സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Friday, November 22, 2013

തപാല്‍ വകുപ്പിന്റെ ബാങ്ക് വരുന്നു


തപാല്‍ വകുപ്പിന്റെ ബാങ്ക് വരുന്നു



കത്തുകള്‍ക്കൊപ്പം നിങ്ങള്‍ക്കാവശ്യമായ വായ്പയും പോസ്റ്റ്മാന്‍ കൊണ്ടുവരുന്ന കാലം വിദൂരമല്ല. ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പുതിയ ബാങ്ക് തുടങ്ങാന്‍ തപാല്‍ വകുപ്പ് ഒരുങ്ങുന്നു. 'പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന പേരിലായിരിക്കും തപാല്‍ വകുപ്പ് ബാങ്ക് സ്ഥാപിക്കുക.

രാജ്യത്തൊട്ടാകെയുള്ള പോസ്റ്റ് ഓഫീസുകളെ ബാങ്ക് ശാഖകള്‍ കൂടിയാക്കി മാറ്റിയാവും തപാല്‍ വകുപ്പ് ബാങ്കിങ് സേവനം ഒരുക്കുക. രാജ്യത്തൊട്ടാകെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളാണ് വകുപ്പിന് കീഴിലുള്ളത്. ഇതില്‍ ഏതാണ്ട് 90 ശതമാനവും (1.39 ലക്ഷം) ഗ്രാമീണ മേഖലയിലാണ്.

2011 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് രാജ്യത്ത് 171 വാണിജ്യ ബാങ്കുകളാണ് ഉള്ളത്. ഇവയ്‌ക്കെല്ലാംകൂടി 93,080 ശാഖകളുണ്ട്. ഇതില്‍ 36.10 ശതമാനം മാത്രമാണ് ഗ്രാമീണ മേഖലയില്‍. അതിനാല്‍ തന്നെ, ഗ്രാമീണ മേഖലയില്‍ ബാങ്കിങ്ങിന് വന്‍വളര്‍ച്ചാ സാധ്യതയാണ് ഉള്ളതെന്നാണ് തപാല്‍ വകുപ്പിന്റെ നിഗമം. വകുപ്പ് ഈയിടെ നടത്തിയ പഠനം ഇതു ശരിവയ്ക്കുന്നുമുണ്ട്.

ഗ്രാമീണ മേഖലയില്‍ തങ്ങള്‍ക്കുള്ള ശക്തമായ സാന്നിധ്യം ബാങ്കിങ് രംഗത്ത് തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. മാത്രമല്ല, അധിക വരുമാനത്തിനുള്ള പുതിയ സ്രോതസ്സാണ് ബാങ്ക് തുടങ്ങുകവഴി തപാല്‍ വകുപ്പിന് തുറന്നുകിട്ടുന്നത്. വന്‍കിട കൊറിയര്‍ കമ്പനികളില്‍ നിന്നുള്ള മത്സരം ശക്തമായ സാഹചര്യത്തില്‍ ഇത് തപാല്‍ വകുപ്പിന് ആശ്വാസം പകരും.

നിലവില്‍, പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുള്ള 25 ലക്ഷത്തിലേറെ പേരുണ്ട്. ബാങ്ക് തുടങ്ങുന്നതോടെ ഇവരെ ബാങ്കിന്റെ ഇടപാടുകാരാക്കാം. ഒരു സാധാരണ ബാങ്ക് ഒരുക്കുന്ന എല്ലാ സേവനങ്ങളും പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നല്‍കാനാവും. വായ്പകള്‍ നല്‍കുന്നതോടൊപ്പം നിക്ഷേപങ്ങളും സ്വീകരിക്കും. ചെക്ക്, ഡ്രാഫ്റ്റ് എന്നിവയുമുണ്ടാവും.

രാജ്യത്തൊട്ടാകെയായി 1000 എടിഎമ്മുകള്‍ തുറക്കാനും തപാല്‍ വകുപ്പിന് പദ്ധതിയുണ്ട്.

ബാങ്കിങ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ തപാല്‍ വകുപ്പിന് കാബിനറ്റിന്റെ അനുമതി തേടേണ്ടിവരും. റിസര്‍വ് ബാങ്കാണ് ബാങ്കിങ് ലൈസന്‍സ് നല്‍കേണ്ടത്.

Tags: Postal Dept to set up Post Bank of India

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on