെജ്രിവാള്‍ എന്നിവര്‍ക്കെതിരേയും
ഉയര്‍ന്നു വന്നു കെട്ടിച്ചമച്ചതും ബാലിശവുമായ ആരോപണങ്ങള്‍. കൃത്യമായി
ആദായനികുതി അടച്ചിട്ടില്ല, വിമാനക്കൂലി ഇനത്തില്‍ കൂടുതല്‍ തുക വാങ്ങി
എന്നു തൊട്ട്, ചായക്കടയിലെ പറ്റ് തീര്‍ത്തു കൊടുത്തിട്ടില്ല എന്നതു
പോലുള്ള അസംബന്ധമായ ആരോപണങ്ങള്‍ ഉന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു
പരത്തി. ഇവരില്‍ ചിലര്‍ക്കെതിരേ ശാരീരികമായ ആക്രമണങ്ങള്‍ പോലും നടന്നു.
ഈ പറഞ്ഞ രണ്ടു പേരെ പോലെ ദേശീയ രാഷ്‌ട്രീയത്തില്‍ ചലനങ്ങള്‍
സൃഷ്‌ടിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി
കേരള രാഷ്‌ട്രീയത്തിലെ പല അഴിമതികള്‍ക്കും സ്‌ത്രീകള്‍ക്കെതിരായ
അതിക്രമങ്ങള്‍ക്കുമെതിരേ പോരാടി ജന മനസാക്ഷിയുടെ അംഗീകാരം നേടിയ നേതാവാണു
വി.എസ്. അച്യുതാനന്ദന്‍.
സ്വന്തം പാര്‍ട്ടിയുടെ പോലും
പിന്തുണയില്ലാതെയാണു വി.എസ്. തന്റെ പോരാട്ടം തുടരുന്നത്.
രാഷ്‌ട്രീയത്തിലെ ജീര്‍ണതകളും അഴിമതികളും കണ്ടു മടുത്ത ജനങ്ങള്‍ക്കു
മുമ്പില്‍ വി.എസ്. എന്ന രാഷ്‌ട്രീയ നേതാവ് പ്രതീക്ഷയുടെ ഒരു മുനമ്പായി
അനുഭവപ്പെട്ടു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.എസ്. നടത്തിയ
ഇത്തരം പേരാട്ടങ്ങളാണ് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ
വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചത്. ഭരണവിരുദ്ധ വികാരമില്ലാതെ
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ അധികാരത്തിനടുത്തോളം
എത്തിച്ചതും വി.എസിന്റെ അഴിമതി വിരുദ്ധ പ്രതിഛായ തന്നെ. വി.എസിനുള്ള
ജനപ്രീതി സ്വന്തം പര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളെ മാത്രമല്ല
പ്രതിപക്ഷങ്ങളെയും ആശങ്കയിലാക്കികൊണ്ടിരുന്നു. നേരത്തെ ഞാന്‍
പറഞ്ഞതുപോലെ, വി.പി. സിംഗിന്റെയും അണ്ണാ ഹസാരെയുടെയും പ്രതിഛായ
തകര്‍ക്കാന്‍ ചെയ്‌തതുപോലെ വി.എസിനെതിരെയും വന്‍ ഗൂഡാലോചനകള്‍ കുറെ
കാലമായി നടന്നുവരികയായിരുന്നു.
സി.പി.എം. ഔദ്യോഗിക വിഭാഗത്തിലെ
ചിലരുടെ ഒത്താശയോടെ ഒടുവില്‍ അവര്‍ക്കൊരു പിടിവള്ളി കിട്ടി. തലനാരിഴയുടെ
ബലം പോലുമില്ലാത്ത ഒരു പിടിവള്ളി. അതാണിപ്പോള്‍ കോഴിക്കോട്
വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ രൂപത്തിലായിട്ടുള്ള
'ഭൂമിക്കേസ്'. മകനെതിരേ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച് വി.എസിന്റെ
പ്രതിഛായ തകര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണു വി.എസിനെ തന്നെ
കുടുക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഗൂഢാലോചന നടത്തിയത്.
വി.എസിനെതിരെ കേസെടുക്കുന്നതിനു തെളിവുണ്ടാക്കാന്‍ ഒരു ഡിവൈ.എസ്.പിക്കു
സര്‍ക്കാര്‍ വാഗ്‌ദാനം നല്‍കിയത് ഐ.പി.എസ്. പദവിയാണെന്നു അറിയാന്‍
കഴിഞ്ഞു. റിട്ടയര്‍മെന്റ് പ്രായം അടുത്തുവരുന്ന പോലീസ് ഉദ്യോഗസ്‌ഥന് ഈ
സര്‍ക്കാര്‍ വിചാരിച്ചാലേ ഐ.പി.എസ്. കൊടുക്കാന്‍ സാധിക്കൂ. അങ്ങിനെ
കിട്ടിയാല്‍ സര്‍വീസ് നീട്ടികിട്ടുകയും ചെയ്യും. ചട്ടങ്ങള്‍ ലംഘിച്ച്
ക്രയവിക്രയം ചെയ്യാനുള്ള അധികാരത്തോടെ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍
ഭൂമി നല്‍കി എന്നു പറയപ്പെടുന്ന വിമുക്‌ത ഭടന്‍ സോമന്‍ വി.എസിന്റെ
വലിയച്‌ഛന്റെ മകനാണ്.
വിമുക്‌ത ഭടന്‍മാര്‍ക്ക് ഭൂമി നല്‍കുന്ന
പദ്ധതി അനുസരിച്ച് 1977ല്‍ കരുണാകരന്‍ സര്‍ക്കാരാണു സോമനു ഭൂമി
നല്‍കിയത്. എന്നാല്‍ അദ്ദേഹത്തിന് അനുവദിച്ച ഭൂമിക്ക് വേറെയും
അവകാശികളുണ്ടായിരുന്നതിനാല്‍ കിട്ടിയില്ല. അതിനു ശേഷം ഇത്രയും വര്‍ഷം
തനിക്ക് അവകാശപ്പെട്ട ഭൂമിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി
ഇറങ്ങുകയായിരുന്നു സോമന്‍. ഒടുവിലാണു കാസര്‍ഗോഡ് ജില്ലാ ലാന്‍ഡ്
അസൈന്‍മെന്റ് കമ്മിറ്റി കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് ഭൂമി അനുവദിച്ചത്.
മൂന്നര
പതിറ്റാണ്ടിനു മുമ്പ് ലഭിക്കേണ്ടിയിരുന്ന ഭൂമിയാണു കഴിഞ്ഞ വര്‍ഷം
കിട്ടിയത്. ഭൂമിയുടെ ക്രയവിക്രയ അവകാശം 25 വര്‍ഷത്തിന് ശേഷം മാത്രമെ
പാടുള്ളൂ എന്നാണ് ഇപ്പോഴത്തെ വ്യവസ്‌ഥ. മുമ്പ് ഈ വ്യവസ്‌ഥ
ഉണ്ടായിരുന്നില്ല. കൈമാറ്റത്തിന് പരിധി വയ്‌ക്കാതെ ഭൂമി
അനുവധിക്കുന്നതിന് നിയമ തടസങ്ങളുണ്ടെന്നു ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍
കണ്ടെത്തി. തുടര്‍ന്നു യു.ഡി.എഫ്. സര്‍ക്കാര്‍ ഈ ഭൂമി അനുവദിച്ചത്
റദ്ദാക്കി. ഇതിനെതിരേ സോമന്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരന്റെ കൂടെ
ആവലാതികള്‍ കേട്ട ശേഷം നാലാഴ്‌ചയ്‌ക്കുള്ളില്‍ മറുപടി നല്‍കണമെന്നു കോടതി
സര്‍ക്കാരിനോടാവശ്യപ്പെട്ടു. എന്നാല്‍ നാലു മാസം കഴിഞ്ഞിട്ടും
സര്‍ക്കാര്‍ മറുപടി നല്‍കാത്തത് എന്തുകൊണ്ട്?
ഹൈക്കോടതി
തീര്‍പ്പുകല്‍പ്പിക്കാത്ത ഈ കേസിലാണു വിജിലന്‍സിനെ കൊണ്ട് വേറൊരു
എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യിച്ചിരിക്കുന്നത്. ഇത്തരമൊരു എഫ്.ഐ.ആര്‍.
നിലനില്‍ക്കുമോ എന്ന പ്രശ്‌നം വേറെ. ഒരു ആവലാതിക്കാരന്‍ അയാള്‍
മുഖ്യമന്ത്രിയുടെ അകന്ന ബന്ധുവായതുകൊണ്ട് അദ്ദേഹത്തിനു ന്യായമായി
കിട്ടേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കണം എന്നു പറയുന്നതില്‍
എന്തു അര്‍ഥമാണുള്ളത്. ഇപ്പോള്‍ പറയുന്ന ആരോപണങ്ങള്‍ കേട്ടാല്‍ തോന്നുക
വി.എസ്. സ്വന്തം കുടുംബത്തിനു നൂറു കണക്കിന് ഏക്കര്‍ ഭൂമി
അനുവദിച്ചുകൊടുത്തുവെന്നാണ്.
ആര്‍. ബാലകൃഷ്‌ണപിള്ളയുടെ സ്വകാര്യ
പൂജാരിയായിരുന്നു പോലും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ
പീഡിപ്പിച്ചതിന് ജയിലില്‍ കഴിയുന്ന സന്തോഷ് മാധവന്‍. ഇവര്‍ തമ്മിലുള്ള
മനപ്പൊരുത്തം കൊണ്ടാവാം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒന്നിച്ചു
പാര്‍ക്കാനുള്ള അവസരം കിട്ടി.
അവിടുത്തെ സഹവാസത്തിനിടെയാണു
സന്തോഷ് മാധവന്‍ വി.എസിന്റെ മകനെതിരേ, തന്നോടു കൈക്കൂലി
ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് കേസു കൊടുത്തത്. അഴിമതിക്കേസില്‍ തന്നെ
അഴിക്കുള്ളിലായതിനു പ്രതികാരം വി.എസിനോട് വിട്ടാന്‍ സന്തോഷ് മാധവനെ
പിള്ള ഉപയോഗപ്പെടുത്തി. ഇനി മറ്റൊരു കേസുകൂടി വി.എസിനെതിരേ അണിയറയില്‍
ഒരുങ്ങുന്നതായി അറിയുന്നു. അതിന്റെ പിന്നില്‍ പഴയൊരു വിശ്വസ്‌തന്‍
തന്നെയാണത്രെ. വി.എസിനെ കേസില്‍ കുടുക്കാന്‍ 'ഞാനൊന്നുമറിഞ്ഞില്ലേ
രാമനാരായണ' എന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടിയുടെ കൗശലം അറിയാത്തവരല്ല കേരളീയര്‍.
ഐ.എസ്.ആര്‍.ഒ.
ചാരവൃത്തി കേസില്‍ ആരോപണം കുത്തിപൊക്കി, മുഖ്യമന്ത്രി കെ. കരുണാകരനെ
രാജിവപ്പിച്ച് തന്റെ ഗ്രൂപ്പു നേതാവായ എ.കെ. ആന്റണിയെ
മുഖ്യമന്ത്രിയാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടിക്ക്,
വ്യാജ കേസുണ്ടാക്കി പ്രതിപക്ഷ നേതാവിനെ രാജിവെപ്പിക്കുന്നതിനു
മനസാക്ഷിക്കുത്തുണ്ടാവേണ്ട കാര്യമില്ലല്ലോ.
കരുണാകരനെതിരായ
പാമോയില്‍ കേസ് ഉത്ഭവിക്കുന്ന സമയത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി
തന്നെയായിരുന്നു ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം പത്രങ്ങള്‍ക്കു
നല്‍കിയത്. അതും കരുണാകരനെ കുരുക്കുന്നതിനു വേണ്ടി. ഇപ്പോള്‍
വി.എസിനെതിരായി കെട്ടിച്ചമച്ച ഈ വ്യാജ കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും
'തന്റെ സ്വന്തം' പത്രത്തിനു നിരന്തരം നല്‍കുന്നതും മറ്റാരുമാകാന്‍
വഴിയില്ല.
സംസ്‌ഥാന ഖജനാവിനു കോടികളുടെ നഷ്‌ടം വരുത്തിയതിനു
സുപ്രീം കോടതി ശിക്ഷിച്ച ബാലകൃഷ്‌ണപിള്ളയ്‌ക്കു ശിക്ഷ ഇളവു ചെയ്‌തു
ജയിലില്‍നിന്നു വിട്ടയച്ച ഉമ്മന്‍ ചാണ്ടി, ഏഴു പതിറ്റാണ്ടിലേറെ സംശുദ്ധ
രാഷ്‌ട്രീയത്തിന്റെ പ്രതീകമായി കേരള രാഷ്‌ട്രീയത്തില്‍ നിറഞ്ഞു കത്തുന്ന
വി.എസിനെതിരേ നടത്തുന്ന നിഴല്‍ യുദ്ധം ജനങ്ങള്‍ തിരിച്ചറിയുക തന്നെ
ചെയ്യും.
വി.എസിനെതിരായ ഗൂഢാലോചനക്കാരില്‍ ചിലര്‍ 'കപ്പലില്‍'
തന്നെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പാമോയില്‍ കേസില്‍ ഉമ്മന്‍
ചാണ്ടിക്കെതിരായി വിജിലന്‍സ് കോടതിയില്‍ പരാമര്‍ശമുണ്ടായപ്പോള്‍
നിമിഷങ്ങള്‍ക്കുള്ളില്‍ രക്ഷകനായി അവതരിച്ച കോടിയേരി ബാലകൃഷ്‌ണന്‍,
വി.എസിനെ പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍.
സമര്‍പ്പിച്ചപ്പോള്‍ രണ്ടു ദിവസം അര്‍ഥഗര്‍ഭമായ മൗനം
പാലിച്ചതെന്തുകൊണ്ട്? കോടിയേരി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്‌ത
മന്ത്രിസഭയ്‌ക്കെതിരേ ആയിരുന്നല്ലോ ആരോപണം വന്നത്. അച്‌ഛന്‍ ചത്ത്
കട്ടിലൊഴിയാന്‍ കാത്തു നിന്ന മകന്റെ മനോഭാവമാണോ കോടിയേരിക്ക്?
ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കണമെന്നാണ്
പറയാറുള്ളത്. സി.പി. എമ്മിന്റെ ചില നേതാക്കള്‍ക്ക് വേണ്ടി യു.ഡി. എഫില്‍
കാര്യങ്ങള്‍ ഓപ്പറേറ്റ് ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിയും ടോമിന്‍ ജെ.
തച്ചങ്കരിയുമുണ്ടല്ലോ. എല്‍.ഡി.എഫിനും യു.ഡി.എഫിനും പുറമെ, ഈ രണ്ടു
മുന്നണിയിലെയും ചില നേതാക്കള്‍ ചേര്‍ന്ന് ഒരു ഐക്യ മുന്നണി വേറെയുണ്ട്. ആ
മുന്നണിയാണു ശക്‌തം.
എതായാലും സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍
വി.എസിന് ഒരു കേരളാ മാര്‍ച്ച് സംഘടിപ്പിക്കേണ്ട സ്‌ഥിതി ഏതായാലും
വരില്ല. ഈ കെട്ടിച്ചമച്ച ആരോപണം വി.എസിന്റെ കൂടുതല്‍
കരുത്തനാക്കുകയേയുള്ളൂ. തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ ഇതുവരെ
ഉയര്‍ത്തിപിടിച്ച ധാര്‍മിക മൂല്യങ്ങള്‍ ഈ കേസിന്റെ കാര്യത്തിലും ഉണ്ടാകും
എന്ന് വി.എസ്. സൂചിപ്പിച്ചിട്ടുണ്ട്. വി.എസ്. ഈ ആരോപണത്തില്‍നിന്നും
അഗ്നിശുദ്ധി വരുത്തി പുറത്തുവരിക തന്നെ ചെയ്യും.
-ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ |
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better.
ReplyDelete