സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Thursday, November 17, 2011



കൊച്ചി മെട്രോയ്ക്ക് കൊറിയന്‍ സാങ്കേതികവിദ്യ

Posted on: 17 Nov 2011



ന്യൂഡല്‍ഹി: കൊറിയയില്‍ നിന്നുള്ള മാഗ്‌ലെവ് സാങ്കേതിക വിദ്യയായിരിക്കും കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ഉപയോഗിക്കുകയെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ വ്യക്തമാക്കി.

കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി. തോമസിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഗ്‌ലെവ് സാങ്കേതിക വിദ്യയില്‍ മെട്രോ കോച്ചുകള്‍ക്ക് ചക്രങ്ങളില്ല. കാന്തികശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് വലിപ്പം കുറവായിരിക്കും. കൊച്ചിയിലെ ഇടുങ്ങിയ റോഡുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മെച്ചപ്പെട്ട സാങ്കേതികവിദ്യയാണിത്. നിര്‍മാണച്ചെലവ് 25 ശതമാനം കുറവായിരിക്കും. നിശ്ചിത സമയത്തിനുള്ളിലും വേഗത്തിലും പണി പൂര്‍ത്തിയാക്കാനാവും. പുതിയ സാങ്കേതികവിദ്യ പരിസ്ഥിതിക്ക് കൂടുതല്‍ ഇണങ്ങുന്നതാണ്. ഇതുപയോഗിച്ചുള്ള വണ്ടിക്ക് 20 ശതമാനം വേഗം കൂടുതലായിരിക്കും. നവംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ കൊറിയ സന്ദര്‍ശിച്ച ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സംഘം പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് പഠിച്ചു. നിര്‍മാണം തുടങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നും ശ്രീധരന്‍ പറഞ്ഞു.

ഡല്‍ഹി മെട്രോയില്‍ നിന്ന് വിരമിച്ചാല്‍ കൊച്ചി മെട്രോ കോര്‍പ്പറേഷന്റെ സാരഥ്യം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യയെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ധരിപ്പിക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു.

കൊച്ചി മെട്രോയ്ക്ക് അനുമതി തേടി കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ്, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി കെ.വി. തോമസ് പറഞ്ഞു.

മാഗ്‌ലെവ് ടെക്‌നോളജി: ചെലവ് കുറയും, വേഗം കൂടും


കൊച്ചി: ചക്രങ്ങള്‍ ആവശ്യമില്ലാത്ത വൈദ്യുത കാന്തിക ശക്തിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതികതയാണ് കൊച്ചി മെട്രോ റെയിലില്‍ ഉപയോഗിക്കുമെന്ന് പറയുന്ന 'മാഗ്‌ലെവ്' ടെക്‌നോളജി. മാഗ്‌നറ്റിക് ലെവിറ്റേറ്റിങ് എന്നാണ് ഭൗതികശാസ്ത്ര തത്ത്വത്തില്‍ ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നത്. മാഗ്‌നറ്റിക് ലെവിറ്റേഷന്‍ എന്നതിന്റെ ചുരുക്കി എഴുത്താണ് 'മാഗ്‌ലെവ്'. രണ്ട് കാന്തങ്ങളുടെ സാമ്യവശങ്ങള്‍ വികര്‍ഷിക്കും വ്യത്യസ്ത വശങ്ങള്‍ ആകര്‍ഷിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ചക്രങ്ങള്‍ ഇല്ലാത്ത ട്രെയിന്‍ ഓടുന്ന പാതയുമായി സ്പര്‍ശിക്കില്ല. പാളത്തില്‍ നിന്ന് ഒരു സെന്‍റിമീറ്റര്‍ ഉയര്‍ന്നാണ് ട്രെയിന്‍ നില്‍ക്കുക. ട്രെയിന്‍ സഞ്ചരിക്കുന്ന പാതയെ 'ഗൈഡ്‌വേ' എന്നാണ് വിളിക്കുന്നത്. ശക്തിയേറിയ വൈദ്യുത കാന്തിക വസ്തുക്കളാല്‍ നിര്‍മ്മിതമായ ഗൈഡ്‌വേയില്‍ നിന്ന് ട്രെയിനെ ഉയര്‍ത്തി നിര്‍ത്താന്‍ സൂപ്പര്‍ കണ്ടക്ടീവ് കാന്തികവസ്തുക്കളാണ് ട്രെയിനിന്റെ അടിവശത്ത് പിടിപ്പിച്ചിരിക്കുന്നത്. ഒരേ വശമുള്ള കാന്തങ്ങള്‍ ആയതിനാല്‍ വികര്‍ഷണം മൂലം ട്രെയിന്‍ ഉയര്‍ന്നു നില്‍ക്കും. ട്രെയിനിന്റെ വശങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന കാന്തങ്ങളുടെ ശക്തി അധികമായുണ്ടാകുന്ന വികര്‍ഷണം തടയുകയും ചെയ്യും. രണ്ട് കാന്തിക മണ്ഡലങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ട്രെയിനിന്റെ വേഗത്തെയും സ്വാധീനിക്കും. ട്രാക്കുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ ഘര്‍ഷണം മൂലം ട്രെയിനിന്റെ വേഗത്തില്‍ വരുന്ന കുറവ് തടയാന്‍ കഴിയും.

ഇതിനാവശ്യമായി വരുന്ന വൈദ്യുതിയുടെ ചെലവ് സാധാരണ വൈദ്യുതി ട്രെയിനിനെക്കാള്‍ കുറവാണ്. വൈദ്യുതി പ്രധാനമായും ആവശ്യമാകുന്നത് വായുവുമായുള്ള ഘര്‍ഷണം കുറയ്ക്കാന്‍ വേണ്ടിയാണ്. മണിക്കൂറില്‍ 300 മുതല്‍ 500 കിലോമീറ്റര്‍ വരെ വേഗമാണ് ഈ സാങ്കേതികത ഉപയോഗപ്പെടുത്തുന്ന ട്രെയിനുകള്‍ക്ക് ലഭിക്കുന്നത്. ആദ്യകാലത്ത് ജര്‍മനിയില്‍ വികസിച്ച മാഗ്‌ലെവ് സാങ്കേതികത ഇന്ന് പല രാജ്യങ്ങളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. നാസയുടെ ബഹിരാകാവശ വാഹനങ്ങളുടെ വിക്ഷേപണ സമയത്തു പോലും ഇത്തരം സാങ്കേതികതയാണ് ഉപയോഗപ്പെടുത്തുന്നത്. ജപ്പാന്‍ സെന്‍ട്രല്‍ റെയില്‍വേ, കൊറിയന്‍ റെയില്‍വേ, ചൈനീസ് പീപ്പിള്‍സ് റെയില്‍വേ തുടങ്ങിയവ ഈ രീതിയില്‍ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. സാധാരണയിലുള്ള റെയില്‍ സംവിധാനം നിര്‍മ്മിക്കുന്നതിന് വേണ്ടിവരുന്ന അത്രയും സ്ഥലം ആവശ്യമില്ല എന്നതും തുടര്‍ച്ചയായി ഓടുന്ന ട്രെയിനിന് കാലാന്തരത്തില്‍ വരാവുന്ന തേയ്മാനങ്ങള്‍ ഇത്തരം തീവണ്ടികള്‍ക്കുണ്ടാവില്ലെന്നതും ചെലവ് കുറയ്ക്കും.

മാതൃക, ഇഞ്ചിയോണ്‍ മെട്രോ


കൊച്ചി: കാന്തിക ട്രെയിനുകള്‍ ഉപയോഗപ്പെടുത്താനുള്ള കൊച്ചി മെട്രോ തീരുമാനത്തിന് വഴികാട്ടിയാകുന്നത് ദക്ഷിണ കൊറിയയിലെ സോളിലെ 'ഇഞ്ചിയോണ്‍ മെട്രോ'. രണ്ട് ലക്ഷത്തോളം പേര്‍ ദിവസവും സഞ്ചരിക്കുന്ന മെട്രോയുടെ ആകെ ദൂരം 31 കിലോമീറ്ററാണ്. 34 ട്രെയിനുകള്‍ ഇവിടെ 24 മണിക്കൂറും നാല് മിനിട്ട് ഇടവേളകളില്‍ സര്‍വീസ് നടത്തുന്നു. ജപ്പാന്‍ സെന്‍ട്രല്‍ റെയില്‍, ചൈനീസ് പീപ്പിള്‍ റെയില്‍ എന്നിവ കാന്തിക ട്രെയിനുകള്‍ ഉപയോഗപ്പെടുത്തുന്നെങ്കിലും ചെറിയ ഒരു ദൂര പരിധിയില്‍ കാന്തിക ട്രെയിനുകള്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഇഞ്ചിയോണിനെ മാതൃകയാക്കാന്‍ കൊച്ചി മെട്രോ അധികൃതര്‍ തയ്യാറായത്.

1992 ല്‍ വിഭാവനം ചെയ്ത ഇഞ്ചിയോണ്‍ മെട്രോ 2000 ത്തോടു കൂടിയാണ് പൂര്‍ണമായ തോതില്‍ പ്രാവര്‍ത്തികമായത്. ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയ മഹാമേളകള്‍ നടന്നപ്പോള്‍ നല്ല സേവനങ്ങള്‍ നല്‍കി എന്ന നിലയില്‍ ഇഞ്ചിയോണ്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു. തുടര്‍ച്ചയായി 15 ലക്ഷം മണിക്കൂര്‍ അപകട രഹിത പ്രവര്‍ത്തനത്തിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പുരസ്‌കാരം നേടിയ ചരിത്രവും ഇഞ്ചിയോണിന് സ്വന്തം. കാന്തിക റെയിലുകള്‍ക്ക് അപകട സാധ്യത വളരെ കുറവാണെന്നതിനുള്ള ഏറ്റവും മികച്ച സാക്ഷ്യപ്പെടുത്തല്‍ കൂടിയാണിത്.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on