എല്ലാവര്ക്കും മേയ്ദിനാശംസകള്‍!
==================
അല്പം ചില മേയ്ദിന ചിന്തകള്‍
മേയ്
ഒന്ന്, ലോക തൊഴിലാളി ദിനം. 1886ല്‍ അമേരിക്കയിലെ ചിക്കാഗോ വ്യവസായ
നഗരത്തിലെ തെരുവീഥികളില്‍ മരിച്ചുവീണ നൂറുകണക്കിനു തൊഴിലാളികളുടെയും, ആ
സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കൊലമരത്തില്‍ ഏറേണ്ടിവന്ന
പാര്സന്സ്, സ്പൈസര്‍, ഫിഷര്‍, എംഗള്‍സ് തുടങ്ങിയ തൊഴിലാളി
നേതാക്കളുടെയും സ്മരണാര്‍ത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. ഫ്രെഡറിക്ക്
എംഗള്‍സിന്റെ നേതൃത്വത്തിലുള്ള രണ്ടാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലാണ് ഈ
ദിനം സാര്‍വ്വദേശീയ തൊഴിലാളി ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്.
ആദ്യകാലത്ത് റഷ്യയിലും ചൈനയിലുമാണ് ഈ ദിനം വളരെ സജീവമായി ആചരിച്ചുവന്നത്.
പിന്നീട് ലോകം മുഴുവന്‍ ഈ ദിനം ഏറ്റെടുക്കുകയായിരുന്നു. അമേരിക്ക,
ദക്ഷിണാഫ്രിക്ക, കാനഡ മുതലായ ചില രാജ്യങ്ങള്‍ മേയ്ദിനം ഇനിയും
അംഗീകരിച്ചിട്ടില്ല. അമേരിക്കയില്‍ ഈ ദിനം നിയമദിനമായാണ് ആചരിക്കുന്നത്.
ഇന്ത്യയില്‍ 1923ല്‍ മദ്രാസിലാണ് ആദ്യമായി മേയ്ദിനം ആചരിക്കുന്നത്.
ഇന്ത്യയില്‍ മേയ് 1 പൊതു അവധി ആയത് അതിനുശേഷമാണ്. 1957ല്‍ കമ്മ്യൂണിസ്റ്റ്
മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴാണ് കേരളത്തില്‍ മേയ്ദിനം പൊതു അവധി
ആകുന്നത്. മേയ്ദിനം അംഗീകരിച്ചിട്ടുള്ള മിക്ക രാജ്യങ്ങളിലും ഈ ദിനം പൊതു
അവധിയാണ്. വിപ്ലവഗാനങ്ങള്‍ പാടുവാനും വിപ്ലവനേതാക്കളെ ഓര്‍ക്കാനും
തൊഴിലാളിവര്‍ഗ്ഗ വിമോചനത്തിനുള്ള പോരാട്ടങ്ങള്‍ക്ക് ആവേശം പകരുവാനും
മേയ്ദിനം ഉപകരിക്കുന്നു. വെറുമൊരു ദിനാചരണമല്ല മേയ് ദിനം. അത്
തൊഴിലാളികളടക്കം അടിമസമാനമായ ജീവിതം നയിക്കുന്നവരുടെയും പലവിധ
ചൂഷണങ്ങള്‍ക്കിരയാകുന്നവരുടെയും അധ:സ്ഥിതരുടെയും
അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചന മന്ത്രമുരുവിടുന്ന ദിവസമാണ്. ഒപ്പം
ആധുനികകാലത്ത് ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക്
മേയ്ദിനം നല്കുന്ന സന്ദേശം ഉത്തേജനം നല്‍കും.