സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label വീട്. Show all posts
Showing posts with label വീട്. Show all posts

Friday, July 05, 2013

വീട് ചെലവ് ചുരുക്കാം സൗകര്യം കുറയാതെ

ചെലവ് ചുരുക്കാം സൗകര്യം കുറയാതെ
------------------------------
-------------

പുതിയ വീട് പണിയാനുള്ള ഒരുക്കത്തിലാണോ നിങ്ങള്‍. പാഴ്‌ച്ചെലവുകള്‍ ഒഴിവാക്കി എങ്ങിനെ നല്ലൊരു വീട് പണിയാം - വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളിതാ...

-----------------------

നിങ്ങളുടെ വീട്ടില്‍ എത്ര മുറികളുണ്ട്? പെട്ടെന്ന് മറുപടി പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഒരു കാര്യം തീര്‍ച്ച. ഒരിക്കല്‍പോലും വീട്ടിലെ മുഴുവന്‍ സ്ഥലങ്ങളും പൂര്‍ണമായും നിങ്ങള്‍ ഉപയോഗിച്ചിരിക്കാനിടയില്ല. എങ്കില്‍പ്പിന്നെ എപ്പോഴും പൊടിപിടിച്ചുകിടക്കാന്‍മാത്രം എന്തിനാണിത്ര സ്ഥലം?

വായ്പയെടുത്തും ശമ്പളത്തില്‍ മിച്ചം പിടിച്ചും സ്വരൂക്കൂട്ടിയ പൈസകൊണ്ടാണ് പലരും വീടുവെക്കുന്നത്. അതുകൊണ്ട് വീടുപണിയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി കൈകാര്യം ചെയ്ത് ചെലവ് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണം.

കൃത്യമായ പ്ലാനിങ്

ലെടിന്റെ രൂപകല്പനയെക്കുറിച്ച് ആര്‍കിടെക്റ്റുമായി ഒരു തുറന്ന ചര്‍ച്ച പ്രധാനമാണ്. സ്വപ്‌നങ്ങളില്‍നിന്ന് ആവശ്യങ്ങളെ പെറുക്കിയെടുക്കാന്‍ പ്ലാനിങ് സഹായിക്കും. ചെലവാക്കാന്‍ സാധിക്കുന്ന സംഖ്യ മുന്‍കൂട്ടി കണ്ടുകൊണ്ട് സങ്കല്പങ്ങളെ നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആദ്യം നിശ്ചയിച്ച പ്ലാനില്‍ നിര്‍മാണ സമയത്ത് മാറ്റം വരുത്താതിരിക്കുക എന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ ചെലവ് കൈപ്പിടിയിലൊതുങ്ങാതെ വന്നേക്കാം.

പ്ലാന്‍ രൂപകല്പന പൂര്‍ത്തിയായാല്‍ പണി തുടങ്ങുന്നതിനുമുന്‍പ് വിശദമായ എസ്റ്റിമേറ്റും വര്‍ക്ക് പ്രോഗ്രാം ചാര്‍ട്ടും തയ്യാറാക്കാന്‍ ആര്‍കിടെക്ടിനോട് ആവശ്യപ്പെടണം. ഇത് വീടുപണിയുടെ ഓരോ ഘട്ടത്തിലും എത്ര ചെലവു വരും എന്നും എത്ര സമയംകൊണ്ട് ഓരോ ഘട്ടവും പൂര്‍ത്തിയാക്കാന്‍ കഴിയും എന്നും മുന്‍കൂര്‍ ധാരണ ഉണ്ടാക്കാന്‍ സഹായിക്കും. ഉദാഹരണമായി 1500 ചതുരശ്രഅടി വിസ്തീര്‍ണമുള്ള വീട് ആറു മുതല്‍ എട്ടു മാസംകൊണ്ട് പൂര്‍ത്തിയാക്കുന്നവിധമാകണം പ്രോഗ്രാം ചാര്‍ട്ട്. ഇതില്‍ കൂടുതല്‍ സമയം വീടുപണിക്ക് വേണ്ടിവരുന്നുണ്ടെങ്കില്‍ കൂലിയിനത്തില്‍ (ഹമയീൗൃ രീേെ) നഷ്ടം ഉണ്ടാകുന്നുണ്ട് എന്നുറപ്പിക്കാം.

വീടിന്റെ വലിപ്പമാണ് ചെലവ് കൂട്ടുന്ന മറ്റൊരു പ്രധാന സംഗതി. വീടിന്റെ വലിപ്പം കൂടുന്നതുകൊണ്ട് നിര്‍മാണ സാമഗ്രികളുടെ ചെലവ് മാത്ര മല്ല കൂടുന്നത്, വീട്ടുകരവും കൂടും. 3,000 ചതുരശ്രഅടിക്ക് മുകളിലുള്ള വീടിന് ആഡംബര നികുതിയും കൊടുക്കേണ്ടിവരും.

ഒറ്റനില വീടുകളേക്കാള്‍ ഇരുനില വീടുകളാണ് കൂടുതല്‍ ലാഭം. ഉറച്ച മണ്ണില്‍ ഒറ്റനിലയ്ക്കും രണ്ടുനിലയ്ക്കും അടിത്തറവണ്ണത്തിലും ആഴത്തിലും ചെറിയ വ്യത്യാസമേയുള്ളൂ. ഒന്നാം നിലയുടെ ടെറസില്‍ രണ്ടാംനിലയുടെ മുറികള്‍ വരുന്നതിനാല്‍ അത്രയും ചതുരശ്രഅടി ഭാഗത്ത് ഫ്ലോറിങ്ങിന് മുമ്പുള്ള ചെലവ് ആകുന്നില്ല.

വീട് പണിയുമ്പോള്‍ ബാങ്ക് വായ്പ എടുത്ത് പണിയുകയാവും നല്ലത്. വര്‍ഷങ്ങള്‍ കഴിയുന്തോറും രൂപയുടെ മൂല്യം കുറയാനാണ് സാധ്യത. ആദായനികുതിയിനത്തിലും പണം ലാഭിക്കാം.

വീടുപണിക്ക് സ്ഥലം നിശ്ചയിക്കുമ്പോള്‍ മണ്ണിന്റെ ഉറപ്പ്, വൈദ്യുതി, വാട്ടര്‍ കണക്ഷന്‍ ലഭ്യത എന്നിവ ഉറപ്പാക്കണം. ലോറി കയറുന്ന വഴിയല്ലെങ്കില്‍ നിര്‍മാണ സാധനങ്ങളുടെ നീക്കക്കൂലി കൂടാന്‍ സാധ്യതയുണ്ട്.

മലമുകളിലും ചതുപ്പുനിലത്തുമെല്ലാം വീട് പണിയുമ്പോള്‍ മണ്ണിന്റെ ഉറപ്പ് അറിഞ്ഞിരിക്കണം. മണ്ണ് പരിശോധിക്കാന്‍ 3,000 രൂപയാണ് ചെലവ്. അതുകൊണ്ട് തൊട്ടടുത്ത് വീടുകള്‍ ഉണ്ടെങ്കില്‍ അവയുടെ തറയും ഘടനയുമൊക്കെ ചോദിച്ചറിയാന്‍ ശ്രമിക്കുക. മണ്ണ് ഏറെക്കുറെ ഒരേപോലെയാണെങ്കില്‍ അവര്‍ സ്വീകരിച്ച രീതി പിന്തുടര്‍ന്നാല്‍ മതിയാകും.

വീടിന്റെ ആകൃതിയും ചെലവും തമ്മില്‍ ബന്ധമുണ്ട്. ചതുരാകൃതിയിലുള്ള വീടാണ് ഏറ്റവും നല്ലത്. കൂടുതല്‍ കട്ടിങ്ങും വളവുകളും തിരിവുകളുമുള്ള വീടിന് ഭിത്തിയുടെ വിസ്തീര്‍ണം കൂടും. സ്ഥലം ഉപയോഗശൂന്യമാവുകയും ചെയ്യും. കല്ല് കെട്ടാനും തേയ്ക്കാനും ചെലവ് കൂടും.
വീടിനു ചുറ്റും വരാന്ത പണിയുന്നത് ഇപ്പോള്‍ ട്രെന്‍ഡായിട്ടുണ്ട്. എന്നാല്‍ പുതുമ തീരുന്നതുവരെ മാത്രമേ ഈ ആവേശം കാണൂ. അത്രകണ്ട് ഉപയോഗമില്ലാത്ത വരാന്ത വേണോ എന്ന് നല്ലവണ്ണം ചിന്തിച്ചശേഷം മാത്രം തീരുമാനമെടുക്കുക. അടുക്കളയോട് ചേര്‍ന്ന് വര്‍ക് ഏരിയ, സ്റ്റോര്‍ റൂം എന്നിവ വേറെ പണിയേണ്ട ആവശ്യമില്ല. അടുക്കളയില്‍തന്നെ ഇതിനുള്ള സ്ഥലം കണ്ടെത്തുകയാണ് നല്ലത്.

എല്ലാ സൗകര്യത്തോടുംകൂടിയ കിടപ്പുമുറി ഒരുക്കാന്‍ 120 സ്‌ക്വയര്‍ഫീറ്റില്‍ കൂടുതല്‍ സ്ഥലം ആവശ്യമില്ല. അതുപോലെ ചെറിയ ബാത്ത്‌റൂമുകളാണ് പുതിയ ട്രെന്‍ഡ്. മിനിമം 6 ഃ 6 അടി വിസ്തീര്‍ണം മതിയാവും. വൃത്തിയാക്കാനുള്ള എളുപ്പവുമുണ്ട്. ലോകോസ്റ്റ് സങ്കല്പത്തില്‍ മാസ്റ്റര്‍ ബെഡ് റൂമിനോട് ചേര്‍ന്ന് ഒരു ബാത്ത് റൂം, പിന്നെ ഒരു പൊതുബാത്ത് റൂം എന്നതാണ് രീതി.

വീടിന് ചെലവഴിക്കുന്ന തുകയുടെ എട്ടു ശതമാനത്തില്‍ കൂടുതല്‍ ബാത്ത് റൂമിനായി ചെലവഴിക്കരുതെന്നാണ് പൊതുതത്ത്വം. ബാത്ത്‌റൂമിനായി ടൈല്‍സും ഫിക്‌ചേഴ്‌സുമൊക്കെ വാങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. 600 രൂപ മുതല്‍ 60,000 രൂപവരെ വിലയുള്ള ക്ലോസറ്റ് ലഭ്യമാണ്. എന്നുകരുതി പത്ത് ലക്ഷം രൂപയുടെ വീടിന് 2000 രൂപയില്‍ കൂടുതല്‍ വിലയുള്ള ക്ലോസറ്റിന്റെ ആവശ്യമില്ല. ബാത്ത്ടബ് വെക്കുന്നത് അധികച്ചെലവാണെന്നു മാത്രമല്ല, ഇവ ഉപയോഗിക്കുന്നതുതന്നെ അപൂര്‍വമാവും.

സാധനങ്ങള്‍ വാങ്ങുമ്പോള്‍
നിര്‍മാണ സാമഗ്രികള്‍ വാങ്ങുമ്പോഴുള്ള ശ്രദ്ധയാണ് ചെലവ് കുറയ്ക്കാന്‍ പറ്റിയ മാര്‍ഗം. നിര്‍മാണ സാമഗ്രികള്‍ വാങ്ങുമ്പോള്‍ പ്ലാനിങ്ങുണ്ടെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ടിങ് ചാര്‍ജ് കുറയ്ക്കാം. അടുത്ത് ലഭ്യമായ സാധനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാം. ധാരാളം വെട്ടുകല്ലു കിട്ടാനുള്ളപ്പോള്‍ ദൂരെനിന്ന് ചുടുകട്ട കൊണ്ടുവരുന്നത് നഷ്ടമുണ്ടാക്കും.

മണല്‍, ഇഷ്ടിക, വെട്ടുകല്ല് തുടങ്ങിയവ സീസണില്‍ വാങ്ങി സ്റ്റോക്കു ചെയ്താല്‍ നന്നായിരിക്കും. ക്വാറികളും കളങ്ങളും പ്രവര്‍ത്തിക്കാത്തതിനാല്‍ വെട്ടുകല്ലിനും ഇഷ്ടികയ്ക്കും മഴക്കാലത്ത് വിലകൂടുക സ്വാഭാവികം. മഴക്കാലത്താണ് വീടുപണി ഉദ്ദേശിക്കുന്നതെങ്കില്‍
ഇവ മുന്‍കൂട്ടി വാങ്ങിവെക്കുക. അതേസമയം മഴക്കാലത്ത് പുഴയില്‍ മണല്‍ വാരുന്നതിന് നിയന്ത്രണം കുറവായതിനാല്‍ ആ സമയത്ത് ആവശ്യമായ മണല്‍വാങ്ങി സ്റ്റോക്ക് ചെയ്യുന്നതാണ് നല്ലത്.

നിര്‍മാണസാമഗ്രികളുടെ പ്രാദേശികമായ ലഭ്യതയും ചെലവ് നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. വടക്കന്‍ കേരളത്തില്‍ വെട്ടുകല്ല് സുലഭമായതിനാല്‍ ഇഷ്ടിക വാങ്ങുന്നതിനേക്കാള്‍ ലാഭം വെട്ടുക്കല്ലിനായിരിക്കും. വെട്ടുകല്ലുകൊണ്ട് പണിയുന്ന വീടുകള്‍ക്ക് പണിക്കൂലിയും സിമന്റും മണലും ലാഭിക്കാനും കഴിയും. എട്ട് ഇഷ്ടിക പണിയുന്ന സ്ഥലത്ത് ഒരു കല്ലുമതി. ഒരിഷ്ടകയ്ക്ക് 2.50 രൂപവെച്ച് 8 ഇഷ്ടികയ്ക്ക് 8 ഃ 2.5 = 20 രൂപ. ഒരു കല്ലിന് 13-15 രൂപ മാത്രം. എന്നാല്‍ ഈ ലാഭം തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കിട്ടില്ല. കാരണം അവിടെ ആവശ്യത്തിന് ചെങ്കല്‍ ക്വാറികള്‍ ഇല്ല. അതേ സമയം കൂടുതല്‍ ഇഷ്ടികക്കളങ്ങള്‍ ഉണ്ട്. ഇഷ്ടിക വെട്ടുകല്ലിനേക്കാള്‍ വിലകുറച്ചു കിട്ടും.

ഇന്റര്‍ലോക് ഇഷ്ടികയാണ് വാങ്ങിക്കുന്നതെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഗ്രാമപ്രദേശങ്ങളില്‍ ഇത് ആവശ്യത്തിന് ലഭ്യമാണോ എന്നതാണ്. ആവശ്യത്തിന് കിട്ടുമെങ്കില്‍ ഇതാണ് ഏറ്റവും ലാഭം. ഇത് ഉപയോഗിച്ച് വീട് പണിയുമ്പോള്‍ സിമന്റ്, മണല്‍ എന്നിവയുടെ ചെലവ് വളരെ കുറയ്ക്കാം. ഇതില്‍ പ്ലാസ്റ്ററിങ്ങില്ല, പെയിന്റിങ്ങും വേണ്ട.

വീടിനാവശ്യമുള്ള മുഴുവന്‍ തടിയും ഒന്നിച്ചു വാങ്ങുന്നതാണ് ലാഭം. ആവശ്യത്തിനുള്ള തടി കൂപ്പില്‍നിന്ന് നേരിട്ടു വാങ്ങിയാല്‍ കൂടുതല്‍ വില പേശാന്‍ പറ്റും. വണ്ണവും നീളവും പരമാവധി ഉപയോഗപ്പെടുത്താന്‍ തക്കമുള്ള തടി തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ തടിയുടെ കുറെ ഭാഗം ഉപയോഗിക്കാനാകാതെ നഷ്ടപ്പെടാം. പഴയ മരഉരുപ്പടികള്‍ വാങ്ങാന്‍ കിട്ടുമെങ്കില്‍ അതാണ് നല്ലത്. പഴയ ഉരുപ്പടികള്‍ക്ക് നിശ്ചിത വില ഇല്ലാത്തതിനാല്‍ പരമാവധി വിലകുറച്ച് വാങ്ങാന്‍ കഴിയും. മരപ്പണിക്കു വരുന്ന ചെലവ് കുറയ്ക്കാനും സാധിക്കും.

വാതിലുകള്‍ക്കും ജനലുകള്‍ക്കും തടികൊണ്ടുള്ള ഫ്രെയിം ഒഴിവാക്കി കോണ്‍ക്രീറ്റാക്കിയാല്‍ ചെലവ് മൂന്നിലൊന്നു കുറയും. തടിതന്നെ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ വിലകൂടിയ തേക്കും ഈട്ടിയുമൊന്നും വാങ്ങാതെ ആഞ്ഞിലി, പ്ലാവ് പോലുള്ള താരതമ്യേന വിലകുറഞ്ഞതും എന്നാല്‍ ഗുണനിലവാരം ഉള്ളതുമായ മരങ്ങള്‍ തിരഞ്ഞെടുക്കുക. ജനല്‍ ഗ്രില്ലിന് പണ്ട് പല രൂപത്തില്‍ പണിതെടുത്ത ഗ്രില്ലുകളായിരുന്നു ഫാഷന്‍. ഇതിന്റെ നാലിലൊന്നു ചെലവേ പട്ടയും കമ്പിയും ഉപയോഗിച്ചുള്ള ജനല്‍ഗ്രില്ലുകള്‍ക്ക് വരൂ.

വീടുപണിക്കനുയോജ്യമായത് ഓര്‍ഡിനറി പോര്‍ട്ട് ലാന്റ് സിമന്റാണ്. പരമാവധി ഈ തരം തന്നെ വാങ്ങുക. സിമന്റ് ഒന്നിച്ചുവാങ്ങുമ്പോള്‍ താരതമ്യേന വില കുറയും. നമ്മള്‍ ആവശ്യപ്പെടുകയാണെങ്കില്‍ സിമന്റ് കമ്പനി ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. സിമന്റിന്റെ ബലം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് സിമന്റിന്റെ ഗുണനിലവാരം മനസ്സിലാക്കാനുള്ള ഔദ്യോഗിക രേഖയാണ്. കൂടുതല്‍ മെഗാപാസ്‌കല്‍ കാണിക്കുന്ന സിമന്റിന് ഗുണം കൂടും. ഇതില്‍ മണല്‍ അല്പം കൂടുതല്‍ ചേര്‍ത്താലും പ്രശ്‌നം വരില്ല.

കോണ്‍ക്രീറ്റിന് സിമന്റ്, മണല്‍, മെറ്റല്‍ എന്നിവ തമ്മിലുള്ള അനുപാതം 1:2:4 ആക്കാന്‍ ശ്രദ്ധിക്കുക. പ്ലാസ്റ്ററിങ്ങിന് ഒരു ചാക്ക് സിമന്റിന് നാലു ചാക്ക് മണല്‍ ചേര്‍ക്കാം. പടവിന് ഇത് 1:5 വരെയാകാം.

ബാത്ത്‌റൂമിലേക്ക് സാനിറ്ററി ഫിറ്റിങ്ങുകള്‍ വാങ്ങുമ്പോള്‍ വെള്ള നിറത്തിലുള്ളവയ്ക്ക് വില കുറവാണ്. ഇളം നിറങ്ങള്‍ക്കും കടും നിറങ്ങള്‍ക്കും ചെലവ് ഏറും. ടോയ്‌ലറ്റിന് പ്ലാസ്റ്റിക്, ഫൈബര്‍ വാതിലുകള്‍ വെച്ചാല്‍ ലാഭകരമായിരിക്കും.

വയറിങ് സാധനങ്ങള്‍ ഏറ്റവും ഉപയോഗമുള്ള സ്ഥലത്ത് മുന്തിയതുതന്നെ വേണം. ഉപയോഗം കുറഞ്ഞ കിടപ്പുമുറി, പൂജാമുറി തുടങ്ങിയ സ്ഥലങ്ങളില്‍ സ്വിച്ചുകളും ലൈറ്റുകളും കുറഞ്ഞ വിലയുടേതായാലും കുഴപ്പമില്ല. പ്ലംബിങ് സാധനങ്ങള്‍ വാങ്ങുമ്പോഴും ഇതേ കാര്യങ്ങള്‍ ശ്രദ്ധിക്കണം. അടുക്കള, ടോയ്‌ലറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മുന്തിയ തരവും മറ്റുള്ളത് വില കുറഞ്ഞ തരവുമാകാം. ഉദാഹരണത്തിന് അടുക്കളയിലെ വാഷിങ് സിങ്കിലുള്ള ടാപ്പ് നല്ലതുവേണം. പക്ഷേ, പാചകത്തിന് വെള്ളം എടുക്കുന്ന ടാപ്പ് അത്ര മികച്ചതാകണമെന്നില്ല.

പണിക്കിടയിലും ലാഭിക്കാം

അടിത്തറയുടെ കാര്യത്തില്‍ വീട്ടുവീഴ്ച വേണ്ട എന്നു ചിന്തിച്ച് അനാവശ്യമായി ലക്ഷങ്ങള്‍ മണ്ണിനടിയില്‍ കുഴിച്ചുമൂടുന്നവരുണ്ട്. ഉറപ്പുള്ള മണ്ണാണെങ്കില്‍ ഒന്നര അടി താഴ്ച മതി പാതുകത്തിന്. അടിത്തറ പണിയുമ്പോള്‍ സിമന്റ് ചേര്‍ക്കേണ്ട കാര്യമില്ല. ചെളികൊണ്ട് ഫില്ല് ചെയ്താലും മതി. ഉറച്ച മണ്ണാണെങ്കില്‍ തറയ്ക്കു മുകളില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റിടുന്നതും അനാവശ്യ ചെലവാണ്.

പുറം ചുമരുകള്‍ തേക്കാതിരുന്നാല്‍ പ്ലാസ്റ്ററിങ്ങിനും പെയിന്റിങ്ങിനും വരുന്ന ചെലവുകള്‍ ലാഭിക്കാം. 1500 ചതുരശ്ര അടി പ്ലാസ്റ്റര്‍ ചെയ്യാതിരുന്നാല്‍ 50,000 രൂപയോളം ലാഭം കിട്ടും.

തേച്ച ചുമരുകള്‍ക്ക് പ്ലാസ്റ്റിക് എമല്‍ഷനോ അക്രിലിക് ഡിസ്റ്റംബറോ വാഷബിള്‍ ഡിസ്റ്റംബറോ അടിക്കാം. 1500 ചതുരശ്ര അടിയുള്ള വീടിന് പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റടിക്കാന്‍ 40,000 രൂപയോളം ചെലവാകും. അക്രിലിക് ഡിസ്റ്റംബറാണെങ്കില്‍ 25,000 രൂപ മതിയാവും. വാഷബിള്‍ ഡിസ്റ്റംബറിന് 20,000 രൂപയേ വരൂ. വൈറ്റ് സിമന്റ്, സിമന്റ്‌പെയിന്റ് എന്നിവയ്ക്ക് ഇതിലും കുറയും. നീലം ചേര്‍ത്ത് കുമ്മായം പൂശുകയാണെങ്കില്‍ നിസ്സാര ചെലവിന് കാര്യം നടക്കും.

സ്റ്റെയര്‍കെയ്‌സിനെ അലങ്കാരവസ്തുവാക്കാന്‍ ശ്രമിക്കരുത്. മരവും വാര്‍ക്കയും ഗ്രാനൈറ്റും ചേര്‍ത്തു പണിയുന്ന ആഡംബര സ്റ്റെയര്‍കെയ്‌സുകള്‍ക്ക് ഒരു ലക്ഷം രൂപയ്ക്കു മീതെയാണ് ചെലവ്. ലളിതവും ചെലവ് കുറഞ്ഞതുമായ സ്റ്റെയര്‍ കെയ്‌സുകള്‍ നിര്‍മിക്കാന്‍ സ്റ്റീലും മരവും ധാരാളം. ഹാന്റ് റേലുകള്‍ക്ക് വിലകുറഞ്ഞ സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ചാല്‍ മതി. ഒരു ഷോപ്പിങ് കോംപ്ലക്‌സിന്റെ സ്റ്റെയര്‍കെയ്‌സിന് വേണ്ടിവരുന്ന അത്ര ഉറപ്പ് വീടിന്റെ സ്റ്റെയര്‍ കെയ്‌സിന് ആവശ്യമില്ല.

12.5 അടിക്ക് മുകളില്‍ വീതിയുള്ള മുറിയാണെങ്കില്‍ ചരിച്ച് മേല്‍ക്കൂര വാര്‍ക്കുന്നതാണ് ലാഭം. ഇത്രയും വീതിയുള്ള ലെവല്‍തട്ടുകള്‍ ചോര്‍ച്ചയില്ലാതിരിക്കണമെങ്കില്‍ കൂടുതല്‍ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യേണ്ടിവരും. ഇത് ചെലവ് കൂട്ടും. മാത്രമല്ല, ചെരിഞ്ഞ മേല്‍ക്കൂരയാണെങ്കില്‍ സണ്‍ഷേഡുകള്‍ ഒഴിവാക്കാനും കഴിയും.

കോണ്‍ക്രീറ്റ് ചെയ്യുന്നതിലെ ചെലവു കുറയ്ക്കാന്‍ വേണമെങ്കില്‍ ഓടു വെച്ചു വാര്‍ക്കാം. 30-40 ശതമാനം ചെലവ് കുറയും. സിമന്റിന്റേയും കമ്പിയുടേയും മണലിന്റേയും അളവ് കുറയുന്നതുകൊണ്ടാണ് ഓട് വെച്ചു വാര്‍ക്കുമ്പോള്‍ ചെലവ് കുറയുന്നത്.

സ്റ്റീല്‍ ഉത്തരങ്ങളും ഗാല്‍വനൈസ്ഡ് ഇരുമ്പ് ഷീറ്റുകളും ഉപയോഗിച്ചുള്ള മേല്‍ക്കൂരകളും ചെലവ് കുറഞ്ഞവയാണ്. ആര്‍.സി.സി. പാനലുകൊണ്ടുള്ള ഫെറോസിമന്ററ് മേല്‍ക്കൂരകളും ചെലവ് കുറഞ്ഞവയാണ്. താഴത്തെ നില വാര്‍ക്കയിട്ട് മുകളിലത്തെ നില ഓട് മേയുന്ന ഫാഷന്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ഓട് മേയാന്‍ മരത്തിന്റെ കഴുക്കോലുകള്‍ക്കുപകരം ഒന്നരയിഞ്ച് ജി.ഐ.പൈപ്പുകള്‍ വെക്കാം. ചെലവ് പകുതി കുറയും.

അടുക്കള, സ്റ്റോര്‍മുറി, വര്‍ക് ഏരിയ എന്നിങ്ങനെ വേര്‍തിരിക്കാതെ പണിയുന്നത് ചെലവ് കുറയ്ക്കും. നീളം കൂടിയ വീതി കുറഞ്ഞ അടുക്കളയാണ് നല്ലത്. വെയിലിനേയും മഴയേയും വീട്ടിലേക്കു ക്ഷണിക്കുന്ന നടുമുറ്റം വീടിനെക്കുറിച്ചുള്ള സങ്കല്പങ്ങളിലേക്ക് കടന്നുവരാറുണ്ട്. എന്നാല്‍, നടുമുറ്റം സ്ഥലം നഷ്ടപ്പെടുത്താനും ചെലവ് കൂട്ടാനും മാത്രം ഉപകരിക്കുന്നതായി മാറുകയാണ് പതിവ്. അതുകൊണ്ട് വീടിന്റെ ഭിത്തിയും പുറംമതിലും വരാന്തകള്‍കൊണ്ട് യോജിപ്പിച്ച് ഒരു സൈഡ് മുറ്റം പണിയുന്നതാണ് പുതിയ ട്രെന്‍ഡ്. ചെലവും കുറയും.

കോണ്‍ക്രീറ്റില്‍ കമ്പി കൂടിയാല്‍ ബലം കൂടുമെന്ന വിശ്വാസം ശരിയല്ല. കമ്പി കൂടുന്നത് കോണ്‍ക്രീറ്റിനെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. കമ്പി കോണ്‍ക്രീറ്റിനേക്കാള്‍ വേഗത്തില്‍ വികസിക്കും. പതുക്കെ മാത്രമേ തണുക്കൂ. ഇതുമൂലം കോണ്‍ക്രീറ്റ് പൊട്ടും. വാര്‍ക്കയില്‍ റിബ്‌സ് സ്റ്റീല്‍ ഉപയോഗിച്ചാല്‍ ചെലവ് അല്പം കുറയും. മെഷീന്‍ ഉപയോഗിച്ച് യോജിപ്പിക്കുന്ന കോണ്‍ക്രീറ്റ് മിക്‌സാണ് നല്ലത്. കോണ്‍ക്രീറ്റിനുവേണ്ടി പ്രത്യേകമായി തയ്യാറാക്കിയ റെഡി മിക്‌സുകള്‍ വിപണിയില്‍ കിട്ടും. ആവശ്യപ്പെടുന്നതിനനുസരിച്ച് മെഷീനില്‍ നമ്മുടെ സ്ഥലത്ത് വന്ന് മിക്‌സ് നേരിട്ടിറക്കി തരുന്നു. കൃത്യമായ അളവില്‍ ഫാക്ടറിയില്‍ മിക്‌സ് ചെയ്യുന്നതുകൊണ്ട് ഇതിന്റെ സെറ്റിങ് വളരെ മേന്മയുള്ളതായിരിക്കും. സാധാരണ കോണ്‍ക്രീറ്റ് രീതിയേക്കാള്‍ 30 ശതമാനം വരെ ചെലവ് കുറഞ്ഞ രീതിയാണിത്. പക്ഷേ, കേരളത്തിലെ പ്രധാന നഗരങ്ങളില്‍ മാത്രമേ ഈ സൗകര്യം ഇപ്പോഴുള്ളൂ.

വീടിനകത്തെ ഭിത്തികള്‍ക്ക് പുറത്തെ ഭിത്തിയുടെ കനം വേണ്ട. പുറംഭിത്തി 10 ഇഞ്ചാണെങ്കില്‍ അകത്തെ ഭിത്തിക്ക് നാലര ഇഞ്ച് കനം ധാരാളം മതി. ഇഷ്ടികയുടെ എണ്ണവും സിമന്റ് ചെലവും ഇതുവഴി കുറയ്ക്കാന്‍ കഴിയും. ചെറിയ വീടാണെങ്കില്‍ ലിന്റല്‍ ഒഴിവാക്കി പകരം വാതില്‍, ജനല്‍ ഫ്രെയിമുകള്‍ക്ക് മുകളില്‍ ആര്‍ച്ചുകള്‍ പണിയാം. കമ്പി, സിമന്റ്, വാര്‍ക്കക്കൂലി, സമയം എന്നിവ ലാഭം. സണ്‍ഷേഡുകള്‍ ജനലിനു മുകളില്‍മാത്രം മതി. ലിന്റലിനൊപ്പിച്ച് വീടിനു ചുറ്റും സണ്‍ഷേഡ് വെച്ചതുകൊണ്ട് ചെലവു കൂടുമെന്നല്ലാതെ യാതൊരു ഗുണവുമില്ല. മെയിന്‍ വാര്‍ക്കയുടെ അറ്റം ചെരിച്ചുവാര്‍ത്താല്‍ സണ്‍ഷേഡിന്റെ ഗുണം കിട്ടും. പണിയും നിര്‍മാണ സാമഗ്രികളും ലാഭം.

ചുമര്‍ പ്ലാസ്റ്റര്‍ ചെയ്യുമ്പോള്‍ പുറത്തെ കനം അകത്തു വേണ്ട. സിമന്റ്, മണല്‍ അനുപാതം കുറയ്ക്കുകയും ചെയ്യാം. പുറത്ത് 12 മില്ലിമീറ്റര്‍ കനവും അകത്ത് ആറ് മില്ലിമീറ്റര്‍ കനവും മതി. റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകള്‍ തന്നെയാണ് നല്ലത്. കല്ലുകെട്ടി ടാങ്ക് ഉണ്ടാക്കുന്നത് ചെലവ് കൂടും. പി.വി.സി., ഫെറോ സിമന്റ് ടാങ്കുള്‍ ലാഭകരമാണ്. അടുക്കളയില്‍ ചിമ്മിനികള്‍ പണിയുന്നത് ഇപ്പോള്‍ ഫാഷനല്ല. കോണ്‍ക്രീറ്റ് ചിമ്മിനിയേക്കാള്‍ ലളിതവും ഫലപ്രദവും ചെറിയ സ്റ്റീല്‍ ചിമ്മിനിയാണ്. ഇതിന് ചെലവ് വളരെ കുറവാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:

തോമസ് ജേക്കബ്
ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍
കണ്‍സള്‍ട്ടന്റ്ആന്റ് ആര്‍കിടെക്റ്റ്
അസോസിയേറ്റഡ് ആര്‍കിടെക്റ്റ്‌സ്
എറണാകുളം