സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Wednesday, April 15, 2015

വിഷു സമഭാവനയുടെ ദിനം

വിഷു സമഭാവനയുടെ ദിനം
*************************
കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം.
രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്.
ഏപ്രില്‍ 15 - വിഷു, ഏതൊരു മലയാളിയുടെ മനസ്സിലും ശുഭ കാമനയുടെ സുന്ദരഭാവങ്ങള്‍ തൊട്ടുണര്‍ത്തുന്ന ദിനം. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഈ ശാസ്ത്രയുഗത്തിലും ധാരാളമുണ്ട്. അതെ, ഇത് പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ

പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി. മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക്-നടന്നു നീങ്ങുന്നു. വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍.

ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദിയും കുറിക്കുന്ന ദിനം. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു
വറുതികളും, കൊടുതികളും ചവിട്ടിമെതിച്ച മണ്ണിലേക്കും, മനസ്സിലേക്കുമാണ് നാം മലയാളികളുടെ ആഘോഷങ്ങളെത്തുന്നത്. പ്രതീക്ഷയുടെ പൂത്താലവും, ഓര്‍മ്മകളുടെ താലപ്പൊലിയുമായി. പിന്നിടുന്ന സംവത്സരങ്ങളുടെ നെറുകയില്‍ അവ ചന്ദനകുളിരാകുന്നു. തീര്‍ത്ഥ ജല സ്പര്‍ശമാകുന്നു. അനന്തമായ പിതൃപരമ്പരയില്‍ നിന്നും കൈവന്ന കൈവല്യസ്മരണകള്‍. മലയാളികളുടെ മനസ്സ് സമ്പന്നമാകുന്നത് ആഘോഷങ്ങളുടെ സമൃദ്ധിയിലാണ്. മണ്ണിനെയും, വിണ്ണിനെയും മനുഷ്യമനസ്സില്‍ കോര്‍ത്തിടുന്ന അനുഭൂതികളിലാണ്. അങ്ങനെ പ്രകൃതിയുടെ പിറന്നാളുകള്‍ പോലെ ഓണവും, വിഷുവും നാം ആഘോഷിക്കുന്നു. ശകവര്‍ഷത്തിന്‍റെയും, തമിഴ് വര്‍ഷത്തിന്‍റെയും, പുതുവര്‍ഷാരംഭം കൂടിയാണ് വിഷു. സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്നതിനാല്‍ പകലും, രാവും തുല്യമായ ദിനമാണിത്. നിറദീപങ്ങളുടെ നടുവില്‍ ഉരുളിയില്‍ അരി, കൊന്നപ്പൂവ്, വെള്ളരിക്ക, നാളികേരം, അഷ്ടമംഗല്യം എന്നിവ നിറച്ച് ഒരുക്കിവയ്ക്കുന്നു. വിഷുദിവസം രാവിലെ ഫലമൂലാദികളും, കണികൊന്നയും കണികണ്ടുണരുന്ന നാം, മലയാളികള്‍ മനതാരില്‍ വരാനിരിക്കുന്ന ദിനങ്ങളുടെ സുഖസുഷ്പ്തിയില്‍ ലയിക്കുന്നു. രാവിലെ കണി കണ്ടു കഴിഞ്ഞാല്‍ ഒരു വീട്ടിലെ മുതിര്‍ന്നയാള്‍ - കാരണവര്‍ മറ്റുള്ളവര്‍ക്ക് വിഷു കൈനീട്ടവും, പുടവയും വീണ്ടും കിട്ടുവാനും മറ്റുമായും നാം വിഷുദിനമാഘോഷിക്കുന്നു.കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം. കണിപ്പാത്രത്തിലെ പൂക്കളിലും, ഫലത്തിലും നാം ഒരാണ്ടിന്‍റെമുഖപ്രസാദം ദര്‍ശിക്കുന്നു. വിഷുദിനത്തിന്‍റെ കരസ്പര്‍ശമേറ്റ് അങ്ങനെ അനശ്വരമായിത്തീര്‍ന്ന എത്രയെത്ര പുണ്യങ്ങള്‍. സൂര്യന്‍ മീനരാശിയില്‍ നിന്നു മാറുന്ന ദിനമാണ് വിഷു. രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്. ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. പീഢാനുഭവങ്ങളുടെ മീനച്ചൂട് മനസ്സില്‍ കൊന്നപ്പൂക്കളായി വിരിയുന്നു. അറിവുറയ്ക്കാത്ത ബാല്യം മുതല്‍ ജീവിതാന്ത്യംവരെ വിഷു നമ്മോടൊപ്പമുണ്ട്. പൊന്നും, പൂവും കൊണ്ട് പ്രകൃതിയെഴുതുന്ന മധുര ഗീതം പോലെ.ഇനിയും മരിക്കാത്ത ഭൂമിയില്‍ വരും വിഷുവിനൊരുനല്‍ക്കണി കാണാന്‍ കണിക്കൊന്നയില്‍ ഒരു പൂവെങ്കിലും....., നമുക്കു കാത്തിരിക്കാം.... പ്രാര്‍ത്ഥനയോടെ.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on