ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍
ഓരോ സംഭോഗത്തിലും പുരുഷന്‍ നിക്ഷേപിക്കുന്ന അനേകലക്ഷം ബീജങ്ങളിലൊന്ന്, സ്ത്രീ, മാസത്തിലൊന്നുവീതം ഉല്‍പാദിപ്പിക്കുന്ന അണ്ഡവുമായി ചേര്‍ന്നാണ് ഗര്‍ഭധാരണം നടക്കുന്നത്. മാസത്തിലെല്ലായേ്പാഴും ഗര്‍ഭധാരണ സാധ്യതയില്ലതന്നെ. പരസ്പരധാരണയോടെ ഗര്‍ഭം ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. കുഞ്ഞ് എപ്പോള്‍ വേണം, എപ്പോള്‍ വേണ്ട എന്നു തീരുമാനിക്കേണ്ടിവരുമ്പോള്‍ ഏതെങ്കിലും ഗര്‍ഭനിരോധനരീതി അവലംബിക്കേണ്ടിവരുന്നു.
സ്ത്രീകള്‍ക്കാണ് ഗര്‍ഭനിരോധമാര്‍ഗങ്ങളേറെയുള്ളത്. മൊത്തത്തില്‍ ഇവരണ്ടു തരത്തിലുണ്ട്-താല്‍ക്കാലികമായുള്ളവയും ശാ ശ്വതമായവയും. ഗര്‍ഭം നീട്ടിവെക്കാന്‍ ആദ്യവഴിയാണ് സ്വീകരിക്കേണ്ടത്. സ്ഥിരമായി ഗര്‍ഭധാരണം ഒഴിവാക്കാന്‍ രണ്ടാമത്തെ രീതിയും.
താല്‍ക്കാലികമായ ഗര്‍ഭനിരോധന രീതികളെയും രണ്ടായി തിരിക്കാം. പ്രകൃതിസഹജമായ മാര്‍ഗങ്ങളും കൃത്രിമമായ മാര്‍ഗങ്ങളും.
പ്രകൃതിസഹജ മാര്‍ഗങ്ങള്‍
ആര്‍ത്തവചക്രത്തില്‍, ഗര്‍ഭധാരണ സാധ്യത കുറവുള്ള ദിവസങ്ങളില്‍ മാത്രം ബന്ധപ്പെടുന്ന രീതിയാണ് ആദ്യത്തേത്. 'സുരക്ഷിതകാലം' നോക്കുന്ന മാര്‍ഗമാണിത്. ആര്‍ത്തവത്തിന് 14 ദിവസം മുമ്പാണ് അണ്ഡാശയത്തില്‍ നിന്ന് അണ്ഡം പുറത്തുവരുന്നത്. ഇത് 24 മണിക്കൂറിന കം പുംബീജവുമായി ചേര്‍ന്നാലേ ഗര്‍ഭധാരണം നടക്കൂ. 28-30 ദിവസത്തില്‍ കൃത്യമായി മാസമുറയുണ്ടാകുന്നവര്‍ ഗര്‍ഭധാരണം ഒഴിവാക്കാന്‍, ആര്‍ത്തവം തുടങ്ങി 8 മുതല്‍ 20 വരെ ദിവസങ്ങളില്‍ ബന്ധപ്പെടരുത്. മാസമുറ ക്രമംതെറ്റി വരുന്നവരില്‍ ഈരീതി പലപ്പോഴും പരാജയപ്പെടും. 35 ശതമാനമാണ് ഈരീതിയുടെ പരാജയ സാധ്യത.സ്വന്തം ഗര്‍ഭാശയമുഖം, തൊട്ടുനോക്കിയാല്‍ മൃദുവായതായി തോന്നുന്നതാണ് അണ്ഡവിസര്‍ജനം നടന്നതിന്റെ ഒരു സൂചന.
ഇവിടെ കിനിയുന്നനീരിന് കൊഴുപ്പു കൂടിയതായി അനുഭവപ്പെടുകയും ചെയ്യും. അണ്ഡവിസര്‍ജന സമയത്ത് ശരീരതാപനിലയില്‍ നേരിയ ഉയര്‍ച്ചയും കാണാം.
പൂര്‍ത്തീകരിക്കാത്ത സംഭോഗമാണ് മറ്റൊരു സുരക്ഷിത ഗര്‍ഭനിരോധനമാര്‍ഗം. പക്ഷേ ഇതിന് പുരുഷന്റെ സഹകരണം കൂടിയേ കഴിയൂ. മാനസിക പിരിമുറുക്കത്തിനു കാരണമാകുന്ന രീതിയാണിത്. ചിലരില്‍ നടുവേദനയും അമിതമായ ആര്‍ത്തവവേദനയും കാണാറുണ്ട്. സ്ഖലനത്തിനു മുമ്പ്, ലിംഗത്തില്‍ നിന്നു കിനിയുന്ന നീരില്‍ ബീജമുണ്ടാവാനും സാധ്യതയുണ്ട്.
മുലയൂട്ടല്‍ മാര്‍ഗമാണ് മറ്റൊന്ന്. ആദ്യത്തെ കുഞ്ഞിന് കൂടുതല്‍ കാലം നന്നായി മുലയൂട്ടുമ്പോള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം അണ്ഡവിസര്‍ജനം താമസിക്കും. കു ഞ്ഞിന് ആറുമാസമാകും വരെ ഈരീതി പരീക്ഷിക്കാം. പ്രസവശേഷം ആര്‍ത്തവം തുടങ്ങാത്ത സ്ത്രീകളിലേ ഇതു ഫലപ്രദമാകൂ.
കൃത്രിമ മാര്‍ഗങ്ങള്‍
കൃത്രിമമായി ഗര്‍ഭധാരണം തടയാനുള്ള മാര്‍ഗങ്ങളാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
തടസ്സമാര്‍ഗങ്ങള്‍: പുരുഷബീജം യോനിയില്‍ വീഴാതെ തടയാനുള്ള ഉറയാണ് ഇതില്‍ ആദ്യത്തേത്. നമ്മുടെ നാട്ടില്‍ പ്രചാരത്തിലില്ലാത്ത മാര്‍ഗമാണിത്. ബീജങ്ങളെ നശിപ്പിക്കുന്ന ലേപനങ്ങള്‍, സംഭോഗത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും യോനിയില്‍ പുരട്ടുന്ന രീതിയുണ്ട്. യോനിയില്‍ വച്ചാല്‍ അലിയുന്ന ഗുളികകളും ക്രീമുകളുമെല്ലാം മരുന്നുകടകളില്‍ ലഭ്യമാണ്. ഗര്‍ഭാശയമുഖത്ത് ഒരു തടപോലെ ധരിക്കാവുന്ന ഡയഫ്രമാണ് മറ്റൊരു തടസ്സമാര്‍ഗം. പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകളിലാണ് ഇത് ഫലപ്രദം. ലൈംഗികവേഴ്ചയ്ക്ക് മണിക്കൂറുകള്‍ മുമ്പുതന്നെ ഇത് ധരിക്കാം. ഇതിന് ചെറിയ പരിശീലനം ആവശ്യവുമാണ്. ഇതില്‍ ബീജനാശിനി ക്രീമുകള്‍ പുരട്ടുന്നതും നല്ലതാണ്. ചിലരില്‍ അലര്‍ജിയുണ്ടാക്കും. മൂത്രപ്പഴുപ്പുപോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം.
ഗര്‍ഭാശയവലയം : ലൂപ്പ് എന്നറിയപ്പെടുന്ന ഗര്‍ഭാശവലയം-ഐയുഡി-ദീര്‍ഘകാലം ഉപയോഗിക്കാവു ന്ന ഒന്നാണ്. പൊളിത്തീന്‍ കൊണ്ടു നിര്‍മിച്ചതും ചെമ്പുകമ്പി ചുറ്റിയതുമായ ലൂപ്പുകളുണ്ട്. കോപ്പര്‍-ടി ഉദാഹരണം. പ്രസവശേഷം ആറാഴ്ച കഴിഞ്ഞ് ഗര്‍ഭാശയത്തില്‍ ലൂപ്പ് നിക്ഷേപിക്കാം. ഇതിന് ഡോക്ടറുടെ സേവനം ആവശ്യമാണ്. സര്‍ക്കാര്‍ മാതൃശിശുകേന്ദ്രങ്ങളില്‍ സൗജന്യമായി ലൂപ്പ് നിക്ഷേപിക്കാന്‍ സൗകര്യമുണ്ടാവും. വര്‍ഷത്തിലൊരിക്കല്‍ ഡോക്ടറെകണ്ട് പരിശോധന നടത്തുന്നത് നല്ലതാണ്. ഒരു ലൂപ്പ് അഞ്ചുമുതല്‍ ഏഴു വര്‍ഷംവരെ ഉപയോഗിക്കാന്‍ പറ്റിയേക്കും.
ഗര്‍ഭപാത്രത്തില്‍ ഒരന്യവസ്തുവായി ലൂപ്പ് കിടക്കുന്നതുകൊ ണ്ട് ഗര്‍ഭധാരണം നടക്കില്ല. ചിലരില്‍, അപൂര്‍വമായി അണ്ഡവാഹിനിക്കുഴലില്‍ ഗര്‍ഭം വളരാന്‍ സാധ്യതയുണ്ട്. ചിലരില്‍ അലര്‍ജി, നടുവേദന, അമിതാര്‍ത്തവം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ കാണാറുണ്ട്. പ്രശ്‌നമുള്ളവര്‍ ലൂപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.
ഗര്‍ഭനിരോധന ഗുളികകള്‍: വിദേശങ്ങളില്‍ ഏറെ പ്രചാരമുള്ള രീതിയാണിത്. ഈസ്ട്രജന്‍, പ്രോജസ്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ചേര്‍ന്ന ഗുളികകളും ഹോര്‍മോണില്ലാത്ത ഗുളികകളുമുണ്ട്. മാലാ-ഡി തുടങ്ങി 30ഓളം ബ്രാന്‍ഡ് ഹോര്‍മോണ്‍ ഗുളികകള്‍ ലഭ്യമാണ്. മാസമുറ തുടങ്ങി അഞ്ചാം ദിവസം മുതല്‍ മൂന്നാഴ്ച കഴിക്ക ണം. മുലയൂട്ടുന്നവര്‍ക്ക് ഹോര്‍മോണ്‍ അളവില്‍ മാറ്റമുള്ള 'മിനിഗുളിക' ലഭ്യമാണ്. ഓക്കാനം, സ്തനവേദന, മുഖക്കുരു, വിഷാദം, രക്തസ്രാവം, ലൈംഗികവിരക്തി തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ കാണാമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ ഗുളികകള്‍ കഴിക്കാവൂ.
ഹോര്‍മോണ്‍ ചേരാത്ത സഹേലി പോലുള്ള ഗുളികകള്‍ക്ക് പാര്‍ശ്വഫലങ്ങളില്ല. പക്ഷേ ഫലപ്രാപ്തി താരതമ്യേന കുറയും. ആദ്യ മൂന്നു മാസം ആഴ്ചയില്‍ രണ്ടു ദിവസവും പിന്നീട് ആഴ്ചയിലൊരു ദിവസവും കഴിച്ചാല്‍ മതിയാകും. ഗുളിക നിര്‍ത്തി ആറു മാസത്തിനകം ഗര്‍ഭധാരണം സാധിക്കും.
ഹോര്‍മോണ്‍ കുത്തിവെപ്പ്, ഇംപ്ലാന്‍റ്: മൂന്നു മാസത്തിലൊരിക്കലോ രണ്ടു മാസത്തിലൊരിക്കലോ കുത്തിവെക്കാവുന്ന ഹോര്‍മോണ്‍ മരുന്നുകള്‍ ലഭ്യമാണ്. ഈസ്ട്രജനും പ്രോജസ്റ്റിനുമാണ് കുത്തിവെക്കുക. പ്രസവശേഷം ആറുമാസം കഴിഞ്ഞ് കുത്തിവെപ്പെടുക്കാം. കുത്തിവെപ്പ് നിര്‍ത്തിയാല്‍ നാലുമാസത്തിനകം ഗര്‍ഭധാരണശേഷി തിരിച്ചുകിട്ടും. തൊലിക്കടിയില്‍, ശസ്ത്രക്രിയവഴി ഹോര്‍മോണ്‍ കാപ്‌സ്യൂള്‍ പിടിപ്പിക്കുന്ന രീതിയാണ് ഇംപ്ലാന്‍റ്. അഞ്ചുവര്‍ഷം വരെ അതവിടെ കിടന്നുകൊള്ളും. ഡോക്ടറുടെ സഹായം വേണം, ഈ രണ്ടു രീതിക്കും.
അടിയന്തര മാര്‍ഗങ്ങള്‍: അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ചില രീതികളുണ്ട്. അനാവശ്യ വേഴ്ച വേണ്ടിവന്നാലോ ബലാല്‍സംഗം പോലുള്ള ദുരന്തത്തിലോ മറ്റോ ഗര്‍ഭധാരണം ഒഴിവാക്കാന്‍, 72 മണിക്കൂറിനകം ആദ്യം കുറഞ്ഞ ഡോസില്‍ മാലാ-ഡി പോലുള്ള നാലു ഗുളികകളും, 12 മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും നാലു ഗുളികകളും കഴിക്കുക. ഗുളികയ്ക്കനുസരിച്ച് ഡോസില്‍ മാറ്റം വരാമെന്നതിനാല്‍ വൈദ്യനിര്‍ദ്ദേശപ്രകാരമേ ഇതുചെയ്യാവൂ. അനഭിലഷണീയ വേഴ്ചയ്ക്കുശേഷം അഞ്ചു ദിവസത്തിനകം ലൂപ്പ് ധരിച്ചാലും ഗര്‍ഭധാരണം ഒഴിവാക്കാം.
വന്ധ്യംകരണം
ഇനി കുട്ടികള്‍ വേണ്ട എന്നാണ് തീരുമാനമെങ്കില്‍ ശാശ്വതമായ ഗര്‍ഭനിരോധനമാര്‍ഗം-വന്ധ്യംകരണം-അവലംബിക്കാം. സ്ത്രീകളിലെ വന്ധ്യംകരണ ശസ്ത്രക്രിയയാണ് ട്യൂബക്ടമി. അണ്ഡവാഹിനിക്കുഴലുകളില്‍ തടസ്സമുണ്ടാക്കുകയോ ചെറിയ ഭാഗം മുറിച്ചു കളയുകയോ ആണ് ചെയ്യാറ്. ചില കേസുകളില്‍ ഈ നാളികള്‍ കൂടിച്ചേര്‍ന്ന് വീണ്ടും ഗര്‍ഭം ധരിച്ചുപോകാന്‍ സാധ്യതയുണ്ട്. ശസ്ത്രക്രിയ ചെയ്തവര്‍ക്ക് പിന്നീട് കൂട്ടികള്‍ വേണമെന്നു തോന്നിയാല്‍ വീണ്ടും ശസ്ത്രക്രിയ ചെയ്ത് നാളി കൂട്ടിയോജിപ്പിക്കാനാകും.
ഇതു പക്ഷേ, വിജയിച്ചില്ലെന്നും വരാം.
ശ്രദ്ധിക്കുക
വിവാഹശേഷം, ആദ്യപ്രസവം നീട്ടിവെക്കാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ആശാസ്യമല്ല. പിന്നീടുള്ള ഗര്‍ഭധാരണ സാധ്യതയെ ബാധിച്ചേക്കാം, പലവഴികളും. രണ്ടാമത്തെ പ്രസവം നീട്ടിവെക്കാനാണ് കൃത്രിമമാര്‍ഗങ്ങള്‍ പ്രയോജനപ്പെടുക. ആദ്യ പ്രസവം നീട്ടിവെക്കാന്‍ സുരക്ഷിതകാലം നോക്കുകയോ കോണ്‍ഡം ഉപയോഗിക്കുകയോ ചെയ്യുന്നതാണ് നല്ലത്. കൃത്രിമമായ - ഗുളിക, മരുന്നുപോലുള്ളവ - വഴികളെല്ലാം ഡോക്ടറുടെ ഉപദേശാനുസരണമേ അനുവര്‍ത്തിക്കാവൂ. ഏറ്റവും അഭിലഷണീയമായ ഗര്‍ഭനിരോധന മാര്‍ഗം, പുരുഷനുപയോഗിക്കുന്ന ഉറതന്നെ. സുഖക്കൂടുതല്‍ മോഹിച്ച്, പുരുഷന്‍, ഗര്‍ഭനിരോധന ബാധ്യതകൂടി പെണ്ണി നെ ഏല്‍പ്പിക്കുകയാണ്. വന്ധ്യംകരണ ശസ്ത്രക്രിയയും പുരുഷന്‍ ചെയ്യുന്നതാണ് ലളിതം. ഇതിലും പുരുഷന്‍ മടികാട്ടുന്നു. ഓരോരോ പുതിയ വഴികള്‍ സ്ത്രീക്കുവേണ്ടി കണ്ടെത്തുന്നതും പുരുഷന്‍ തന്നെയാവും!
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on