സിനിമ ഒരു പബ്ലിക് പ്രോപര്‍ട്ടിയാണ്. ഒരു സാംസ്കാരിക ഉത്പന്നമാണ്. അപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാവും.
ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്
ഏതൊരു സംവിധായകനെ സംബന്ധിച്ചിടത്തോളവും ഓരോ സിനിമയും ഓരോ പ്രസവമാണ്. സൃഷ്ടിയുടെ പേറ്റുനോവ് അനുഭവിച്ചിട്ടാണ് ഓരോ സിനിമയും പിറവി കൊള്ളുന്നത്. ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ സമ്മതിക്കാത്ത പക്ഷം ബ്ലെസ്സിയുടെ ഗര്‍ഭവും പേറ്റുനോവും വെറുതെയാവും. ശ്വേതയുടെ മാര്‍ക്കറ്റിനും ഇടിവ് തട്ടും. ( മഴവില്‍ മനോരമ ഉള്ളത് കൊണ്ട് കഞ്ഞികുടി മുട്ടില്ല എന്ന് മാത്രം). ശ്വേത, ലേബര്‍ റൂം, പ്രസവം എന്നൊക്കെ കേള്‍ക്കുമ്പോള്‍ കോളേജ് പിള്ളേര്‍ തിയേറ്ററിലേക്ക് ഇടിച്ചു കയറും എന്നൊരു കണക്കുകൂട്ടലിലാണ് ബ്ലെസ്സി ഈ സിനിമ പിടിച്ചത്. രണ്ടുമൂന്നു സിനിമ ഒന്നിച്ചു പൊട്ടിയതിന്റെ ക്ഷീണം അതോടെ തീര്‍ന്നു കിട്ടും എന്നും കരുതി. പ്രതീക്ഷിച്ച വിവാദങ്ങളും വാര്‍ത്തകളും കാരണം വേണ്ടത്ര പ്രചാരണങ്ങള്‍ സിനിമക്ക് കിട്ടുകയും ചെയ്തു. ഇനി പ്രസവ സീനില്ലാതെ സിനിമ ഇറങ്ങിയാല്‍ കിട്ടിയ പ്രചരണം തിരിഞ്ഞു കൊത്താന്‍ തുടങ്ങും.
സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, സെബാസ്റ്റ്യന്‍ പോള്‍, കവിയൂര്‍ പൊന്നമ്മ, ജി സുധാകരന്‍ തുടങ്ങി നമ്മുടെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പലരും ഈ ലേബര്‍ റൂം സിനിമക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ഈ സിനിമ പുറത്തിറങ്ങാന്‍ പാടില്ല എന്നാണ് സമാദരണീയനായ സ്പീക്കര്‍ പറഞ്ഞത്. എന്തിനധികം നമ്മളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു കൊണ്ട് രഞ്ജിനി ഹരിദാസ് പോലും ഇതിനെതിരെ പ്രതികരിച്ചു എന്നാണു കേള്‍ക്കുന്നത്!. സ്ത്രീയുടെ വ്യത്യസ്ത ഭാവങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രസവം ലൈവാക്കി ചിത്രീകരിച്ചത് എന്നാണു ബ്ലെസ്സിയുടെ വാദം. സ്ത്രീത്വവും മാതൃത്വവും പ്രകൃതിയുടെ അതീവ ശ്രേഷ്ഠമായ ഭാവങ്ങളാണെന്നും അവ ചിത്രീകരിക്കുന്നതിലൂടെ സ്ത്രീ മഹത്വവത്കരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമെന്നാണ് തിയറി!. ക്യാമറയും ലൈറ്റ് ബോയും സംവിധായകനും ഇല്ലാതെ ഭൂമുഖത്ത് ഇക്കാലമത്രയും പ്രസവിച്ച അമ്മമാരുടെയൊക്കെ മഹത്വം ഇതോടെ കട്ടപ്പൊകയായി. പ്രിയ ബ്ലെസ്സീ, പ്രസവത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനു മുമ്പും സ്ത്രീകള്‍ക്ക് 'അതീവ ശ്രേഷ്ഠമായ' ചില പ്രകൃതി ഭാവങ്ങളുണ്ട്. അത്തരം 'പ്രകൃതി' ഭാവങ്ങളൊക്കെ ചിത്രീകരിക്കാന്‍ തുടങ്ങിയാല്‍ താങ്കളുടെ പേര് ബ്ലെസ്സി എന്നതിന് പകരം 'ബ്ലൂ' 'സീ' എന്നാക്കേണ്ടി വരും!. കാശും പബ്ലിസിറ്റിയും കിട്ടുമെങ്കില്‍ എന്ത് പണ്ടാരവും ചെയ്യാന്‍ മടിക്കാത്ത നടിമാര്‍ കാണും. പക്ഷെ താങ്കളെപ്പോലൊരു സംവിധായകന് അത് ചേര്‍ന്നതല്ല.
ഏതൊരു സ്ത്രീയെയും പോലെ പ്രസവിക്കാന്‍ ശ്വേതക്കും അവകാശമുണ്ട്. സിനിമ നടികള്‍ നാല്പത്തിരണ്ട് വയസ്സ് കഴിഞ്ഞ ശേഷമേ പ്രസവിക്കാന്‍ പാടുള്ളൂ എന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതല്ല, ബോളിവുഡ് നിര്‍മാതാക്കള്‍ ഉണ്ടാക്കിയതാണ്. ആര്‍ക്കും എപ്പോഴും പ്രസവിക്കാമെന്നതും പ്രസംഗിക്കാമെന്നതുമാണ് നമ്മുടെ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകത തന്നെ. ശ്രീമതി ശ്വേതക്കും ബ്ലെസ്സിയുടെ ഭാര്യയ്ക്കുമൊക്കെ ഈ അവകാശമുണ്ട്. അവര്‍ പ്രസവിക്കട്ടെ. കുഞ്ഞുങ്ങളെ അവരോ ആയമാരോ വളര്‍ത്തട്ടെ. പക്ഷേ ലേബര്‍ റൂമിലെ പ്രകൃതി ഭാവങ്ങള്‍ നാല് ക്യാമറ വെച്ച് പകര്‍ത്തി നാട്ടുകാരെ കാണിച്ചേ അടങ്ങൂ എന്ന് പറയരുത്. നമ്മുടെ സംസ്കാരത്തോടും സ്ത്രീത്വത്തോട് തന്നെയുമുള്ള കടന്നാക്രമണമാണത്.
വര്‍ത്തമാനം 25 Nov 2012
പ്രിയ ബ്ലെസ്സീ, മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചു ചിത്രീകരിച്ച പ്രസവ സീനിന്റെ സി ഡി കള്‍ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചിരുന്നതെന്ന് താങ്കള്‍ പറഞ്ഞിരുന്നു. ഒരു കത്രികയെടുത്ത് സിനിമയുടെ പ്രിന്റില്‍ ഒരു സിസേറിയന്‍ നടത്തൂ.. ആ സീനുകള്‍ ലോക്കറിലേക്ക് തന്നെ തിരിച്ചു വെക്കൂ. അതവിടെത്തന്നെ കിടക്കട്ടെ. ശ്വേതയുടെ കുഞ്ഞിനു പ്രായപൂര്‍ത്തിയായിട്ടു അവള്‍ക്കത് പുറത്തു വിടണമെന്ന് തോന്നുന്നുവെങ്കില്‍ അവളതു പുറത്തു വിടട്ടെ. ആ കുഞ്ഞിനുമുണ്ടാകുമല്ലോ മനുഷ്യാവകാശവും ആത്മാഭിമാനവും. നായികയുടെ പ്രസവം തിരക്കഥയില്‍ അത്യാവശ്യമാണെങ്കില്‍ അതിനുണ്ടോ പ്രയാസം. എത്രയെത്ര സിനിമകളില്‍ നായികമാര്‍ പ്രസവിച്ചിരിക്കുന്നു. നായകന്‍ ബീഡി വലിച്ചു അസ്വസ്ഥനായി പ്രസവ റൂമിന് മുന്നില്‍ ഉലാത്തുന്നു. സിസ്റ്റര്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഇടയ്ക്കു ഒരു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നു. ചുരുങ്ങിയത് രണ്ടു വര്‍ഷം പ്രായമായ ഒരു കുഞ്ഞിനെ ശീലയില്‍ പൊതിഞ്ഞു കൊണ്ടുവരുന്നു. നായിക നായകനെ നോക്കി കണ്ണിറുക്കുന്നു. തീര്‍ന്നു. സീന്‍ ഓ കെ. ഈ പുകിലൊക്കെ ഉണ്ടാക്കേണ്ട വല്ല കാര്യവുമുണ്ടോ? സിനിമ പൊട്ടുന്നതും വിജയിക്കുന്നതുമൊക്കെ പതിവുള്ളതാണ്. ഭാഗ്യമുണ്ടെങ്കില്‍ താങ്കളുടെ സിനിമകള്‍ ഇനിയും വിജയിക്കും. അതിനൊരു ലേബര്‍ റൂമിന്റെ ആവശ്യമില്ല.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on