*നക്ഷത്രങ്ങള്‍ കരിഞ്ഞിരിക്കുന്നു*
രതി നീ പിണങ്ങിപ്പിണങ്ങിയെന്‍
ജീവന്റെ ഹരിതമോഹങ്ങളെ
പണയമായി വാങ്ങിയോള്‍
രതി നീ ഇണങ്ങിയെന്‍ പ്രാണ ബിന്ദുക്കളില്‍
പനി പിടിപ്പിച്ചിട്ടുറക്കെ ചിരിച്ചവള്‍
പറയൂ മനസ്സിന്റെ റാണി മടിയ്ക്കാതെ പറയൂ
നിനക്കെന്റെ കവിത കയ്ക്കുന്നുവോ?
പറയൂ മനസ്സിന്‍റെ രാജ്ഞി അറയ്ക്കാതെ പറയൂ
നിനക്കെന്റെ പ്രണയം മുഷിഞ്ഞുവോ?
വാര്‍ദ്ധക്യമേറുന്നു രാത്രിയ്ക്ക്, യാമങ്ങള്‍
പേടിപ്പെടുത്തുന്നു മഞ്ഞിന്‍ സ്വരങ്ങളില്‍
ഉണരാ, മുറക്കംമുറിയ്ക്കാം, തമസ്സിന്റെ
കുന്തിരിക്കം പുകയ്ക്കുന്നൂ വസുന്ധര
അന്യോന്യമിന്നിന്റെ കാഞ്ഞിരം പങ്കിട്ടു
സുല്ലിട്ടിരിയ്ക്കാമിരുട്ടിന്റെ തിട്ടയില്‍
ഓര്‍മ്മകള്‍ നഗ്നമായ് റോന്തു ചുറ്റുമ്പോള്‍ ഞാ-
നോമലെ, നിന്നെപ്പിരിഞ്ഞെങ്ങു പോകുവാന്‍?
ഒരു നൂറു രതിവര്‍ണ്ണചിത്രങ്ങള്‍ മനസ്സിന്‍റെ
യഴികളില്‍ തൂക്കുന്ന കാലം!
സന്ധ്യക്കു ഋതുവിന്റെ തൊടികളില്‍ വന്നു നീ
സൌന്ദര്യമായ് നിന്ന കാലം!
സ്വപ്നങ്ങളെന്‍ ഭ്രാന്ത നിമിഷങ്ങളില്‍ സ്വര്‍ണ്ണ
ശില്പങ്ങളാകുന്ന കാലം
കനവിലും നിനവിലും നയനങ്ങളവിരാമ
മനുഭൂതി ചാര്‍ത്തുന്ന കാലം
പ്രണയജ്വരം വന്നു വിറയാര്‍ന്ന ചിന്തകള്‍
ജൃംഭിച്ചുനില്‍ക്കുന്ന കാലം
പൂര്‍ത്തീകരിക്കാത്തൊരാലിംഗനത്തിന്റെ
നൊമ്പരപ്പാകുന്ന കാലം
ഒരു കോടി നക്ഷത്രമൊരുപോലെ
നമ്മളെ കളിയാക്കി നില്‍ക്കുന്ന കാലം
നെറികെട്ട നെറികെട്ട പ്രായം
രതി നീല മുല്ലകള്‍ പൂക്കുന്ന കാലം
ഓര്‍മ്മകള്‍ നഗ്നമായ് റോന്തുചുറ്റുന്നെന്റെ
ബോധേന്ദ്രിയങ്ങള്‍ക്കു ചിറകുമായ് ചുറ്റിലും
നിന്റെയീ നീര്‍മിഴിക്കൊണുകള്‍
ജീവിതപ്പച്ച ചുംബിക്കുന്ന ചുണ്ടിലെപാട്ടുകള്‍
തണുവാര്‍ന്നവിരലിനാലെഴുതുമെന്‍ കവിത കള്‍
ക്കുണര്‍വ്വായി നിറയുന്ന നിന്‍ സ്നേഹ ശീലുകള്‍
പെട്ടെന്നൊരുംപെട്ട വര്‍ഷചൊരിച്ചിലില്‍
വസ്ത്രങ്ങള്‍ വഞ്ചിച്ച യൌവ്വനക്കുന്നുകള്‍
പരിദേവനങ്ങളും പരിഭവപ്പൂക്കളും
തലയാട്ടി നില്‍ക്കുന്ന മാതളക്കവിളുകള്‍
നിന്മുടിച്ചുറ്റിലെ കസ്തൂരിമാത്രകള്‍
മുന്തിരിച്ചുവയുള്ള ചുംബനതുട്ടുകള്‍
അന്തമില്ലാതുള്ള തൃഷ്ണകള്‍ പൊള്ളുന്ന
കാത്തിരിപ്പിന്‍ നൊന്ത കാമപ്പരുന്തുകള്‍!
ഓര്‍മ്മകള്‍ നഗ്നമായ് റോന്തു ചുറ്റുംപോഴെ
ന്നോമാനേയെന്നെ പിരിഞ്ഞു പോകുന്നുവോ!
ഹേമന്തരാവിലന്നീറന്‍ പുതപ്പുമായ്
നീയെന്റെയരികത്തു ലജ്ജിച്ചു നിന്നവള്‍
നീയെന്‍ ശരത്കാല നിദ്രയ്ക്കു കാവലായ്
ഇമ പൂട്ടിടാതെന്റെ ചാരത്തിരുന്നവള്‍
ഗ്രീഷ്മത്തി, ലെരിയുന്ന വേനലില്‍ നീലിച്ച
ചിരിയുമായെന്നുമെന്‍ പിന്നാലെ വന്നവള്‍
നീ രതീ, മുഗ്ദ്ധമാം സ്നേഹം ചുരന്നെന്റെ
പ്രാണേന്ദ്രിയങ്ങളെത്തീറെഴുതിച്ചവള്‍
നീയെന്‍ വിശുദ്ധമാം കണ്ണുനീര്‍ പന്തലില്‍
സ്നേഹാഗ്നിയായി വന്ന നക്ഷത്രകാമുകീ
വിധിയെന്റെ പന്ഥാവിലറിയാതുപേക്ഷിച്ച
വിധി നീ നിറവിന്റെ നിധി നീ, മനസ്സിന്‍ തപസ്സിനീ!
ഇല്ല നീയെന്നെത്തുണയ്ക്കാന്‍ വരില്ലിനി,
ഹൃത്തിന്‍ വിഷാദങ്ങളൊപ്പാന്‍ വരില്ലിനി
ഇല്ലെന്‍ മനസ്സിന്റെ ശൂന്യ പാത്രങ്ങളില്‍
തീര്ത്ഥബിന്ദുക്കളിറ്റിക്കാന്‍ വരില്ലിനി…
മഞ്ഞനിറമാര്‍ന്നു നിന്‍ കണ്ണുകള്‍ കണ്മണീ
ഗന്ധവ്യത്യാസമുണ്ടുച്വാസ വായുവില്‍
നിന്‍ ത്വക്കഴിഞ്ഞെഴുന്നേല്‍ക്കയാണെല്ലുകള്‍
അഴിമുഖം തേടി നിന്നുള്ളം പിടയ്ക്കിലും !
വഴികള്‍ ഭിന്നിക്കയാണിവിടെ വാച്ചാതിരെ..
കരയാതെ പതറാതെ ഇടറാതെ പോകുക ….
നഷ്ട ജന്മത്തിന്‍ വരാന്തയില്‍ച്ചെന്നു നീ
ശിഷ്ട സത്യങ്ങളില്‍ കയ്യൊപ്പു വയ്ക്കുക
ഇനി നീ തനിച്ചാണു പ്രണയിനീ, ശേഷിച്ച
നിമിഷങ്ങളില്‍ വന്നു ശല്യമാവില്ല ഞാന്‍…
സ്ഫടികനേത്രങ്ങളാലാതുരേ, യീവിധം
നോക്കാതെ, നോക്കാതെ, നോക്കാതിരിക്കുക
രതി നീ പിണങ്ങിപ്പിണങ്ങിയെന്‍
ജീവന്റെ ഹരിതമോഹങ്ങളെ
പണയമായി വാങ്ങിയോള്‍
രതി നീ ഇണങ്ങിയെന്‍ പ്രാണ ബിന്ദുക്കളെ
പനി പിടിപ്പിച്ചിട്ടുറങ്ങാന്‍ കിടക്കുമ്പോള്‍ …?
പറയൂ മനസ്സിന്റെ ദേവി , അറയ്ക്കാതെ പറയൂ
നിനക്കെന്റെ കഥകള്‍ കയ്ക്കുന്നുവോ?
പറയൂ, മനസ്സിന്റെ രാജ്ഞീ, മറയ്ക്കാതെ പറയൂ
നിനക്കെന്റെ മുഖവും മുഷിഞ്ഞുവോ?
——
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on