സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, November 14, 2011

World diabetic day

World diabetic day
പ്രമേഹത്തെ പേടിക്കണോ




ഇന്ത്യയില്‍ മുതിര്‍ന്നവരില്‍ അഞ്ചിലൊരാള്‍ ഉയര്‍ന്ന രക്‌തസമ്മര്‍ദത്തിനോ പ്രമേഹരോഗത്തിനോ അടിമയാണെന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നു. ഐ.ഡി.എഫിന്റെ കണക്കനുസരിച്ച്‌ ലോകത്താകെ 300 മില്യണ്‍ പ്രമേഹരോഗികളാണുള്ളത്‌. 2030 ആകുമ്പോഴേക്കും പ്രമേഹരോഗികളുടെ എണ്ണം 400 മില്യണ്‍ കടക്കും. പ്രമേഹരോഗികളില്‍ 70 ശതമാനവും വരുമാനം കുറഞ്ഞ അല്ലെങ്കില്‍ ഇടത്തരം രാജ്യങ്ങളില്‍നിന്നുള്ളവരാണ്‌. വികസിതരാജ്യങ്ങളില്‍ 50 ശതമാനം പേര്‍ പ്രമേഹരോഗവുമായാണു ജീവിക്കുന്നത്‌. പലരും രോഗത്തേക്കുറിച്ചു ബോധവാന്‍മാരുമല്ല.

ഇവിടെയാണു പ്രമേഹരോഗത്തേക്കുറിച്ചുള്ള ബോധവത്‌കരണത്തിന്റെ പ്രസക്‌തി. ഇതിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ ഡയബറ്റിക്‌സ് ഫെഡറേഷ(ഐ.ഡി.എഫ്‌)നും ഡബ്ല്യു.എച്ച്‌.ഒയും സംയുക്‌തമായി നവംബര്‍ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നു. 1922 ല്‍ ഇന്‍സുലിന്റെ കണ്ടുപിടിത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്‌ത്രജ്‌ഞരിലൊരാളായ ഫ്രെഡറിക്‌ ബന്റിങ്ങിന്റെ ജന്മദിനമാണു പ്രമേഹദിനമായി ആചരിക്കുന്നത്‌. രാജ്യത്തെ പൊതുജനാരോഗ്യ പ്രശ്‌നമായി പ്രമേഹം ഇപ്പോള്‍ മാറിക്കഴിഞ്ഞു. പ്രമേഹവിദ്യാഭ്യാസമാണു രോഗത്തെ അകറ്റിനിര്‍ത്താനുള്ള ഏകപോംവഴി.

എന്താണ്‌ പ്രമേഹം?

രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി ഉയര്‍ന്നിരിക്കുന്ന അവസ്‌ഥയാണു പ്രമേഹം. സാധാരണയായി 100 മി. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ ഭക്ഷണത്തിനു മുമ്പ്‌ 100 മി.ഗ്രാമിലും ഭക്ഷണശേഷം 140 മി.ഗ്രാമിലും താഴെയായിരിക്കും. ഇവ യഥാക്രമം 126 നും 200 നും മുകളിലാകുന്ന അവസ്‌ഥയാണു പ്രമേഹം. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ ഭക്ഷണത്തിനു മുമ്പ്‌ 100-126 നും മധ്യേയും ഭക്ഷണശേഷം 140-200 നും മധ്യേയും കാണപ്പെടുന്ന അവസ്‌ഥയെ പ്രമേഹത്തിനു മുന്നോടി(പ്രീ ഡയബറ്റിസ്‌)യായി വിശേഷിപ്പിക്കാം.

രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി ഉയരാതെ പിടിച്ചുനിര്‍ത്തുന്നത്‌ പാന്‍ക്രിയാസ്‌ ഗ്രന്ധി പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന പദാര്‍ഥമാണ്‌. ഇന്‍സുലിന്‍ കുറയുകയോ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ രക്‌തത്തില്‍ പഞ്ചസാര അമിതമായി കുമിഞ്ഞുകൂടും. അമിതവണ്ണവും വ്യായാമമില്ലായ്‌മയുമാണ്‌ ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷി കുറയ്‌ക്കുന്നത്‌.

ലക്ഷണങ്ങള്‍

അമിതമായ മൂത്രം പോക്ക്‌, ദാഹം, വിശപ്പ്‌, തൂക്കം കുറയുക എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. അമ്പതുശതമാനം രോഗികള്‍ക്കു മാത്രമേ ഈ ലക്ഷണങ്ങള്‍ കാണാറുള്ളൂ. പ്രമേഹരോഗികളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌.

പ്രമേഹത്തെ ഭയാനകമാക്കുന്നതു രോഗം വിദൂരഭാവിയില്‍ വരുത്തുന്ന പ്രത്യാഘാതങ്ങളാണ്‌. രക്‌തധമിനികളില്‍ വരുത്തുന്ന സങ്കീര്‍ണത പല അവയവങ്ങളേയും ബാധിക്കും. ചെറിയ രക്‌തധമനികളില്‍ ഉണ്ടാകാവുന്ന തകരാര്‍ കണ്ണ്‌, വൃക്ക, ഞരമ്പ്‌ എന്നിവയെ ബാധിക്കാം. അന്ധതയ്‌ക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണു പ്രമേഹം. തിമിരത്തിനുള്ള സാധ്യതയും പ്രമേഹരോഗികളില്‍ കൂടുതലാണ്‌.

ലോകത്ത്‌ വൃക്ക തകരാറിലാകുന്നവരുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍പേര്‍ പ്രമേഹരോഗികളായിരിക്കും. ഞരമ്പുകളില്‍ ബാധിക്കുന്ന പ്രമേഹം സ്‌പര്‍ശനശേഷിയേയും ശരീരത്തിലെ മറ്റു പ്രധാന പ്രവര്‍ത്തനങ്ങളേയും തളര്‍ത്തുന്നു. കാലുകളിലെ ഞരമ്പുകളെ ബാധിച്ചാല്‍ സ്‌പര്‍ശനശേഷി നഷ്‌ടപ്പെടുകയും വ്രണങ്ങള്‍ക്കുള്ള സാധ്യത കൂടുകയും ചെയ്യും. വ്യാസം കൂടിയ രക്‌തധമനികളെയാണു പ്രമേഹം ബാധിക്കുന്നതെങ്കില്‍ അത്‌ ഹൃദ്രോഗം, പക്ഷാഘാതം, പാദരോഗം എന്നിവയ്‌ക്കു കാരണമാകും. പ്രമേഹരോഗികളില്‍ ഹൃദ്രോഗനിരക്കു വളരെ കൂടുതലാണ്‌. പാദരോഗം ബാധിക്കുന്ന പലര്‍ക്കും പാദങ്ങള്‍ മുറിച്ചുമാറ്റേണ്ട അവസ്‌ഥവരെ ഉണ്ടാകാറുണ്ട്‌.

ചികിത്സ

ഭക്ഷണക്രമീകരണം, വ്യായാമം, ഗുളികകള്‍, ഇന്‍സുലിന്‍, ക്രമമായ പരിശോധന എന്നിവയിലൂടെ പ്രമേഹത്തെ അകറ്റിനിര്‍ത്താനാകും. മധുരവും കൊഴുപ്പും അടങ്ങിയ ഊര്‍ജം കൂടിയ ഭക്ഷണം പ്രമേഹരോഗികള്‍ ഒഴിവാക്കണം. പച്ചക്കറികള്‍ എല്ലാം യഥേഷ്‌ടം കഴിക്കാം. അരി, ഗോതമ്പ്‌, ഉരുളക്കിഴങ്ങ്‌ തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണം നിയന്ത്രിക്കണം. പ്രമേഹരോഗികള്‍ നിര്‍ബന്ധമായും വ്യായാമം ചെയ്യണം. ദിവസവും 30 മുതല്‍ 45 മിനിട്ടു വരെ നടക്കുന്നത്‌ ഇന്‍സുലിന്റെ പ്രവര്‍ത്തനം കൂട്ടാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും.

ക്രമമായ പരിശോധന പ്രമേഹചികിത്സയില്‍ ആവശ്യമാണ്‌. എത്രയും കൂടുതല്‍ തവണ പരിശോധിക്കാന്‍ സാധിക്കുന്നുവോ അത്രയും നല്ലത്‌. ശരീരഭാരം ചിട്ടയായി നിലനിര്‍ത്തണം. അമിതവണ്ണം ഏറെ അപകടം ക്ഷണിച്ചുവരുത്തും.

ശാസ്‌ത്രീയമായ ചികിത്സയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനും സങ്കീര്‍ണത ഒഴിവാക്കാനും സാധിക്കുമെന്നതിനാല്‍ രോഗത്തെ ശരിയായി ചികിത്സിക്കാന്‍ പ്രമേഹരോഗികള്‍ ശ്രദ്ധിക്കണം.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on