സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Sunday, April 08, 2012

എന്‍ട്രന്‍സ്‌പരീക്ഷ എങ്ങനെ വിജയകരമായി നേരിടാം

വിദ്യാഭ്യാസം ---  ഏപ്രില്‍ 23 മുതല്‍ 26 വരെ തീയതികളില്‍ നടത്തുന്ന കേരള എന്‍ജിനീയറിംഗ്‌/മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ തയാറെടുപ്പ്‌

കടക്കാം എന്‍ട്രന്‍സ്‌ കടമ്പ‍





പ്രഫ. പി.സി. തോമസ്‌(74). 1960 ജൂണ്‍ 6 മുതല്‍ അധ്യാപനരംഗത്ത്‌. തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജില്‍ 26 വര്‍ഷത്തെ സേവനത്തിനു ശേഷം വോളണ്ടറി റിട്ടയര്‍മെന്റ്‌ ചെയ്‌തു. 32 വര്‍ഷമായി എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ രംഗത്തുണ്ട്‌. തൃശൂര്‍ ആസ്‌ഥാനമായി നിരവധി സ്‌ഥാപനങ്ങള്‍ നടത്തുന്നു. 9 പുസ്‌തകങ്ങള്‍ രചിച്ചു. പ്രതിവര്‍ഷം 17,000ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക്‌ എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ നല്‍കുന്നു. ഇന്ത്യയ്‌ക്കു പുറത്തും 2000ലേറെ വിദ്യാര്‍ഥികള്‍.

പാഠപുസ്‌തകത്തില്‍ നിന്നുള്ള ചോദ്യങ്ങളാണ്‌ എന്‍ട്രന്‍സ്‌ പരീക്ഷയ്‌ക്ക് പ്രധാനമായും ചോദിക്കുക. അതുകൊണ്ടുതന്നെ എന്‍ട്രന്‍സ്‌ പരീക്ഷ 'ടെക്‌സ്റ്റ്‌ ബുക്ക്‌ ഓറിയന്റഡ്‌' ആണെന്നുതന്നെ പറയാം. ഇക്കുറി താരതമ്യേന വിഷമമേറിയ ചോദ്യങ്ങളാകും വരിക എന്നാണു സൂചന. എങ്കിലും ചിട്ടയായ പഠനം നടത്തിയവര്‍ക്ക്‌ എന്‍ട്രന്‍സ്‌ എന്ന കടമ്പ കടക്കാന്‍ ഒരു ബുദ്ധിമുട്ടും അനുഭവപ്പെടില്ല. ചിട്ടയായ പഠനത്തിന്‌ ചില രീതികളുണ്ട്‌. പാഠപുസ്‌തകത്തിന്റെ ഓരോ വരിയും നന്നായി പഠിക്കുകയാണ്‌ എന്‍ട്രന്‍സിനു തയാറെടുക്കുന്ന ഓരോ വിദ്യാര്‍ഥിയും ചെയ്യേണ്ടത്‌. ഓരോ വരിയോ, വരിയുടെ ഭാഗങ്ങളോ ഉത്തരമായി വരത്തക്കവിധം ചോദ്യങ്ങള്‍ വരാം. അതിനാല്‍ ഒരു വരിപോലും നഷ്‌ടപ്പെടാതെ പഠിക്കണം.

120 ചോദ്യങ്ങളുള്ള രണ്ട്‌ പരീക്ഷകളെയാണ്‌ കുട്ടികള്‍ക്ക്‌ അഭിമുഖീകരിക്കേണ്ടി വരിക. ഓരോ ചോദ്യത്തിനും നാലു മാര്‍ക്കു വീതം. തെറ്റായ ഉത്തരത്തിന്‌ ഒരു മാര്‍ക്ക്‌ നെഗറ്റീവും ഉണ്ട്‌. മൂന്നു ചോദ്യങ്ങള്‍ക്ക്‌ ശരിയുത്തരമെഴുതിയാല്‍ പോലും 'ഡിസ്‌ക്വാളിഫൈ' ഒഴിവാക്കാം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ വിദ്യാര്‍ഥികളില്‍ ഇത്തരത്തില്‍ പത്തു മാര്‍ക്ക്‌ പോലും ലഭിക്കാത്തത്‌ ശരിയായ പരിശീലനത്തിന്റെ കുറവുകൊണ്ടു മാത്രമാണ്‌.

120 ചോദ്യങ്ങളുള്ള ഒരു പരീക്ഷ എങ്ങനെ വിജയകരമായി നേരിടാം എന്നതിനെപ്പറ്റി ഒരു വിശകലനം നടത്താം. ഏറ്റവും എളുപ്പമുള്ളത്‌, കുറച്ചു ബുദ്ധിമുട്ടുള്ളത്‌, ഏറെ സങ്കീര്‍ണമായത്‌ എന്നിങ്ങനെ മൂന്നു രീതിയിലുള്ള ചോദ്യങ്ങളാണ്‌ വരിക. എളുപ്പമുള്ള ചോദ്യങ്ങള്‍ക്കു മാത്രം ഉത്തരമെഴുതിയാല്‍ തന്നെ സുഖമായി റാങ്ക്‌ ലിസ്‌റ്റില്‍ ഇടം നേടാവുന്നതാണ്‌. അതുകൊണ്ടുതന്നെ പരിഭ്രമം ഒട്ടും വേണ്ട. പലപ്പോഴും പ്രയാസമുള്ള ചോദ്യങ്ങള്‍ക്ക്‌ തെറ്റായ ഉത്തരമെഴുതി പരീക്ഷയുടെ തുടക്കത്തില്‍ തന്നെ ആത്മവിശ്വാസം നഷ്‌ടപ്പെടുന്നത്‌ മിക്ക വിദ്യാര്‍ഥികളുടെയും പ്രശ്‌നമാണ്‌.

ഉത്തരമെഴുതാനുള്ള സൂത്രവിദ്യ

120 ചോദ്യങ്ങളുള്ള ചോദ്യപ്പേപ്പര്‍ രണ്ടു ഭാഗങ്ങളായി വിഭജിക്കാം. ഒന്നു മുതല്‍ 60 വരെയും 61 മുതല്‍ 120 വരെയുമുള്ള രണ്ടു ഭാഗങ്ങള്‍. കൂള്‍ ഓഫിനു (അരമണിക്കൂര്‍) ശേഷം രണ്ടു മണിക്കൂറാണ്‌ ഉത്തരം അടയാളപ്പെടുത്താന്‍ അനുവദിച്ചിരിക്കുന്ന സമയം. അതായത്‌ 120 മിനിട്ട്‌. ഈ സമയം 40 മിനിട്ടുള്ള മൂന്നു ഭാഗങ്ങളായി വിഭജിക്കാം.

ആദ്യ 40 മിനിട്ട്‌

ചോദ്യപ്പേപ്പറിലെ ആദ്യ 60 ചോദ്യങ്ങള്‍ ഓടിച്ചുവായിക്കാം. ഇതില്‍ എളുപ്പമുള്ള ചോദ്യങ്ങളുടെ ഉത്തരം മാത്രം റെസ്‌പോണ്‍സ്‌ ഷീറ്റില്‍ അടയാളപ്പെടുത്തുക. (ഇങ്ങനെ അടയാളപ്പെടുത്തുമ്പോള്‍ ചോദ്യനമ്പര്‍ മാറിപ്പോകാതെ ശ്രദ്ധിക്കണം). പ്രയാസമുള്ള ചോദ്യങ്ങള്‍ വിട്ടുകളയാം. ആദ്യ 40 മിനിട്ടില്‍ 30 ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരമെഴുതാന്‍ സാധിക്കും.

രണ്ടാമത്തെ 40 മിനിട്ട്‌

61 മുതല്‍ 120 വരെയുളള ചോദ്യങ്ങള്‍ ഓടിച്ചുവായിക്കുക. 'സ്‌കാന്‍' വായന എന്നാണ്‌ ഇതറിയപ്പെടുന്നത്‌. ഇതിലും ആദ്യം ചെയ്‌തതുപോലെ എളുപ്പമുള്ള ചോദ്യങ്ങള്‍ക്കു മാത്രം ഉത്തരമെഴുതുക. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക. അറിയാന്‍ വയ്യാത്ത ചോദ്യങ്ങള്‍ക്ക്‌ കറക്കിക്കുത്തി ഉത്തരമെഴുതുന്ന ശീലമുണ്ടെങ്കില്‍ അത്‌ ഉപേക്ഷിക്കുക. കാരണം നെഗറ്റീവ്‌ മാര്‍ക്ക്‌ നിങ്ങളുടെ ശരിയായ ഉത്തരത്തിന്റെ മാര്‍ക്ക്‌ കൂടി നഷ്‌ടപ്പെടുത്തുമെന്നോര്‍ക്കുക. ഇതിലും ശരാശരി 30 ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം കിട്ടിയിട്ടുണ്ടാകും.

അവസാന 40 മിനിട്ട്‌

ഇപ്പോള്‍ നിങ്ങള്‍ 60 ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരമെഴുതിയിട്ടുണ്ട്‌. അറിയാം എന്നു തോന്നുന്ന ചില ചോദ്യങ്ങള്‍ ഇതിനിടെ വിട്ടുകളഞ്ഞിട്ടുണ്ടാകും. അതിലേക്കു തിരിച്ചുവരിക. അതില്‍ 10 ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം ലഭിക്കും. ഇപ്പോള്‍തന്നെ 70 ചോദ്യങ്ങള്‍ വിജയകരമായി നിങ്ങള്‍ നേരിട്ടു. ഇപ്പോള്‍ തന്നെ ഉന്നതറാങ്ക്‌ ലഭിക്കാനുള്ള മാര്‍ക്ക്‌ നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്‌.

സങ്കീര്‍ണമായ ചോദ്യങ്ങള്‍

ഒരു വിദ്യാര്‍ഥിക്കു പോലും എല്ലാ ചോദ്യങ്ങളുടെയും ഉത്തരം അറിയില്ല എന്ന വസ്‌തുത മനസിലാക്കുക. ആര്‍ക്കും എല്ലാ പുസ്‌തകങ്ങളും വായിച്ച്‌ മനപാഠമാക്കാനൊന്നും സാധിക്കില്ല. എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക്‌ കിട്ടുന്ന കുട്ടിക്കു പോലും എല്ലാ ചോദ്യങ്ങളുടെയും ഉത്തരം അറിയണമെന്നില്ല. അറിയാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ കറക്കിക്കുത്തുകയാണ്‌ മിക്കവരും ചെയ്‌തുവരുന്നത്‌. ഇതുമൂലം നെഗറ്റീവ്‌ മാര്‍ക്ക്‌ ലഭിക്കുകയും റാങ്കിംഗില്‍ പിന്നാക്കം പോകുകയും ചെയ്യും.

ശാസ്‌ത്രീയരീതി

തീര്‍ത്തും അറിയാന്‍ പാടില്ല എന്നു ബോധ്യമുള്ള ചോദ്യങ്ങള്‍ കറക്കിക്കുത്തുന്നതിനു പകരം മറ്റൊരു ശാസ്‌ത്രീയമാര്‍ഗമുണ്ട്‌. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച്‌ ചോയസ്‌ ആണല്ലോ നിങ്ങള്‍ക്കു ലഭിക്കുക. ഇതില്‍ ഏതെങ്കിലും ഒരു ചോയ്‌സ്( ഉദാ:ബി) മാത്രം തുടര്‍ച്ചയായി അടയാളപ്പെടുത്തിയാല്‍ 20 മുതല്‍ 25 ശതമാനം ഉത്തരം ശരിയാകാന്‍ സാധ്യതയുണ്ട്‌. നിങ്ങളുടെ ഉത്തരങ്ങളില്‍ ഏറ്റവും കുറവ്‌ ഏതു ചോയ്‌സാണ്‌ എന്നു മനസിലാക്കുക. ആ ചോയ്‌സാണ്‌ തുടര്‍ച്ചയായി അടയാളപ്പെടുത്തേണ്ടത്‌. വെറും ഭാഗ്യപരീക്ഷണമല്ല ഇത്‌. സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ്‌. ഇതില്‍ 'എലിമിനേഷന്‍' എന്ന ഘട്ടം കൂടിയുണ്ട്‌.

എലിമിനേഷന്‍

എലിമിനേഷന്‍ രീതി ഫലപ്രദമായി ഉപയോഗിച്ചവരാണ്‌ ടോപ്‌ റാങ്കുകള്‍ കരസ്‌ഥമാക്കിയിട്ടുള്ളത്‌. നിങ്ങള്‍ക്ക്‌ കിട്ടുന്ന അഞ്ച്‌ ചോയ്‌സില്‍ രണ്ടെണ്ണമെങ്കിലും തെറ്റായ ഉത്തരമാണ്‌ എന്നു മനസിലാക്കിയാല്‍ തന്നെ ഉത്തരത്തിന്റെ വിജയസാധ്യത 33% ആയി വര്‍ധിച്ചു. മൂന്നു ചോയ്‌സ് തെറ്റാണെന്നു മനസിലാക്കിയാല്‍ ഇത്‌ 50%ആയി. നാല്‌ ചോയ്‌സും തെറ്റാണെന്ന്‌ പിടികിട്ടിയാല്‍ത്തന്നെ അഞ്ചാമത്തെ ചോയ്‌സ് കണ്ണുമടച്ച്‌ തെരഞ്ഞെടുക്കാം. ചുരുക്കത്തില്‍ ശരിയായ ഉത്തരം തന്നെ എലിമിനേഷന്‍ വഴി നിങ്ങള്‍ക്കു കിട്ടും.

ഷോര്‍ട്‌കട്ട്‌

ഉത്തരമെഴുതാനുള്ള എളുപ്പവിദ്യകള്‍ അറിയാതെ ഒരു വിദ്യാര്‍ഥിക്ക്‌ എന്‍ട്രന്‍സില്‍ ഉന്നതവിജയം ഉറപ്പാക്കാനാകില്ല. നൂറിലധികം ഷോര്‍ട്‌കട്ടുകള്‍ എങ്കിലും പഠിക്കേണ്ടതായുണ്ട്‌. ഒരുത്തരം ഈ മാര്‍ഗത്തിലൂടെ ചെയ്‌താല്‍തന്നെ ഏറെ സമയം ലാഭിക്കാം. 10 ചോദ്യങ്ങള്‍ ഷോര്‍ട്‌കട്ടിലൂടെ ചെയ്‌താല്‍ എട്ടു മിനിട്ടെങ്കിലും ലാഭിക്കാമല്ലോ. ഈ സമയം ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ചെയ്യാന്‍ നീക്കി വയ്‌ക്കാം.

തയാറെടുപ്പ്‌

പരീക്ഷ മാത്രമായിരിക്കണം ഒരു വിദ്യാര്‍ഥിയുടെ മനസില്‍. കാടുകയറി പഠിച്ച ശേഷം ഞാന്‍ പഠിച്ചതൊന്നും ചോദിച്ചില്ല എന്നു പരിതപിച്ചിട്ടു കാര്യമില്ല. വര്‍ഷങ്ങള്‍ നീണ്ട തയാറെടുപ്പാണ്‌ എന്‍ട്രന്‍സ്‌ പരീക്ഷയ്‌ക്ക് വേണ്ടത്‌. 'കതിരില്‍ വളം വച്ചിട്ടു കാര്യമില്ല' എന്നു പറയുന്നതു പോലെ അവസാനമിനിട്ടില്‍ ഇതെല്ലാം പഠിച്ചു തീര്‍ക്കാം എന്നു വിചാരിക്കരുത്‌. എങ്കിലും ശാസ്‌ത്രീയമായ ചില രീതികള്‍ അറിഞ്ഞുവയ്‌ക്കുന്നത്‌ നല്ലതാണ്‌.

ഉത്തരങ്ങള്‍ ഷെയ്‌ഡ് ചെയ്യുന്ന രീതിയാണല്ലോ ഇപ്പോള്‍. അതുകൊണ്ടുതന്നെ എങ്ങനെ വൃത്തിയായി വേഗത്തില്‍ ഷെയ്‌ഡ് ചെയ്യാം എന്നതിനെപ്പറ്റി വിദ്യാര്‍ഥി ബോധവാനാകണം. ഇതിനായി മാതൃകാ റെസ്‌പോണ്‍സ്‌ ഷീറ്റിന്റെ നിരവധി ഫോട്ടോസ്‌റ്റാറ്റുകള്‍ എടുത്ത്‌ എല്ലാ ദിവസവും ഷെയ്‌ഡ് ചെയ്‌തു പഠിക്കുക. 120 ചോദ്യങ്ങള്‍ ഷെയ്‌ഡ് ചെയ്യാനെടുക്കുന്ന 20 മിനിട്ട്‌ സമയം പ്രാക്‌ടീസിലൂടെ പത്തുമിനിട്ടാക്കി കുറയ്‌ക്കാം.

പ്രാര്‍ഥന

ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ പ്രാര്‍ഥന എറെ സഹായിക്കും. മൂന്നു പ്രാര്‍ഥനകളാണ്‌ ഞാന്‍ എന്റെ കുട്ടികള്‍ക്കു ഉപദേശിക്കാറുള്ളത്‌. ഒന്ന്‌, ഈ വര്‍ഷം പരീക്ഷയ്‌ക്കു വരുന്ന ചോദ്യങ്ങള്‍ എന്റെ ശ്രദ്ധയില്‍പെടണേ.( കാരണം ഒരു കുട്ടിക്കു പോലും എല്ലാ പുസ്‌തങ്ങളും വായിച്ചുതീര്‍ക്കാന്‍ തന്നെ സമയം ലഭിക്കില്ല). രണ്ട്‌, പഠിക്കുന്നത്‌ ഓര്‍ത്തിരിക്കാനുള്ള അനുഗ്രഹം തരേണമേ. മൂന്ന്‌, തെറ്റുവരുത്തുന്നതില്‍ നിന്ന്‌ ഒഴിവാക്കിത്തരേണമേ. ഒരിക്കലും ഞാന്‍ തോല്‍ക്കും എന്നു കരുതി പരീക്ഷ എഴുതാന്‍ പോകരുത്‌.

ഭക്ഷണം, ഉറക്കം

മരച്ചീനി, ഉരുളക്കിഴങ്ങ്‌, ഇഞ്ചി ഇവ കഴിക്കരുത്‌. ഇതിലുള്ള ചില കെമിക്കല്‍സ്‌ ബുദ്ധിയെ പ്രതികൂലമായി ബാധിക്കും. കൊക്കോ, ചെറുതേന്‍ എന്നിവ കഴിക്കുന്നത്‌ ഗുണം ചെയ്യും. ധാരാളം വെള്ളം കുടിക്കുക. ഉറങ്ങുക. ഈ പ്രക്രിയ ബുദ്ധി 'റീച്ചാര്‍ജ്‌' ചെയ്യുന്നതു പോലെയാണ്‌. പകലുറക്കം പാടില്ല. ക്ഷീണം തോന്നുമ്പോള്‍ അരമണിക്കൂര്‍ ഉറങ്ങിയശേഷം വീണ്ടും പഠിക്കുക. രാത്രി ഉറക്കമിളച്ചു പഠിക്കുന്നതിനെക്കാള്‍ നല്ലതാണ്‌ പ്രഭാതത്തിലെ സുഖകരമായ അന്തരീക്ഷത്തില്‍ ഇരിക്കുന്നത്‌. പരീക്ഷയ്‌ക്കു തലേന്ന്‌ ഉറക്കമിളയ്‌ക്കുന്നത്‌ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്‌. ആറു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. തലച്ചോര്‍ എന്ന കമ്പ്യൂട്ടറിന്‌ വിശ്രമവും കൊടുക്കണമല്ലോ.

പഠിക്കുന്ന രീതി

പുസ്‌തകം തുറക്കുന്നതിനു മുന്‍പേ നേരത്തേ പഠിച്ച കാര്യങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കുക. ഓര്‍ക്കുന്നെങ്കില്‍ അവ വീണ്ടും പഠിക്കേണ്ട. അതു പോലെ പഠിത്തം അവസാനിപ്പിക്കുന്നതിനു മുന്‍പും ഇത്രനേരം പഠിച്ചതെന്തെന്ന്‌ ഓര്‍ക്കുക. യാത്രയിലും പുസ്‌തകം കൈയിലില്ലാത്തപ്പോഴും പഠിച്ച കാര്യങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. സിനോപ്‌സിസ്‌ എഴുതുന്നതും നല്ലതാണ്‌. കമ്പയിന്‍ഡ്‌ സ്‌റ്റഡി ആണ്‌ മറ്റൊരു മാര്‍ഗം. രണ്ടു പേര്‍ ചേര്‍ന്നിരുന്ന്‌ പഠിക്കാനാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ രണ്ടു പേരും വ്യത്യസ്‌തമായ പാഠങ്ങള്‍ തെരഞ്ഞെടുക്കുക. ഒരാള്‍ പഠിച്ച പാഠം മറ്റേയാള്‍ക്കു പഠിപ്പിച്ചുകൊടുക്കാം. ഇതിലൂടെ പഠിച്ച പാഠങ്ങള്‍ ഹൃദിസ്‌ഥമാകും. രണ്ടു പേരും ഒരേ പാഠം പഠിക്കുന്നത്‌ സമയം കൊല്ലുന്നതിനു മാത്രമേ ഉപകരിക്കൂ.

രക്ഷിതാക്കള്‍

'നീ പോയി പഠിക്ക്‌' എന്നുപദേശിച്ചിട്ട്‌ ടിവി കാണുന്ന രക്ഷിതാക്കളാണ്‌ ഏറെയും. ടിവി കാണുന്നെങ്കില്‍ നിശ്‌ചിതസമയം കുട്ടിയോട്‌ ഒത്തിരുന്ന്‌ കാണുക. പഠിക്കാന്‍ പോകുന്ന മക്കള്‍ക്കൊപ്പം രക്ഷിതാവും പഠിക്കാനിരിക്കുന്നത്‌ കുട്ടികളെ ഉന്‍മേഷവാന്‍മാരാക്കും. ഏതെങ്കിലും വിഷയത്തില്‍ രണ്ടു മാര്‍ക്ക്‌ കുറഞ്ഞാല്‍ ഉടന്‍ കുട്ടികളെ വഴക്കുപറയുന്നത്‌ ഒഴിവാക്കുക. കുറ്റം പറയുന്നതോടെ അവരില്‍ പരീക്ഷയോടുള്ള ഭയം കൂടി വരും. 'വരൂ, നമുക്ക്‌ പോയി പഠിക്കാം' എന്നേ അവരോടു പറയാവൂ.

മൊബൈല്‍ എന്ന വില്ലന്‍

പഠിക്കുന്ന സമയം മൊബൈല്‍ഫോണ്‍ പൂര്‍ണമായി ഒഴിവാക്കാം. സ്വിച്‌ഓഫ്‌ ചെയ്യുന്നതാണ്‌ ഏറ്റവും നല്ലത്‌. അല്ലെങ്കില്‍ പഠിക്കുന്നതിനിടെ ഏതെങ്കിലുമൊരു മെസേജ്‌ വന്നാല്‍ പോലും പുസ്‌തകം മടക്കിവച്ച്‌ അതിന്റെ പിറകേപോകും. ആധുനികസാങ്കേതിക വിദ്യ വന്നതോടെ മൊബൈല്‍ഫോണുകള്‍ അശ്ലീലവീഡിയോകളുടെ വാഹകരായി മാറിയിട്ടുണ്ട്‌. കുട്ടികള്‍ക്ക്‌ എല്ലാ സൗകര്യവുമുള്ള ഫോണുകളും വാങ്ങിക്കൊടുക്കും മുന്‍പ്‌ രക്ഷിതാക്കളും ഇക്കാര്യം ഓര്‍ക്കുന്നത്‌ നല്ലതാണ്‌.

ഇന്റര്‍നെറ്റ്‌

നിസാരഉത്തരങ്ങള്‍ക്കു പോലും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവരാണ്‌ വിദ്യാര്‍ഥികളില്‍ ഏറെപ്പേരും. ഇത്‌ ഓര്‍മ ശക്‌തി കുറയ്‌ക്കുമെങ്കിലും പുതിയ വിവരങ്ങള്‍ അറിയുന്നതിന്‌ ഇന്റര്‍നെറ്റ്‌ ഒഴിവാക്കേണ്ടതില്ല എന്നാണ്‌ എന്റെ പക്ഷം. എങ്കിലും ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നിവയില്‍ അധികനേരം ചെലവഴിക്കുന്നത്‌ സമയം പാഴാക്കും.

എന്റെ വീക്ഷണം

രക്ഷിതാക്കള്‍ തള്ളിവിടുന്നതു കൊണ്ടാണ്‌ കുട്ടികള്‍ എന്‍ജിനീയറിംഗിനു വരുന്നത്‌ എന്നു പറയുന്നതില്‍ കഴമ്പില്ല. കുട്ടികളുടെ നന്‍മ മാത്രമാണ്‌ അവര്‍ ആഗ്രഹിക്കുന്നത്‌. കുട്ടികളാണ്‌ ഇത്‌ തിരിച്ചറിയാതെ പോകുന്നത്‌. യുജിസി പരീക്ഷ പാസായാല്‍ പോലും ഒരു ജോലി കിട്ടാനായി കോഴ ചോദിക്കുന്നതാണ്‌ മറ്റ്‌ ബിരുദകോഴ്‌സുകളില്‍ ആളുകള്‍ കുറയുന്നതിനു കാരണം. എന്‍ജിനീയറിംഗിനും മെഡിസിനുമെല്ലാം പാസാകുന്നവരെ കാത്ത്‌ നിരവധി തൊഴിലവസരങ്ങള്‍ ഇന്നുമുണ്ട്‌. ഏകീകൃതസിലബസ്‌ ഇല്ലാത്തതാണ്‌ മറ്റൊരു പ്രശ്‌നം. അതുകൊണ്ടുതന്നെ ഓള്‍ ഇന്ത്യാ എന്‍ട്രന്‍സ്‌ അത്ര ഫലപ്രദമാകില്ല. ഒരേ അളവുകോല്‍ ഉപയോഗിച്ച്‌ എല്ലാവരെയും അളക്കാനാകില്ലല്ലോ. എങ്കിലും സമര്‍ഥരായ കുട്ടികള്‍ക്ക്‌ പഠനത്തിലൂടെ രക്ഷപ്പെടാനാകും. അതിനുള്ള മാര്‍ഗമാണ്‌ എന്‍ട്രന്‍സ്‌. ഇത്തവണ പരീക്ഷയ്‌ക്കു തയാറെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും എന്റെ എല്ലാ വിജയാശംസകളും നേരുന്നു.

Source  മംഗളം  

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on