സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Thursday, September 08, 2011

ഓണാശംസകള്‍

ആമോധത്തിന്റെയും സമ്രിതിയുടെയും

ഐശ്വര്യത്തിന്റെയും വസന്തകാലം * ഓണം *

എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍







ഓണം' എന്നു കേട്ടാല്‍, മലയാളിയുടെ മനസ്സില്‍ ഒരായിരം വസന്തങ്ങള്‍ ഒന്നിച്ചു പൂവണിയുന്ന അനുഭവമാണുളവാകുന്നത്. ലോകത്തില്‍ എവിടെയാണെങ്കിലും പിറന്ന നാടും വീടും അച്ഛനും അമ്മയും സഹോദരങ്ങളും കളിക്കൂട്ടുകാരുമൊത്ത് ഓടിക്കളിച്ച വയലേലകളും പ്രകൃതിയും എല്ലാം മനസ്സില്‍ ഓടിയെത്തുന്ന അവസരമാണ് ഓണം. അത്രമാത്രം ഹൃദയബന്ധമുണ്ട് ഓണത്തിനും മലയാളിക്കും തമ്മില്‍.
പക്ഷെ, പോയകാലത്തിന്റെ മധുരസ്മരണകള്‍ അയവിറക്കുന്നതോടൊപ്പം ഓണം നമുക്കു പകര്‍ന്നു നല്‍കുന്ന അമൂല്യമായ ഗുണപാഠങ്ങള്‍കൂടി നാം ഉള്‍ക്കൊള്ളണം. അത് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കണം. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ കൂടാതെ, നിഷ്‌കാമഭക്തി, ദാനം, ത്യാഗം, ആത്മസമര്‍പ്പണം എന്നീ ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഓണം നമ്മെ ഓര്‍മപ്പെടുത്തുന്നു.
സര്‍വവ്യാപിയായ ഈശ്വരചൈതന്യം വാമനരൂപത്തില്‍ ഭൂമിയില്‍ അവതരിച്ച നാളാണു തിരുവോണം. ആ ദിവസം നാം മഹാബലിയെയും മഹാവിഷ്ണുവിനെയും നമ്മുടെ വീടുകളിലേക്കും മനസ്സുകളിലേക്കും സ്വാഗതം ചെയ്യുന്നു. അതായത്, ഈശ്വരനോടുള്ള ഭക്തിയെയും മനുഷ്യനോടുള്ള സ്‌നേഹത്തെയും നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നു എന്നര്‍ഥം. ഇവ രണ്ടും ജീവിതവിജയത്തിന് ആവശ്യമാണ്. തന്റെ വിജയവും പരാജയവും ഭൗതികമായ നേട്ടങ്ങളുമെല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ച് ആ ശുദ്ധചൈതന്യവുമായി ഒന്നായിത്തീര്‍ന്ന മാനവന്റെ കഥയാണു മഹാബലിയുടേത്.
ഭൗതികസമ്പത്തിന്റെയും അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും വലിപ്പച്ചെറുപ്പം അനുസരിച്ചാണ് ഓരോരുത്തരേയും മഹത്വമുള്ളവരെന്നും അല്ലാത്തവരെന്നും നമ്മള്‍ വിലയിരുത്തുന്നത്. അവ നഷ്ടമായാല്‍ മഹത്വവും നഷ്ടമാകും. അത് ഭൗതിക നിയമം. എന്നാല്‍ ആത്മീയതയില്‍ അങ്ങനെയല്ല. 'ഞാന്‍, എന്റെത്' എന്നുള്ള ഭാവങ്ങള്‍ ഇല്ലാതാകുമ്പോഴാണ് ഒരാള്‍ മഹത്വമുള്ളവനാകുന്നത്. അപ്പോഴാണ് മനുഷ്യന്‍ ഈശ്വരനാകുന്നത്. സര്‍വവ്യാപിയായ വിഷ്ണുചൈതന്യത്തില്‍ ആത്മസമര്‍പ്പണം ചെയ്തപ്പോള്‍, മഹാബലി 'ഞാന്‍, എന്റെത്' എന്നീ അതിര്‍വരമ്പുകള്‍ക്ക് അതീതനായി പരമപദം അണഞ്ഞു എന്നതാണ് തത്വം.
എല്ലാം സമര്‍പ്പിച്ച മഹാബലിയെ എന്തുകൊണ്ടാണ് വാമനന്‍ പാതാളത്തിലേക്കയച്ചത് എന്ന് ചോദിക്കുന്നവരുണ്ട്. മനസ്സാണ് മനുഷ്യന്റെ ലോകം സുന്ദരവും വികൃതവുമാക്കുന്നത്. ആത്മസമര്‍പ്പണത്തിലൂടെ ബലിയുടെ അഹങ്കാരം പരിപൂര്‍ണമായി നശിച്ചു; മനസ്സ് പരിശുദ്ധമായി. അത്തരം മനസ്സിന് നരകവും സ്വര്‍ഗവും തുല്യമാണ്. അവര്‍ ചെല്ലുന്നിടമെല്ലാം പൂങ്കാവനമാകും, അവിടെ സുഗന്ധവും സൗന്ദര്യവും നിറയും. അവരുടെ സംസര്‍ഗം മറ്റുള്ളവരുടെ മനസ്സിനെയും സ്വര്‍ഗതുല്യമാക്കും.

ഒരു പ്രത്യേക സ്ഥലവും ഒരു പ്രത്യേക ജനതയും നല്ലതോ ചീത്തയോ അല്ല. നല്ലതും ചീത്തയും എവിടെയുമുണ്ട്. എല്ലാം നമ്മുടെ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. മനഃശുദ്ധിയാണ് ജീവിതത്തെ ആഘോഷപൂര്‍ണമാക്കുന്നത്. അതില്ലാത്തവര്‍ക്ക് മറ്റ് എന്തൊക്കെയുണ്ടെങ്കിലും ഒരാഘോഷത്തിലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല. മനഃശുദ്ധി കൈവരുമ്പോള്‍ ഉള്ളില്‍ ഉടലെടുക്കുന്ന പ്രേമമാണ് ആഘോഷത്തിന്റെ ഉറവിടം.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on