സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Friday, July 29, 2011

'ആധാര്‍' ദ്രുതഗതിയില്‍-ആധാര്‍ എന്ത്? എന്തിന്?

മാര്‍ച്ചോടെ എല്ലാവര്‍ക്കും 'നമ്പര്‍'; 'ആധാര്‍' ദ്രുതഗതിയില്‍





ഇന്ത്യയിലെ ഓരോ പൗരനും ഓരോ സവിശേഷനമ്പര്‍ നല്‍കുക എന്ന ബൃഹത് പദ്ധതി, 'ആധാര്‍' കേരളത്തില്‍ രണ്ടാംഘട്ടത്തിലേക്ക്. മാര്‍ച്ചോടെ സംസ്ഥാനത്ത് എല്ലാവര്‍ക്കും നമ്പര്‍ നല്‍കാന്‍ കഴിയുംവിധമാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഇന്ത്യയിലെ 120 കോടി ജനങ്ങള്‍ക്കും ഓരോ തിരിച്ചറിയല്‍ നമ്പര്‍ കൊടുക്കുന്ന വന്‍ പദ്ധതിയാണ് ആധാര്‍. പന്ത്രണ്ടക്ക നമ്പറാണ് ഒരാള്‍ക്ക് നല്‍കുക. ഒരു നമ്പറിലൂടെ ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഈ പദ്ധതി നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയാണ്. സംസ്ഥാനത്ത് രണ്ട് തരത്തിലാണ് നമ്പര്‍ സമാഹരണം നടക്കുന്നത്. അക്ഷയ, കെല്‍ട്രോണ്‍, ഐ.ടി.അറ്റ് സ്‌കൂള്‍ എന്നീ സംസ്ഥാന ഏജന്‍സികള്‍ക്കും പോസ്റ്റല്‍ വകുപ്പ്, ബാങ്കുകള്‍, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്റ് ലിമിറ്റഡ് എന്നിവയ്ക്കുമാണ് നമ്പര്‍ സമാഹരണത്തിന്റെ ചുമതലയുള്ളത്. ഇതില്‍ പല ഏജന്‍സികളും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഒരു ലക്ഷത്തോളംപേര്‍ക്ക് നിലവില്‍ ആധാര്‍ നമ്പര്‍ നല്‍കിക്കഴിഞ്ഞു. പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ പദ്ധതി തുടങ്ങിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ഉടന്‍തന്നെ വിവരശേഖരണം നടക്കുമെന്ന് പദ്ധതിയുടെ മേല്‍നോട്ടച്ചുമതലയുള്ള ഐ.ടി.മിഷന്‍ അധികൃതര്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ ഇതിനുവേണ്ട അറിയിപ്പനുസരിച്ച് പ്രാദേശിക കേന്ദ്രങ്ങളില്‍ ജനങ്ങളെ വിളിച്ചുവരുത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വിവരം നല്‍കുന്ന ബി.പി.എല്‍. കുടുംബത്തിന് 150 രൂപ നല്‍കുന്നുണ്ട്.

ഒരു വ്യക്തിയുടെ പേര്, ജനനത്തിയ്യതി, മേല്‍വിലാസം എന്നിങ്ങനെയുള്ള എട്ട് അടിസ്ഥാന വിവരങ്ങളാണ് ആധാറിന്റെ കേന്ദ്ര ഡാറ്റാ ബാങ്കിലേക്ക് നല്‍കുന്നത്. ഇതുകൂടാതെ വിദ്യാഭ്യാസ യോഗ്യത, പാസ്‌പോര്‍ട്ട് നമ്പര്‍, ഗ്യാസ് കണക്ഷന്‍ നമ്പര്‍ എന്നിങ്ങനെ 15 അധിക വിവരങ്ങള്‍ കൂടി ഓരോരുത്തരില്‍ നിന്നും സംസ്ഥാനം ശേഖരിക്കുന്നുണ്ട്. ഓരോരുത്തരുടെയും പത്ത് ഫിംഗര്‍ പ്രിന്റുകള്‍, കൃഷ്ണമണിയുടെ പ്രതിബിംബം എന്നിവയും ശേഖരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഒന്നിലേറെപ്പേര്‍ക്ക് ഒരു ആധാര്‍ നമ്പര്‍ ഉണ്ടാകില്ല. ഒരാള്‍ക്ക് രണ്ട് ആധാര്‍ നമ്പറും ഉണ്ടാകില്ല.

ആധാര്‍ എന്ത്? എന്തിന്?


ഓരോ വ്യക്തിയെയും ഓരോ നമ്പറിലൂടെ തിരിച്ചറിയുകയാണ് ആധാര്‍ പദ്ധതിയുടെ ലക്ഷ്യം. ഈ പന്ത്രണ്ടക്ക നമ്പര്‍ ഇന്ത്യയില്‍ ഒരാള്‍ക്കേ ഉണ്ടാകൂ. അത് ഒരിക്കലും മാറ്റം ചെയ്യപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യില്ല. സര്‍ക്കാറിന്റെ സഹായം ആര്‍ക്കൊക്കെ നല്‍കണം എന്ന് ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയാനാണ് ഈ നമ്പര്‍ ആദ്യഘട്ടത്തില്‍ ഉപയോഗിക്കുക. നിലവില്‍ ഓരോ വ്യക്തിയില്‍ നിന്നും എട്ട് അടിസ്ഥാന വിവരങ്ങളാണ് ശേഖരിക്കുന്നത്. ക്രമേണ ബാങ്ക് അക്കൗണ്ട് നമ്പര്‍ മുതല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വരെ ഈ നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഡാറ്റാ ബാങ്കില്‍ ചേര്‍ക്കാം. ഭാവിയില്‍ ഒരാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആവശ്യമായ സമസ്ത രേഖകളെയും പ്രതിനിധാനം ചെയ്യുന്ന നമ്പരായി ആധാര്‍ മാറും. ആധാര്‍ പൂര്‍ണ നിലയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ വിരലടയാളം യന്ത്രത്തില്‍ കാണിച്ച് പണം കൈമാറ്റം ചെയ്യാന്‍ പോലുമാകും. ക്രമേണ സര്‍ക്കാറുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും നടത്തുന്ന ഏത് ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമാകും.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on