Income Tax on Salary Income 2011-2012
2011-12 സാമ്പത്തിക വര്‍ഷത്തിലെ ആദായ
നികുതി കണക്കാക്കി ഫെബ്രുവരി മാസത്തെ ശമ്പള ബില്ലില്‍ നിന്നും അവസാനത്തെ
ഗഡു കിഴിവ് ചെയ്യേണ്ടതുണ്ട്. ഇതുവരെ അടച്ച അഡ്വാന്‍സ് ടാക്സ് തുകകള്‍
കഴിച്ച് ബാക്കി നല്‍കാനുള്ള ടാക്സ് മുഴുവനായും മാര്‍ച്ച് 31 ന് മുമ്പ്
അതായത് ഫെബ്രുവരി മാസത്തെ ബില്ലില്‍ നിന്നും കുറവ് ചെയ്യണം.
ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഫോം 16 തയ്യാറാക്കി
ഫെബ്രുവരി മാസത്തെ ബില്ലിനോടൊപ്പം ട്രഷറികളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അവരുടെ വരുമാനത്തിന്റെ വിവരങ്ങളടങ്ങിയ
സ്റ്റേറ്റ്മെന്റ് ഓഫീസ് മേധാവിക്ക് നല്കുകയും അതിന്റെ അടിസ്ഥാനത്തില്‍
ഓഫീസ് മേധാവി ടാക്സ് ബില്ലില്‍ നിന്നും ഡിഡക്ട് ചെയ്യേണ്ടതുമാണ്. ഇത് ഓഫീസ്
മേധാവികളുടെ ഉത്തരവാദിത്തമാണെന്ന് ഓര്‍ക്കുക.
ആദായ നികുതി വളരെ ലളിതമായി കണക്കാക്കുന്നതിനും സ്റ്റേറ്റ്മെന്റെ് , ഫോം 16 എന്നിവ പ്രിന്റ് ചെയ്യുന്നതിനും തയ്യാറാക്കിയിട്ടുള്ളതാണ് EASY TAX.
ടാക്സ് കാല്‍ക്കുലേഷനെക്കുറിച്ച് വലിയ അറിവില്ലാത്തവര്‍ക്കു പോലും
തങ്ങളുടെ ടാക്സ് കണക്കാക്കുന്നതിനും സ്റ്റേറ്റ്മെന്റുകള്‍ പ്രിന്റ്
ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.
എങ്കിലും ഇന്‍കം ടാക്സുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
2011-12 വര്‍ഷത്തിലെ ആദായ നികുതി നിരക്കുകള്‍
65 വയസ്സില്‍ താഴെയുള്ള പുരുഷന്മാര്‍
- വരുമാനം 1,80,000 രൂപ വരെ – നികുതിയില്ല
- വരുമാനം 1,80,001 മുതല്‍ 5,00,000 രൂപ വരെ – 10ശതമാനം
- വരുമാനം 5,00,001 മുതല്‍ 8,00,000 രൂപ വരെ – 20ശതമാനം
- വരുമാനം 8,00,001 മുതല്‍ മുകളിലേക്ക് – 30ശതമാനം
65 വയസ്സില്‍ താഴെയുള്ള സ്തീകള്‍
- വരുമാനം 1,90,000 രൂപ വരെ – നികുതിയില്ല
- വരുമാനം 1,90,001 മുതല്‍ 5,00,000 രൂപ വരെ – 10ശതമാനം
- വരുമാനം 5,00,001 മുതല്‍ 8,00,000 രൂപ വരെ – 20ശതമാനം
- വരുമാനം 8,00,001 മുതല്‍ മുകളിലേക്ക് – 30ശതമാനം
65 വയസ് മുതല്‍ 80 വയസ് വരെയുള്ള സീനിയര്‍ സിറ്റിസന്‍
- വരുമാനം 2,50,000 രൂപ വരെ – നികുതിയില്ല
- വരുമാനം 2,50,001 മുതല്‍ 5,00,000 രൂപ വരെ – 10ശതമാനം
- വരുമാനം 5,00,001 മുതല്‍ 8,00,000 രൂപ വരെ – 20ശതമാനം
- വരുമാനം 8,00,001 മുതല്‍ മുകളിലേക്ക് – 30ശതമാനം
80 വയസിന് മുകളിലുള്ള സീനിയര്‍ സിറ്റിസന്‍
- വരുമാനം 5,00,000 രൂപ വരെ – നികുതിയില്ല
- വരുമാനം 5,00,001 മുതല്‍ 8,00,000 രൂപ വരെ – 20ശതമാനം
- വരുമാനം 8,00,001 മുതല്‍ മുകളിലേക്ക് – 30ശതമാനം
ആദായ നികുതി കണക്കാക്കുന്ന വിധം
2011 ഏപ്രില്‍ 1 മുതല്‍ 2012 മാര്‍ച്ച് 31
വരെയുള്ള കാലയളവില്‍ ലഭിച്ച വരുമാനമാണ് ടാക്സ് കണക്കാക്കാന്‍
പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ മാസത്തേയും ശമ്പളം തൊട്ടടുത്ത മാസമാണ്
ലഭിക്കുന്നത് എന്നത് കൊണ്ട് 2011 മാര്‍ച്ചിലെ ശമ്പളം ഇതില്‍
ഉള്‍പ്പെടുത്തുകയും 2012 മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി
നിര്‍ത്തുകയും ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ
ഡിഡക്ക്ഷനുകളും കണക്കിലെടുക്കാവുന്നതാണ്. ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം,
ക്ഷാമബത്ത, വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍
അലവന്‍സുകള്‍, ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ
റിവിഷന്‍ അരിയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം. ഫെസ്റ്റിവല്‍
അഡ്വാന്‍സ് , യൂണിഫോം അലവന്‍സ്, ഹില്‍ ഏരിയ അലവന്‍സ്, യാത്രാപ്പടി എന്നിവ
ഉള്‍പ്പെടുത്തേണ്ടതില്ല.
മുകളില്‍ വിശദീകരിച്ച രീതിയില്‍ മൊത്തം ശമ്പളം കണക്കാക്കി അതില്‍ നിന്നും ഇനി പറയുന്നവ കുറയ്ക്കാവുന്നതാണ്.
1) വീട്ടുവാടക ബത്ത ( HOUSE RENT ALLOWANCE)
നിങ്ങള്‍ താമസിക്കുന്നത് വാടക
വീട്ടിലാണെങ്കില്‍ മാത്രം, വിട്ടുവാടക ബത്ത താഴെ കൊടുത്തിട്ടുള്ള മൂന്ന്
തുകകളില്‍ ഏതാണോ ചെറുത് അത് കുറവ് ചെയ്യാം.
- യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം കൈപ്പറ്റിയ വീട്ടുവാടക ബത്ത
- അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ അധികം നല്‍കിയ വാടക
- അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക
സാധാരണ ഗതിയില്‍ ഇത് കുറവ് ചെയ്യുന്നതിന്
ഒരു ഡിക്ളറേഷന്‍ എഴുതി നല്‍കിയാല്‍ മതിയെങ്കിലും മിക്ക ട്രഷറികളില്‍
നിന്നും വാടക രസീത് ആവശ്യപ്പെടാറുണ്ട്.
2) വാഹന ബത്ത
വാങ്ങിയിട്ടുണ്ടെങ്കില്‍, പരമാവധി ഒരു മാസം 800 രൂപ പ്രകാരം ഒരു വര്‍ഷം
9600 രൂപയോ അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ തുകയോ ഏതാണോ കുറവ് അത്
കുറവ് ചെയ്യാവുന്നതാണ്.
3) തൊഴില്‍ നികുതിയിനത്തില്‍ നല്‍കിയ തുക (രണ്ടു ഗഡുക്കളും കൂടി കൂട്ടിയത്)
മൊത്തം ശമ്പളവരുമാനത്തില്‍ നിന്നും
മുകളില്‍ കൊടുത്ത കിഴിവുകള്‍ വരുത്തിയതിന് ശേഷം കിട്ടുന്ന തുകയെ Net Salary
Income എന്നറിയപ്പെടുന്നു. ഇതിനോട് കൂടി വാടക കെട്ടിടങ്ങളില്‍ നിന്നുള്ള
വരുമാനം, ബിസിനസ് & പ്രൊഫഷന്‍, കാപിറ്റല്‍ ഗെയിന്‍, മറ്റു വരുമാനം
തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂട്ടേണ്ടതുണ്ട്.
ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക്
വീട്ടുവാടകയിനത്തില്‍ വരുമാനമൊന്നും ഇല്ലെങ്കിലും സ്വന്തം
താമസത്തിനുപയോഗിക്കുന്ന വീട് വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ
അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ
ലോണിന് പലിശയിനത്തില്‍ നല്‍കിയിട്ടുള്ള തുക ഈ തലക്കെട്ടില്‍ നഷ്ടമായി
കാണിക്കണം. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി
30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 1,50,000 രൂപ
വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം
നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം)
Net Salary യോട് കൂടി മറ്റ്
സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കൂട്ടുമ്പോള്‍ കിട്ടുന്ന തുകയെ
Total Income എന്നറിയപ്പെടുന്നു. ഇതില്‍ നിന്നും ചാപ്റ്റര്‍ VI-A പ്രകാരം
80 സി, 80 സി.സി.സി, 80 സി.സി.ഡി എന്നീ വകുപ്പുകള്‍ അനുസരിച്ച് പരമാവധി 1
ലക്ഷം രൂപ വരെ കുറവ് ചെയ്യാം.
80 സി പ്രകാരം അനുവദനീയമായ പ്രധാനപ്പെട്ട ഇളവുകള്‍
- പ്രാവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക (വായ്പ തിരിച്ചടവ് കണക്കിലെടുക്കരുത്)
- SLI, FBS, GIS, GPAIS തുടങ്ങിയവ
- ജീവനക്കാരുടെയോ ആശ്രതരുടെയോ പേരില്‍ അടച്ചിട്ടുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം
- നാഷണല്‍ സേവിംഗ്സ് ഡെപ്പോസിറ്റ്, അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
- നാഷണലൈസ്ഡ് ബാങ്കുകളിലെ 5 വര്‍ഷത്തേക്കുള്ള ടാക്സ് സേവര്‍ സ്കീം.
- 5 വര്‍ഷം കാലാവധിയുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഡെപ്പോസിറ്റ്
- വീട് നിര്‍മ്മാണത്തിന് എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ മുമ്പ് വിശദീകരിച്ച പോലെ Income From House Property എന്ന തലക്കെട്ടില്‍ നഷ്ടമായി കാണിക്കുക)
- പരമാവധി രണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ ട്യൂഷന്‍ ഫീസ്. (ഡൊണേഷന്‍, ഡവലപ്മെന്റ് ഫീസ്, കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് ഹാജരാക്കേണ്ടി വരും
80 സി.സി.സി – ഐ.ആര്‍.ഡി.എ അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
80 സി.സി.ഡി – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
മുകളില്‍ നല്‍കിയ മൂന്ന് വകുപ്പുകള്‍ പ്രകാരമുള്ള 1 ലക്ഷം രൂപയുടെ കിഴിവുകള്‍ കൂടാതെ താഴെ പറയുന്ന കിഴിവുകളും അനുവദനീയമാണ്.
80. സി.സി.എഫ് – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത ഇന്‍ഫ്രാ സ്ട്ക്ച്ചര്‍ ബോണ്ടുകളില്‍ നിക്ഷേപിച്ച തുക. (പരമാവധി 20,000 രൂപ)
80. ഡി
– ജീവനക്കാരന്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക്
വേണ്ടി എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അടച്ച പ്രീമിയം.
പരമാവധി 15,000 രൂപ. ഇത് കൂടാതെ രക്ഷിതാക്കളുടെ പേരില്‍ എടുത്തിട്ടുള്ള
ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം പരമാവധി 15,000 രൂപ. (രക്ഷിതാക്കള്‍ സീനിയര്‍
സിറ്റിസനാണെങ്കില്‍ 20,000 രൂപ വരെ കിഴിക്കാം). ഇങ്ങനെ മൊത്തം 35,000 രൂപ വരെ കുറയ്ക്കാം. ഉദാഹരണം. മെഡിക്ലെയിം പോളിസി
80 ഡി.ഡി
– ശാരീരികായോ, മാനസികമായോ അംഗവൈകല്യം സംഭവിച്ച, നികുതി ദായകനെ ആശ്രയിച്ച്
കഴിയുന്ന ബന്ധുവിന്റെ ചികിത്സാ ചെലവ്. (വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം
വരെയാണെങ്കില്‍ പരമാവധി 50,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍
പരമാവധി 1 ലക്ഷം രൂപ)
80. ഡി.ഡി.ബി
– മാരകമായ രോഗങ്ങള്‍ അനുഭവിക്കുന്ന നികുതി ദായകനോ അദ്ദേഹത്തിന്റെ
ആശ്രിതര്‍ക്കോ വേണ്ടി ചെലവഴിച്ച ചികിത്സാ ചെലവ്. പരമാവധി 40,000 രൂപ
(സീനിയര്‍ സിറ്റിസനാണെങ്കില്‍ 60,000 രൂപ). ഉദാഹരണം- കാന്‍സര്‍, എയിഡ്സ്,
വൃക്ക തകരാറ്
80.ഇ
– തന്റെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി അംഗീകൃത
സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശ.
80.ജി
– ധര്‍മ്മസ്ഥാപനങ്ങളിലേക്കും മറ്റും നല്കിയ സംഭാവന. ചില സ്ഥാപനങ്ങള്‍ക്കും
ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്കുന്ന തുക പൂര്‍ണ്ണമായും മറ്റു ചിലതിന്
നല്കുന്നതിന്റെ 50 ശതമാനവും കിഴിവ് ലഭിക്കും.
80 ജി.ജി.സി –
Representation of the People Act-1951 ലെ 29എ വകുപ്പ് പ്രകാരം
അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവന
മുഴുവനായും കുറയ്ക്കാം. പക്ഷെ തക്കതായ തെളിവുകള്‍ സമര്‍പ്പിക്കേണ്ടി വരും.
80.യു
– പൂര്‍ണ്ണമായോ ഭാഗികമായോ അംഗവൈകല്യമുള്ള നികുതി ദായകന് തന്റെ
വരുമാനത്തില്‍ നിന്നും വൈകല്യം 40 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 50,000
രൂപയും വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1 ലക്ഷം രൂപയും കുറവ്
ചെയ്യാവുന്നതാണ്.
മുകളില്‍ കൊടുത്തിട്ടുള്ള എല്ലാ കിഴിവുകളും
നടത്തിയതിന് ശേഷം ലഭിക്കുന്ന തുകയെ അടുത്ത 10 രൂപയിലേക്ക് റൌണ്ട് ചെയ്യുക.
ഇതിനെ Taxable Income എന്നറിയപ്പെടുന്നു. ഈ തുകയുടെ മുകളിലാണ് നിശ്ചിത
നിരക്കനുസരിച്ച് ടാക്സ് കണക്കാക്കേണ്ടത്. ടാക്സ് കണ്ടതിന് ശേഷം ആ
ടാക്സിന്റെ മുകളില്‍ 2 ശതമാനം എഡ്യുക്കേഷന്‍ സെസും 1 ശതമാനം സെക്കണ്ടറി
ആന്റ് ഹയര്‍ എഡ്യുക്കേഷന്‍ സെസും കൂട്ടുക (മൊത്തം മൂന്ന് ശതമാനം). ഈ
കിട്ടിയ തുകയാണ് നിങ്ങളുടെ ഈ വര്‍ഷത്തെ ഇന്‍കം ടാക്സ്. ഇതില്‍ നിന്നും
നിങ്ങള്‍ മുമ്പ് അടച്ചിട്ടുള്ള ടാക്സ് കുറച്ച് ബാക്കി ഫെബ്രുവരിയിലെ
ശമ്പളത്തില്‍ കുറവ് ചെയ്യണം.
Arrears ലഭിച്ചത് കാരണം നികുതി വര്‍ദ്ധിക്കുന്നുവോ..?
2011-12
സാമ്പത്തിക വര്‍ഷത്തിനിടയ്ക്ക് പേ റിവിഷന്‍ വന്നു എന്നത് ഒരു
പ്രത്യേകതയാണ്. ഓപ്ഷന്‍ തിയ്യതി 2009 ജൂലൈ മുതല്‍ ഉണ്ടാവാം എന്നുള്ളത്
കൊണ്ട് പലരും 2011 ഏപ്രിലിന് മുമ്പുള്ള തിയ്യതിയില്‍ പേ ഫിക്സ് ചെയ്യുകയും
അത് മൂലം ആ കാലയളവിലേക്കുള്ള പേ റിവിഷന്‍ അരിയര്‍ വാങ്ങുകയും
ചെയ്തിട്ടുണ്ടാകാം. ഡി.എ.അരിയര്‍, പേ റിവിഷന്‍ അരിയര്‍ തുടങ്ങിയവ ആദ്യം ഈ
വര്‍ഷത്തെ വരുമാനത്തില്‍ ചേര്‍ക്കണം. ഇവയില്‍ പി.എഫില്‍ ലയിപ്പിച്ച ഭാഗം
ഡിഡക്ഷനായും കാണിക്കാവുന്നതാണ്. പക്ഷെ സെക്ഷന്‍ 80-സി പ്രകാരമുള്ള
കിഴിവുകള്‍ ഇതു കൂടാതെ തന്നെ 1 ലക്ഷം രൂപയില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍ ഈ
ഡിഡക്ഷന് ഫലമുണ്ടാകില്ല.
സാലറി
അരിയര്‍, ഡി.എ.അരിയര്‍, പേ റിവിഷന്‍ അരിയര്‍ എന്നിവയില്‍ 2011 ഏപ്രിലിന്
മുമ്പുള്ള ഏതെങ്കിലും മാസങ്ങളിലെ അരിയര്‍ വന്നിട്ടുണ്ടെങ്കില്‍ അത് ഈ
വര്‍ഷത്തെ വരുമാനമായി കാണിക്കുകയും 89(1) വകുപ്പ് പ്രകാരം അരിയര്‍
സാലറിയുടെ റിലീഫ് അവകാശപ്പെടുകയും ചെയ്യണം.
അരിയര്‍ സാലറിയുടെ റിലീഫ്
അവകാശപ്പെടാമെന്നുള്ളത് പലരും അറിയാതെ പോവുകയോ, അതല്ലെങ്കില്‍ അറിഞ്ഞിട്ടും
സങ്കീര്‍ണ്ണമ്മായ പേപ്പര്‍ വര്‍ക്കുകള്‍ കാരണം വേണ്ടെന്ന് വെക്കുകയോ
ചെയ്യുന്ന പ്രവണത കണ്ട് വരുന്നു. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍
കുറയ്ക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പുതിയ Relief Calc
എന്ന എക്സല്‍ അപ്ലിക്കേഷന്‍ പരിചയപ്പെടുത്തട്ടെ. വളരെ കുറഞ്ഞ നേരം കൊണ്ട്
ഒരു ബുദ്ധിമുട്ടുമില്ലാതെ, ചിലപ്പോള്‍ ഒരുപാട് സാമ്പത്തിക ലാഭം
ഉണ്ടാക്കാന്‍ ഇത് സഹായിച്ചേക്കാം.
Relief Calc ഉപയോഗിച്ച് അരിയര്‍ റിലീഫ് കണക്കാക്കുന്നതിന്
റിലീഫ് കണക്കാക്കുന്നതിന് മുമ്പായി
നിങ്ങള്‍ EASY TAX ഓപ്പണ്‍ ചെയ്ത് ഈ വര്‍ഷത്തെ വിവരങ്ങള്‍ ചേര്‍ക്കുക.
കാരണം റിലീഫ് നമുക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ക്ലെയിം ചെയ്താല്‍ മതി. ഈ
വര്‍ഷം അരിയര്‍ അടക്കമുള്ള മൊത്തവരുമാനത്തിന് മേല്‍ ടാക്സ്
വരുന്നില്ലെങ്കില്‍ റിലീഫ് കണക്കാക്കാന്‍ സമയം ചെലവഴിക്കേണ്ട
ആവശ്യമില്ലല്ലോ.. മാത്രമല്ല റിലീഫ് കണക്കാക്കുന്നതിന് ഈ വര്‍ഷത്തെ
മൊത്തവരുമാനം എത്രയാണെന്ന് അറിയുകയും വേണം. ആയത് കൊണ്ട് ആദ്യം EASY TAX ലെ
വിവരങ്ങള്‍ എന്റര്‍ ചെയ്യുക. അതില്‍ അരിയര്‍ ചേര്‍ക്കാനുള്ള സ്ഥലങ്ങളില്‍
അത് ചേര്‍ക്കുകയും ചെയ്യുക. ഇനി ഇതിലെ Statement എടുത്ത് നോക്കിയാല്‍
ടാക്സ് വരുന്നുണ്ടോ എന്നറിയാം. ടാക്സ് അടക്കേണ്ടതുണ്ടെങ്കില്‍ മാത്രം
റിലീഫ് കണക്കാക്കുന്നതിന് അടുത്ത സ്റ്റെപ്പിലേക്ക് പോവുക.
റിലീഫ് കണക്കാക്കുന്നതിന് ആകെ രണ്ട് കാര്യങ്ങളാണ് വേണ്ടത്.
1) നിങ്ങള്‍ക്ക് മൊത്തം ലഭിച്ച അരിയര്‍
സാലറിയെ അതത് വര്‍ഷങ്ങളിലേക്ക് വീതിച്ച് ഒരു കടലാസില്‍ എഴുതി വെക്കുക. അത്
നിങ്ങളുടെ അരിയര്‍ ബില്ലിന്റെ കൂടെ നല്‍കിയ Due-Drawn Statement ല്‍
നിന്നും വളരെ അനായാസം കണ്ടെത്താവുന്നതാണ്. ഉദാരണമായി നിങ്ങളുടെ പേ
റിവിഷന്റെ ഓപ്ഷന്‍ തിയ്യതി 01/07/2009 ആണെങ്കില്‍ നിങ്ങള്‍ക്ക് അത്
മുതലുള്ള അരിയര്‍ സാലറി ലഭിച്ചിട്ടുണ്ടാകും. അങ്ങിനെ ലഭിച്ച മൊത്തം
അരിയറില്‍ 2009-10, 2010-11, 2011-12 എന്നീ ഓരോ വര്‍ഷങ്ങളിലേക്കും ആകെ
ലഭിച്ചത് വേര്‍ തിരിച്ചു വെക്കുക. അരിയര്‍ സ്പ്ലിറ്റ് ചെയ്യുന്നതിന് Arrear Splitter ഉപയോഗിക്കാവുന്നതാണ്.
2) ഈ വര്‍ഷത്തെയും അത് പോലെ ഏതൊക്കെ
മുന്‍വര്‍ഷങ്ങലിലേക്കുള്ള അരിയറാണോ ലഭിച്ചത് ആ വര്‍ഷങ്ങളിലെയും അരിയര്‍
കൂട്ടാതെയുള്ള Taxable Income എത്രയാണ് എന്ന് പരിശോധിക്കുക. ടാക്സബിള്‍
ഇന്‍കം എന്ന് പറഞ്ഞാല്‍ എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള തുകയാണ്. അതായത്
ഏത് തുകയുടെ മുകളിലാണോ നമ്മള്‍ ടാക്സ് കാല്‍ക്കുലേറ്റ് ചെയ്തത് ആ തുക.
നമ്മള്‍ മുമ്പ് വിവരിച്ച പോലെ ഈ വര്‍ഷത്തെ വിവരങ്ങള്‍ EASY TAX ല്‍ എന്റര്‍
ചെയ്തിട്ടുണ്ടെങ്കില്‍ ഈ വര്‍ഷത്തെ ടാക്സബിള്‍ ഇന്‍കം അതില്‍ നിന്നും
ലഭിക്കും. മറ്റ് വര്‍ഷങ്ങളിലെ ടാക്സബിള്‍ ഇന്‍കം ലഭിക്കണമെങ്കില്‍ നമ്മള്‍
അതത് വര്‍ഷങ്ങളില്‍ നല്‍കിയിട്ടുള്ള ടാക്സ് സ്റ്റേറ്റ്മെന്റുകളുടെ
കോപ്പികള്‍ എടുത്ത് പരിശോധിച്ചാല്‍ മാത്രം മതി.
ഈ രണ്ട് കാര്യങ്ങള്‍ മാത്രം ലഭിച്ചു
കഴിഞ്ഞാല്‍ നിങ്ങള്‍ Relief Calc ഓപ്പണ്‍ ചെയ്യുക. ഇതിന് പാര്‍ട്ട് എ
മുതല്‍ പാര്‍ട്ട് -ഇ വരെ 5 ഭാഗങ്ങളുണ്ട്.
പാര്‍ട്ട്-എയില്‍ പേര്, ഉദ്യോഗപ്പേര്,
ഓഫീസ്, പാന്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്യുക. അതിന് ശേഷം കാറ്റഗറി സെലക്ട്
ചെയ്യുക. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്ലെങ്കില്‍ കാല്‍ക്കുലേഷന്‍
ശരിയാകില്ല.
പാര്‍ട്ട് ബി യില്‍ മൂന്ന് നിരകളുണ്ട്.
- ആദ്യത്തെ നിരയില്‍ അരിയര്‍ സാലറി ബാധകമായിട്ടുള്ള ഓരോ വര്‍ഷത്തെയും അരിയര്‍ ഒഴിച്ചുള്ള ടാക്സബിള്‍ ഇന്‍കം ചേര്‍ക്കുക. അരിയര്‍ ബാധകമല്ലാത്ത വര്‍ഷങ്ങളിലേ കോളങ്ങള്‍ ശൂന്യമായി വിട്ടാല്‍ മതി. ഈ വര്‍ഷത്തെ ടാക്സബിള്‍ ഇന്‍കം ചേര്‍ക്കുന്നതിന് EASY TAX ലെ Statement എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്റ്റേറ്റമെന്റിലെ 13 ാമത്തെ ഐറ്റത്തിന് ( ie; Taxable income rounded off to the nearest multiple of Ten ) നേരെ വരുന്ന തുക അരിയര്‍ അടക്കമുള്ള തുകയാണ്. ഇതില്‍ നിന്നും ഈ വര്‍ഷം ലഭിച്ച അരിയര്‍ കുറച്ചാല്‍ മതി. ഉദാഹരണമായി Statement ലെ ഐറ്റം 13 ല്‍ കാണുന്ന തുക 3,25,000 വും ഈ വര്‍ഷം ലഭിച്ച അരിയര്‍ 40,000 വും ആണെങ്കില്‍ നിങ്ങള്‍ ഈ വര്‍ഷത്തെ കോളത്തില്‍ 2,85,000 എന്ന് ചേര്‍ത്താല്‍ മതി.
- രണ്ടാമത്തെ നിരയില്‍ നമ്മള്‍ നേരത്തെ തയ്യാറാക്കി വെച്ചതനുസരിച്ച് ഓരോ വര്‍ഷങ്ങളിലേക്കും ബാധകമായിട്ടുള്ള അരിയറുകള്‍ അതത് കോളങ്ങളില്‍ രേഖപ്പെടുത്തുക.
- മൂന്നാമത്തെ നിരയുടെ അവസാനം നമ്മള്‍ മൊത്തം ഈ വര്‍ഷം വാങ്ങിയ അരിയര്‍ കാണാം.
ഇത്ര മാത്രമേ നമ്മള്‍ ചെയ്യേണ്ടതുള്ളു.
പാര്‍ട്ട് സി, ഡി, ഇ എന്നിവയില്‍ നമ്മള്‍ ഒന്നും എന്റര്‍ ചെയ്യണ്ടതില്ല.
പാര്‍ട്ട് -ഇ യില്‍ നമ്മള്‍ക്ക് അരിയര്‍ റിലീഫ് ക്ലെയിം ചെയ്യാന്‍
കഴിയുമെങ്കില്‍ ആ തുക കാണാം. അങ്ങനെയെങ്കില്‍ പാര്‍ട്ടി-ഇ യ്ക്ക് താഴെ
നല്‍കിയിട്ടുള്ള പ്രിന്റ് ബട്ടണ്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് 10-ഇ ഫോറം,
അനക്സര്‍, ടേബിള്‍-എ എന്നിവ പ്രിന്റ് ചെയ്യാം. എന്നിട്ട് പ്രസ്തുത റിലീഫ്
ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകളിലെ Releif u/s 89(1) എന്ന കോളത്തില്‍
ചേര്‍ക്കുക. നിങ്ങള്‍ ഈസി-ടാക്സ് ഉപയോഗിക്കുന്നുവെങ്കില്‍ Deduction എന്ന
സെക്ഷനിലെ ഇരുപത്തിമൂന്നാമത്തെ വരിയില്‍ ഈ തുക ചേര്‍ക്കുക.
Manual ആയി റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന്
Relief Calc ഉപയോഗിക്കുന്നവര്‍ക്ക് ഈ
റീലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്ന സ്റ്റെപ്പുകളൊന്നും മനസ്സിലാക്കി
വെക്കേണ്ടതില്ല. എങ്കിലും സ്വന്തമായി റിലീഫ് കാല്‍ക്കലേറ്റ്
ചെയ്യുന്നവര്‍ക്ക് വേണ്ടി ഇതിനുള്ള സ്റ്റെപ്പുകള്‍ താഴെ കൊടുക്കുന്നു.
- ആദ്യം ഈ വര്‍ഷം നമുക്ക് ലഭിച്ച മൊത്തം വരുമാനത്തിന്‍റെ, അതായത് ലഭിച്ച അരിയര്‍ അടക്കമുള്ള തുകയുടെ നികുതി കണക്കാക്കുക.
- പിന്നീട്
മൊത്തം വരുമാനത്തില്‍ നിന്നും അരിയര്‍ കുറച്ച് ബാക്കി തുകയുടെ നികുതി
കാണുക. ഇവിടെ അരിയര്‍ കുറയ്ക്കുമ്പോള്‍ ഈ വര്‍ഷത്തേക്ക് ബാധകമായിട്ടുള്ളത്
കുറയ്ക്കരുത്. അത് ഈ വര്‍ഷത്തെ വരുമാനം തന്നെയാണ്.
- സ്റ്റെപ്പ്-1 ല്‍ കണ്ട നികുതിയില്‍ നിന്നും സ്റ്റെപ്-2 ല്‍ കണ്ട നികുതി കുറയ്ക്കുക ( ഇത് ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം വന്നിട്ടുള്ള അധിക നികുതി ബാധ്യതയാണ് )
- അരിയര്‍ ബാധകമായിട്ടുള്ള മുന്‍വര്‍ഷങ്ങളില്‍ നമ്മള്‍ അന്ന് നല്‍കിയ നികുതികള്‍ കണ്ടെത്തി അതിന്റെ തുക കാണുക (ഇതിന് ആ വര്‍ഷങ്ങളിലെ ആദായ നികുതി സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുക )
- ഈ ഓരോ
വര്‍ഷത്തെയും അന്നത്തെ മൊത്തം വരുമാനത്തോട് കൂടി ഇപ്പോള്‍ അതത്
വര്‍ഷത്തേക്ക് ലഭിച്ച അരിയറുകള്‍ കൂട്ടി ആ വര്‍ഷങ്ങളിലെ നികുതി
റീകാല്‍ക്കുലേറ്റ് ചെയ്യുക. എന്നിട്ട് ഈ പുതിയ നികുതികളുടെ തുക കാണുക.
മുന്‍ വര്‍ഷങ്ങളിലെ നികുതി നിരക്കുകള്‍ ഓര്‍ക്കുന്നില്ലെങ്കില്‍ Previous IT Rates ഡൌണ്‍ലോഡ് ചെയ്യുക.
- അതിന് ശേഷം സ്റ്റെപ് -5 ല്‍ ലഭിച്ച തുകയില്‍ നിന്നും-4 ല്‍ ലഭിച്ച തുക കുറയ്ക്കുക. (ഇത് അരിയറുകള്‍ അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ അന്ന് വരുമായിരുന്ന അധിക നികുതി ബാധ്യതയാണ് )
- ഇനി സ്റ്റെപ്-3 ല്‍ ലഭിച്ച തുകയില്‍ നിന്നും സ്റ്റെപ്-6 ല്‍ ലഭിച്ച തുക കുറയ്ക്കുക. ഈ കിട്ടുന്ന തുകയാണ് നമുക്ക് അവകാശപ്പെടാവുന്ന റിലീഫ്. (അതായത് ഇപ്പോള്‍ അരിയര്‍ ലഭിച്ചത് കാരണം അധികമായി വന്നിട്ടുള്ള നികുതിയില്‍ നിന്നും അന്നന്ന് അടയ്ക്കേണ്ടിയിരുന്ന നികുതി കുറച്ച് ബാക്കിയുള്ളത് )
അരിയര്‍ സാലറി ലഭിച്ച എല്ലാവര്‍ക്കും 89(1)
പ്രകാരമുള്ള റിലീഫിന്റെ പ്രയോജനം ലഭിക്കണമെന്നില്ല. കാരണം അരിയര്‍
ബാധകമായിട്ടുള്ള വര്‍ഷങ്ങളില്‍ നമ്മള്‍ നേരത്തെ തന്നെ നികുതി അടക്കേണ്ടി
വന്നിട്ടുണ്ടെങ്കില്‍ അരിയര്‍ അതത് വര്‍ഷങ്ങളിലെ വരുമാനങ്ങളോടൊപ്പം
കൂട്ടുകയാണെങ്കില്‍ ആ വര്‍ഷങ്ങളിലെ നികുതി വര്‍ദ്ധിക്കുന്നു.
അത്തരക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.
എന്നാല്‍ ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം
നമ്മുടെ വരുമാനം വര്‍ദ്ധിച്ച് 5 ലക്ഷം രൂപയില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍
നമ്മള്‍ 5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 20 ശതമാനം നികുതി അടയ്ക്കേണ്ടി
വരും. എന്നാല്‍ അരിയര്‍ അതത് വര്‍ഷങ്ങളിലേക്ക് മാറ്റിയാല്‍ നികുതി ബാധ്യത
10 ശതമാനത്തില്‍ ഒതുങ്ങിയേക്കാം. ഇങ്ങനയുള്ളവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍
നികുതി അടച്ചിരുന്നുവെങ്കിലും റിലീഫിന്റെ പ്രയോജനം ലഭിക്കും. പക്ഷെ വളരെ
അപൂര്‍വ്വം പേര്‍ക്ക് മാത്രമേ ടാക്സബിള്‍ ഇന്‍കം 5 ലക്ഷത്തില്‍
കവിയുകയുള്ളൂ.
പലരും
വിളിച്ചു ചോദിക്കപ്പെട്ട ഒരു സംശയം അവര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ 80 സി
വകുപ്പ് പ്രകാരമുള്ള കിഴിവുകള്‍ 1 ലക്ഷം രൂപയില്‍ താഴെയാണ്. അത് കൊണ്ട് ഈ
വര്‍ഷം ലഭിച്ച അരിയറില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തേക്ക് ബാധകമായതും ഇപ്പോള്‍
പി.എഫില്‍ ലയിപ്പിച്ചതുമായ തുക അന്നത്തെ ഡിഡക്ഷനില്‍ കൂട്ടി ആ വര്‍ഷത്തെ
ടാക്സബിള്‍ ഇന്‍കം പുനര്‍ നിര്‍ണ്ണയിച്ചു കൂടെ എന്നാണ്. എന്നാല്‍ ഇത്
സാധ്യമല്ല. കഴിഞ്ഞ വര്‍ഷം നല്‍കിയ സ്റ്റേറ്റുമെന്റുകളില്‍ കാണിച്ച
ടാക്സബിള്‍ ഇന്‍കത്തില്‍ ഒരു മാറ്റവും വരുത്താന്‍ നമുക്ക് അര്‍ഹതയില്ല. ഈ
വര്‍ഷം പി.എഫില്‍ ലയിപ്പിച്ച തുക ഈ വര്‍ഷത്തെ ഡിഡക്ഷനായി മാത്രമേ
കാണിക്കാവൂ. അല്ലാതെ കഴിഞ്ഞ വര്‍ഷത്തെ ഡിഡക്ഷനിലേക്ക് അഡ്ജസ്റ്റ് ചെയ്യാന്‍
സാധ്യമല്ല.
-
Download EASY TAX
-
Download Relief Calc
-
Download Arrear Splitter
-
Download Previous Income Tax Rates
-
Download latest circular on Income Tax
Sources http://alrahiman.wordpress.com/income-tax/
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on